ADVERTISEMENT

ഈ രണ്ടാം സ്ഥാനം നമുക്കു കിരീടശോഭയുള്ളതാണ്. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ജേതാക്കളായില്ലെങ്കിലും കേരളം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. 42 തവണ കിരീടം നേടിയ മുംബൈ അടക്കമുള്ള അതികായർ വാഴുന്ന രഞ്ജിയിൽ കഴിഞ്ഞ 90 വർഷത്തിൽ ഒരിക്കൽ പോലും സെമിഫൈനലിന് അപ്പുറം കടക്കാൻ കഴിയാതെപോയ കേരളത്തിന് ഈ രണ്ടാംസ്ഥാനം പോലും അതുല്യനേട്ടം. മുൻപു രണ്ടുവട്ടം കിരീടം നേടിയവരും കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളുമായ വിദർഭയ്ക്കെതിരെ അവരുടെ സ്വന്തം മൈതാനത്താണു കേരളത്തിന്റെ യുവനിര ഫൈനൽ പോരാട്ടത്തിനിറങ്ങിയത്. എന്നിട്ടും തോൽക്കാൻ കൂട്ടാക്കാതെ അവരെ സമനിലയിൽ പിടിക്കാൻ കേരളത്തിനായി. ഒന്നാമിന്നിങ്സിൽ നേടിയ 37 റൺസിന്റെ ആനുകൂല്യമാണു വിദർഭയ്ക്കു കിരീടം സമ്മാനിച്ചത്. ടൂർണമെന്റിലൊരു മത്സരത്തിൽപോലും തോൽക്കാതെ തല ഉയർത്തിപ്പിടിച്ചുതന്നെയാണ് നാഗ്പുരിൽനിന്നു കേരള ‍ടീമിന്റെ മടക്കം. ദേശീയ ക്രിക്കറ്റ് ചാംപ്യൻഷിപ്പായ രഞ്ജിയിൽ 1951ൽ ആണു കേരളത്തിന്റെ (അന്ന് തിരു–കൊച്ചി) അരങ്ങേറ്റം. ആദ്യ രണ്ടു സീസണിലും തോൽവിയായിരുന്നു ഫലം. 1953ൽ നേടിയ ആദ്യവിജയത്തോടെ വരവറിയിക്കാനായെങ്കിലും ദേശീയ മികവിനൊപ്പം പിടിച്ചുനിൽക്കാൻ പലപ്പോഴുമായില്ല. 1995ൽ ആദ്യമായി പ്രീക്വാർട്ടറിലെത്തി. 1996ൽ സൂപ്പർലീഗിൽ കടന്നതും 2003ൽ സുനിൽ ഒയാസിസിന്റെ ക്യാപ്റ്റൻസിയിൽ കേരളം എലീറ്റ് ഗ്രൂപ്പിലെത്തിയതും വലിയനേട്ടമായി. 2007ൽ രഞ്ജിയിൽ ശ്രീകുമാർ നായരുടെ ട്രിപ്പിൾ സെഞ്ചറിയുടെ മികവിൽ 6ന് 566 റൺസ് എന്ന കൂറ്റൻ ടോട്ടൽ നേടിയതും ശ്രദ്ധേയമായിരുന്നു. 2017ലും 2019ലും രഞ്ജിയുടെ ക്വാർട്ടറിൽ കടന്നതും ടീമിനു നൽകിയ ഊർജം ചെറുതല്ല.

