‘മാർഗരീറ്റ’ ജന്മദേശം; കൗതുകമുണർത്തി കേന്ദ്ര സഹമന്ത്രി പബിത്ര മാർഗരീറ്റ

Mail This Article
ന്യൂഡൽഹി ∙ വിദേശകാര്യ, ടെക്സ്റ്റൈൽസ് സഹമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അസമിലെ ബിജെപി നേതാവായ പബിത്ര മാർഗരീറ്റയുടെ പേരിന് ഒരു ദേശത്തിന്റെ കഥ കൂടി പറയാനുണ്ട്. സത്യപ്രതിജ്ഞാച്ചടങ്ങിൽ ഈ പേര് കേട്ട് വനിതയാണെന്നു തെറ്റിദ്ധരിച്ചവർ പോലുമുണ്ട്.
അസമിലെ തീൻസൂക്യ ജില്ലയിലെ ഒരു പട്ടണമാണ് മാർഗരീറ്റ. അവിടെ ജനിച്ചുവളർന്ന പബിത്ര പേരിനോടൊപ്പം നാടിന്റെ പേര് കൂടി ചേർത്തു. മാർഗരീറ്റ പട്ടണത്തിന്റെ ആദ്യ പേര് മാ–കും എന്നായിരുന്നു. 1880 കളിൽ ഇവിടെ പാലം നിർമിക്കാനായി എത്തിയ ഇറ്റാലിയൻ എൻജിനീയർ റോബർട്ടോ പഗാനിനിയുടെ വരവോടെയാണ് മാർഗരീറ്റ എന്ന പേര് ഈ നാടിന് സ്വന്തമാകുന്നത്. ഇറ്റലിയിലെ മാർഗരീറ്റ രാജ്ഞിയോടുള്ള ആദരസൂചകമായിട്ടായിരുന്നു ഈ നാമകരണം.
രാജ്യസഭാംഗമായ പബിത്ര 2014ലാണ് ബിജെപിയിൽ ചേർന്നത്. ബിജെപി വക്താവായിരുന്നു. അസമീസ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.