കർദിനാൾ ടെലസ്ഫോർ ടോപ്പോ: നല്ലതുമാത്രം കണ്ട് നന്മയുടെ വഴിയേ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ മതസ്വാതന്ത്ര്യം ഭീഷണിയിലാണോയെന്ന് ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, കാര്യങ്ങളുടെ നല്ല വശം കാണൂ എന്നാണ് കർദിനാൾ ടെലസ്ഫോർ ടോപ്പോ പറഞ്ഞത്; ക്രൈസ്തവർ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൂടുതൽ മതസ്വാതന്ത്ര്യമുണ്ടെന്നും. തുടർന്ന് അദ്ദേഹം, ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചു വിശദീകരിച്ചു.
പ്രതിസന്ധികൾ നിറഞ്ഞ വഴികളാണ് കർദിനാൾ ടോപ്പോയെ നല്ല വശങ്ങൾ കണ്ടു വളരാൻ പഠിപ്പിച്ചത്. ജാർഗാവ് എന്ന കൊച്ചു ഗ്രാമത്തിൽ ദരിദ്ര കർഷകകുടുംബത്തിലായിരുന്നു ജനനം. ജാർഗാവിൽതന്നെ പ്രൈമറി വിദ്യാഭ്യാസം. അപ്പർ പ്രൈമറിക്കായി നാലു കിലോമീറ്റർ ദൂരമുള്ള ബാർവെനഗർ ഗ്രാമത്തിലേക്ക് ദിവസവും നടന്നു.
മതസ്വാതന്ത്ര്യത്തെക്കാളൊക്കെ വലിയ പ്രശ്നങ്ങളാണ് ഇന്ത്യ പൊതുവിൽ നേരിടുന്നതെന്ന് കർദിനാൾ ടോപ്പോ പറഞ്ഞിരുന്നു: പലയിടത്തും സ്ത്രീകളും കുഞ്ഞുങ്ങളും അരക്ഷിതരാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അസമത്വവും വർധിക്കുന്നു. സമൂഹത്തെ നശിപ്പിക്കുംവിധം ആർത്തിയും അഴിമതിയും വ്യാപിച്ചിരിക്കുന്നു. ജീവിതത്തിന്റെ ആദ്യപാഠങ്ങൾ പകരുന്ന കുടുംബമെന്ന സ്ഥാപനം ലോകമാകെ ഭീഷണി നേരിടുകയാണെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.
പങ്കുവയ്ക്കലിന്റെയും സഹിഷ്ണുതയുടെയും മനോഭാവം വളർത്താൻ എല്ലാവരും താൽപര്യപ്പെടുകയെന്നതാണ് പ്രശ്നങ്ങൾക്ക് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന പരിഹാരം.
ജാർഗാവ് സന്ദർശിച്ചിരുന്ന ബെൽജിയൻ ജസ്വിറ്റ് വൈദികരാണ് പ്രേഷിതവേല സ്വീകരിക്കാൻ ടോപ്പോയ്ക്ക് പ്രചോദനമായത്. ബെൽജിയത്തിൽ നിന്ന് അവർക്ക് തന്റെ ഗ്രാമം വരെ എത്താമെങ്കിൽ എന്തുകൊണ്ട് തനിക്കും അവരുടെ മാതൃക പിന്തുടർന്നുകൂടെന്ന് ടോപ്പോ ചിന്തിച്ചു. സ്വീകരിക്കേണ്ട വഴിയെക്കുറിച്ചുണ്ടായിരുന്ന ഉത്തമബോധ്യം ഗോത്രവിഭാഗത്തിൽ നിന്ന് കർദിനാൾ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ എന്ന സവിശേഷത നിയോഗത്തിനും അർഹനാക്കി.
English Summary : Cardinal Telesphore Placidus Toppo