ഈ ഉത്തേജനമാണ് 2019ൽ ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്തുകയെന്ന നേട്ടം കൈവരിക്കാൻ വഴിയൊരുക്കിയത്. അപ്പോഴും സച്ചിൻ ബേബി തന്നെയായ‍ിരുന്നു കേരളത്തിന്റെ ക്യാപ്റ്റൻ. അന്നു വിദർഭയോട് ഇന്നിങ്സ് തോൽവി വഴങ്ങേണ്ടിവന്നു. ശ്രീലങ്കയെ ലോകകപ്പ് ജേതാക്കളാക്കിയ ഡേവ് വാട്മോർ എന്ന ഇതിഹാസ പരിശീലകനു കീഴിലാണു കേരളം അന്നു സെമി വരെയെത്തിയത്. വാട്മോറിനെപ്പോലെതന്നെ കർക്കശക്കാരനായ അമയ് ഖുറേസിയയ്ക്കു കീഴിൽ കേരളത്തിന്റെ യുവനിര എത്രമാത്രം മികവിലേക്കുയർന്നു എന്നതിനു സാക്ഷ്യമാണ് ഇത്തവണത്തെ രഞ്ജി ഫൈനൽ പ്രവേശം. സെമിഫൈനലിൽ ഒരു വിക്കറ്റ് ശേഷിക്കെ, കേരള സ്കോറിനൊപ്പമെത്താൻ 2 റൺസ് മാത്രം ആവശ്യമുള്ളപ്പോൾ ഗുജറാത്ത് താരത്തിന്റെ ബാറ്റിൽനിന്നുള്ള പന്ത് കേരളത്തിന്റെ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ക്യാച്ച് ആയതുപോലുള്ള നാടകീയമുഹൂർത്തങ്ങളും ഫൈനലിലേക്കു നമുക്കു വഴിയെ‍ാരുക്കി. ക്യാപ്റ്റൻ സച്ചിൻ ബേബിയും സംഘവും ഒരേമനസ്സോടെ, വിജയതൃഷ്ണയോടെ ഇറങ്ങിയപ്പോൾ ചരിത്രം കേരളത്തിന്റെ പേരെഴുതിച്ചേർക്കുകയും ചെയ്തു. മധ്യപ്രദേശിൽ നിന്നെത്തി വർഷങ്ങളായി കേരള ടീമിന്റെ നട്ടെല്ലായി തുടരുന്ന ജലജ് സക്സേനയും കഴിഞ്ഞ രഞ്ജിയിൽ വിദർഭയെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ആദിത്യ സർവതെയും ഇത്തവണ കേരളത്തിന്റെ കുതിപ്പിനു പിന്നിലെ കുതിരകളായി. യുവതാരങ്ങളായ ഏദൻ ആപ്പിൾ ടോം, അഹമ്മദ് ഇമ്രാൻ തുടങ്ങിയവരുടെ ഉദയത്തിനും ഈ സീസൺ സാക്ഷിയായി.

ഒരു മത്സരംപോലും തോൽക്കാതെ റണ്ണറപ് ട്രോഫിയുമായി തല ഉയർത്തിപ്പിടിച്ചു കേരള ടീം മടങ്ങിയെത്തുമ്പോൾ, ആദ്യവസാനം ടീമിനു വേണ്ടി നിലയുറപ്പിച്ച േകരള ക്രിക്കറ്റ് അസോസിയേഷനും അഭിനന്ദനം അർഹിക്കുന്നു. പ്രഫഷനൽ പരിശീലനമടക്കം ടീമിനു വേണ്ടതെല്ലാം ഒരുക്കിനൽകി എന്നതിൽ ഒതുങ്ങുന്നില്ല അസോസിയേഷന്റെ മികവ്. ഗുരുതര പുറംവേദന ബാധിച്ചു കരിയർതന്നെ പ്രതിസന്ധിയിലായപ്പോൾ ഏദൻ ആപ്പിൾ ടോമിനെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിച്ചു ശാസ്ത്രീയചികിത്സ ലഭ്യമാക്കിയത് അസോസിയേഷനാണ്. ഫൈനൽ മത്സരം കാണിക്കാൻ അണ്ടർ 14, 16 ടീമുകളിലെ കുട്ടിത്താരങ്ങളെ വിമാനമാർഗം നാഗ്പുരിലെത്തിച്ചതും എടുത്തുപറയണം. വൻ ടീമുകളെ മറികടന്നാണ് സമാനതകളില്ലാത്ത നമ്മുടെ ചരിത്രക്കുതിപ്പ്. കേരളത്തിലേക്കു രഞ്ജി ട്രോഫി കിരീടം എത്താൻ ഇനി വൈകില്ലെന്ന പ്രതീക്ഷയുടെ വിളംബരം കേൾക്കുകയാണു നാമിപ്പോൾ.

English Summary:

Kerala's Historic Ranji Trophy: Kerala's Ranji Trophy journey culminates in a historic second-place finish, a remarkable achievement for a team that hasn't reached the semi-finals in 90 years. This incredible run showcases the team's talent, dedication, and the strong support from the Kerala Cricket Association.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com