ആശുപത്രികളുടെ ചികിത്സാനിരക്ക് ഏകീകരിക്കുന്നത് എങ്ങനെ?: സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ ശസ്ത്രക്രിയകളടക്കം ചികിത്സയ്ക്ക് വിവിധ ആശുപത്രികൾ ഈടാക്കുന്ന നിരക്ക് ഏകീകരിക്കുന്നത് അപ്രായോഗികമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. കേന്ദ്രസർക്കാരിന് എങ്ങനെയാണ് ആശുപത്രികൾക്കെല്ലാം ഒരേ നിരക്ക് നിശ്ചയിക്കാൻ കഴിയുകയെന്നും വിപണി അതിൽ ഘടകമാകില്ലേയെന്നും ജഡ്ജിമാരായ ബി.ആർ.ഗവായ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ചോദിച്ചു.
സർക്കാരിന്റെ നിരക്ക് ഏകീകരണ നീക്കത്തിനെതിരായ ഹർജി വിശദമായി പരിശോധിക്കുമെന്നു വ്യക്തമാക്കിയ ബെഞ്ച് ആരോഗ്യമന്ത്രാലയത്തിന് നോട്ടിസയച്ചു. ഒരു ഡോക്ടർ 100 രൂപ വാങ്ങുമ്പോൾ മറ്റൊരാൾ 1000 രൂപയായിരിക്കും ഫീസ് ഈടാക്കുക. അങ്ങനെ വരുമ്പോൾ നിരക്ക് ഏകീകരിക്കുന്നത് എങ്ങനെയാണ്? അങ്ങനെ ചെയ്യുന്നത് രഹസ്യ ഇടപാടുകൾക്ക് വഴിവയ്ക്കുമെന്നും കോടതി നിരീക്ഷിച്ചു. ഏകീകരണ നീക്കത്തെ എതിർത്ത് ഡോക്ടർമാരുടെയും ആശുപത്രികളുടെയും അസോസിയേഷനുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സർക്കാർ ആശുപത്രികളിൽ 10,000 രൂപയ്ക്കു താഴെ ചെലവുള്ള തിമിര ശസ്ത്രക്രിയയ്ക്കു സ്വകാര്യ ആശുപത്രികൾ 30,000 മുതൽ 1,40,000 രൂപ വരെ ഈടാക്കുന്നുവെന്ന് കാട്ടി നേരത്തേ സുപ്രീം കോടതിയിൽ ഹർജിയുണ്ട്. പല രീതിയിൽ ഫീസ് ഈടാക്കുന്നതിനെ ഈ ഹർജി പരിഗണിക്കവേ കോടതി വിമർശിച്ചിരുന്നു. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു പരിഹാരമാർഗം തയാറാക്കാനും നിർദേശിച്ചു. പിന്നാലെ ആരോഗ്യമന്ത്രാലയം നടപടി എടുക്കുന്നതിനിടെയാണ് അസോസിയേഷനുകൾ കോടതിയെ സമീപിച്ചത്.
ആശുപത്രികൾക്കും ക്ലിനിക്കുകൾക്കുമായി 2012 ൽ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിലെ 9–ാം വകുപ്പു പ്രകാരം, സംസ്ഥാനങ്ങളുമായി ചർച്ച ചെയ്തു കേന്ദ്ര സർക്കാർ നിശ്ചയിച്ച പരിധിയിൽ നിന്നു വേണം ആശുപത്രികൾ ഫീസ് ഈടാക്കാൻ. ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ നിരക്ക് ഏകീകരണത്തിനാണ് സർക്കാരിന്റെ ശ്രമം. എന്നാൽ, 9–ാം വകുപ്പിന്റെ സാധുത തന്നെ ചോദ്യം ചെയ്യുന്നതാണ് ആശുപത്രി ഉടമകളുടെ ഹർജി.