തമിഴ്നാട് മുൻ സ്പീക്കർ പാണ്ഡ്യൻ അന്തരിച്ചു

Mail This Article
ചെന്നൈ∙നിയമസഭാ സാമാജികരെ വിമർശിച്ചതിനു രണ്ടു പത്രാധിപൻമാരെ ജയിലിലടച്ചതുൾപ്പെടെ വിവാദ നടപടികളിലൂടെ വാർത്തകൾ സൃഷ്ടിച്ച തമിഴ്നാട് നിയമസഭാ മുൻ സ്പീക്കർ പോൾ ഹെക്ടർ പാണ്ഡ്യൻ (പി.എച്ച്.പാണ്ഡ്യൻ- 74) അന്തരിച്ചു.
ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ഒന്നര മാസമായി ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്നു വൈകിട്ട് 3നു ചെന്നൈ കിൽപോക് സെമിത്തേരിയിൽ.
ക്രിമിനൽ അഭിഭാഷകനായിരുന്ന പാണ്ഡ്യൻ എംജിആറിനോടുള്ള ആരാധന കാരണമാണ് അണ്ണാഡിഎംകെയിൽ ചേർന്നത്. 1985 മുതൽ 89 വരെ സ്പീക്കറായിരുന്നു.
1985-ൽ സ്പീക്കറായിരിക്കെ സാമാജികരെ വിമർശിച്ചതിന് അവകാശലംഘനം ചുമത്തി പ്രാദേശിക മാസികയുടെ പത്രാധിപരെ രണ്ടാഴ്ച തടവിനു ശിക്ഷിച്ചു.
പിന്നീട് പ്രമുഖ തമിഴ് വാരിക ആനന്ദവികടൻ പത്രാധിപരെയും അവകാശലംഘനത്തിന്റെ പേരിൽ ജയിൽ ശിക്ഷയ്ക്കു വിധിച്ചിരുന്നു.
എംജിആറിന്റെ മരണ ശേഷം ജാനകി രാമചന്ദ്രൻ മന്ത്രിസഭയ്ക്കു വിശ്വാസവോട്ടു നേടാൻ ജയലളിത പക്ഷത്തെ 33 എംഎൽഎമാരെയും പിന്നീടു ഭരണഘടന കത്തിച്ചതിനു 10 ഡിഎംകെ എംഎൽഎമാരെയും അയോഗ്യരാക്കി ദേശീയശ്രദ്ധ നേടിയിരുന്നു.
ജയലളിതയുടെ മരണശേഷം വി.കെ.ശശികല അണ്ണാഡിഎംകെ നേതൃത്വം ഏറ്റെടുക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ ശബ്ദമുയർത്തിയും ജയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചും പാണ്ഡ്യൻ രംഗത്തുവന്നു.
തിരുനൽവേലി മനോമണിയം സുന്ദരനാർ സർവകലാശാല മുൻ വൈസ് ചാൻസലറായിരുന്ന പരേതയായ സിന്ധ്യയാണു ഭാര്യ. മുൻ എംപിയും അണ്ണാഡിഎംകെ സംഘടനാ സെക്രട്ടറിയുമായ മനോജ്, അരവിന്ദ് , നവീൻ, വിനോദ്, ദേവമണി എന്നിവർ മക്കൾ.