കാശു വച്ചുള്ള കളിക്ക് ഇന്നു മുതൽ ജിഎസ്ടി 28%
Mail This Article
ന്യൂഡൽഹി ∙ പണം ഉൾപ്പെട്ട ഓൺലൈൻ െഗയിമിങ്, കസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഇന്നു മുതൽ 28% ജിഎസ്ടി ബാധകമാവും. ഇതുവരെ 18% ആയിരുന്നു നികുതി. കമ്പനികളാണ് നികുതി ഈടാക്കുന്നതും സർക്കാരിലേക്ക് അടയ്ക്കുന്നതും.
നികുതി വർധിപ്പിക്കാനുള്ള നിയമഭേദഗതി പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. കർണാടക അടക്കം പല സംസ്ഥാനങ്ങളും സംസ്ഥാന ജിഎസ്ടി നിയമവും ഭേദഗതി ചെയ്ത് ഓർഡിനൻസ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങൾ ഇതു പുറപ്പെടുവിക്കാത്തതുകൊണ്ട് ആശയക്കുഴപ്പമുണ്ടാകുമെന്നാണു ഗെയിമിങ് കമ്പനികളുടെ വാദം.
കേരളവും വൈകാതെ ഓർഡിനൻസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഓൺലൈൻ ഗെയിമിങ് കമ്പനികളൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല. നിയമഭേദഗതിയനുസരിച്ച് വിദേശ ഗെയിമിങ് കമ്പനികളും ഇന്ത്യയിൽ ജിഎസ്ടി റജിസ്ട്രേഷൻ എടുക്കണം.
English Summary: GST 28% from today on cash games