വാക്സീൻ സർട്ടിഫിക്കറ്റിൽ മോദി ചിത്രം വേണ്ട: തിരഞ്ഞെടുപ്പു കമ്മിഷൻ
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു.
മോദിയുടെ ചിത്രമെന്ന് എടുത്തു പറഞ്ഞിട്ടില്ലെങ്കിലും പ്രചാരണത്തിനു പൊതുപണം ഉപയോഗിക്കുന്നതു സംബന്ധിച്ച ചട്ടങ്ങൾ ചൂണ്ടിക്കാണിച്ചു തിരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശം നൽകി. തിരഞ്ഞെടുപ്പു നടക്കാത്തയിടങ്ങളിൽ ഇതു തുടരുന്നതിനു കുഴപ്പമില്ലെന്നും വ്യക്തമാക്കി.
കോവിഡ് വാക്സീൻ എടുക്കുന്നവർക്കു നൽകുന്ന സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ചു തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയൻ തിരഞ്ഞെടുപ്പു കമ്മിഷനു കത്തയച്ചിരുന്നു. ഇതു ചട്ടലംഘനമാണെന്നു കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ചൂണ്ടിക്കാട്ടി.