ADVERTISEMENT

ന്യൂഡൽഹി ∙ ഹിന്ദി ഭാഷാ മേഖലയിൽ നിന്നുള്ളവരുടെ വോട്ടുകൾ ഏകീകരിക്കാൻ സംഘപരിവാർ നടത്തിയ ശ്രമം വിജയം കണ്ടെന്നു വ്യക്തമാക്കുന്നതാണു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള സി.രാധാകൃഷ്ണന്റെ തോൽവി. ഇതോടെ, സുപ്രധാന പദവിയിൽ ദക്ഷിണേന്ത്യൻ സാന്നിധ്യം ഇല്ലാതായി. 

2018 മുതൽ പ്രസിഡന്റായിരുന്ന ചന്ദ്രശേഖര കമ്പാറിനു പകരം വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് പുതിയ പ്രസിഡന്റാകുമെന്നായിരുന്നു നേരത്തേയുള്ള ധാരണ. മത്സരമില്ലാതെ പുതിയ ഭരണസമിതിക്കു പാനലും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് സി.രാധാകൃഷ്ണൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിക്കപ്പെട്ടത്. എന്നാൽ, പത്രികാ സമർപ്പണത്തിന്റെ അവസാന നിമിഷം സംഘപരിവാർ അനുകൂല പാനൽ രംഗത്തു വന്നതോടെ കാര്യങ്ങൾ മാറി. 

നിർവാഹക സമിതിയംഗം കെ.പി.രാമനുണ്ണിയാണു സി.രാധാകൃഷ്ണന്റെ പേര് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിച്ചത്. കശ്മീരിൽ നിന്നുള്ള അംഗം പിന്തുണച്ചു. രാമനുണ്ണിക്കു പുറമേ വിജയലക്ഷ്മി, മഹാദേവൻ തമ്പി എന്നിവരും കഴിഞ്ഞദിവസങ്ങളിൽ രാധാകൃഷ്ണനു വേണ്ടി വോട്ടഭ്യർഥിച്ചു രംഗത്തുണ്ടായിരുന്നു. 

അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക്  (ചിത്രം: The Tribune)
അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാധവ് കൗശിക് (ചിത്രം: The Tribune)

മത്സരം ഉണ്ടാകില്ലെന്നു പറഞ്ഞതുകൊണ്ടു കൂടിയാണു സ്ഥാനാർഥിയായതെന്നും ഇതു ജീവിതത്തിലെ ആദ്യ തിരഞ്ഞെടുപ്പു മത്സരമായിരുന്നു എന്നും സി.രാധാകൃഷ്ണൻ പ്രതികരിച്ചു. ‘‘ഭാഷയുടെയോ ദേശത്തിന്റെയോ കാർഡുകളില്ലാതെയാണു ഞാൻ സ്ഥാനാർഥിയായത്. എന്നാൽ, മറുഭാഗത്ത് അക്കാദമി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചയാൾ ബിജെപിയുടെയും ഹിന്ദി ഭാഷയുടെയും പ്രാതിനിധ്യം ഉറപ്പിക്കാൻ ഉപാധ്യക്ഷസ്ഥാനത്തേക്ക് ഒരാളെ മത്സരിപ്പിച്ചു. അവർ വടക്കേ ഇന്ത്യൻ, ഹിന്ദി ഭാഷാ കാർഡുകളിറക്കി’’– അദ്ദേഹം പറഞ്ഞു. 

ഇന്ന് രാധാകൃഷ്ണൻ, അന്ന് എംടി

കേന്ദ്ര സാഹിത്യ അക്കാദമിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മലയാളം തോൽവിയറിയുന്നത് ആദ്യമല്ല. 15 വർഷം മുൻപ്, 2008 ൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ തോറ്റത് എം.ടി.വാസുദേവൻ നായരായിരുന്നു. തോൽപ്പിച്ചതാകട്ടെ എംടിയുടെ സുഹൃത്തും ബംഗാളി സാഹിത്യകാരനുമായ സുനിൽ ഗംഗോപാധ്യായ. 5 വോട്ടായിരുന്നു ഭൂരിപക്ഷം. 

English Summary: Kendra Sahitya Akademi Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com