സമൂഹ മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം: നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് കേന്ദ്രസർക്കാർ
Mail This Article
ന്യൂഡൽഹി ∙ സമൂഹമാധ്യമങ്ങളിലെയും ഒടിടി പ്ലാറ്റ്ഫോമുകളിലെയും അശ്ലീല ഉള്ളടക്കം നിയന്ത്രിക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഇന്ത്യൻ സംസ്കാരത്തിനു വിരുദ്ധമായ കാര്യങ്ങളെ അശ്ലീലതയുടെ നിർവചനത്തിൽ ഉൾപ്പെടുത്താനാണു നീക്കം. നിലവിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളാണ് അശ്ലീലമായി പരിഗണിക്കുന്നത്.
കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം ലോക്സഭയിൽ അറിയിച്ചത്. സ്വന്തമായി എഡിറ്റോറിയൽ പരിശോധനാ സംവിധാനം ഇല്ലാത്ത ദാതാക്കളുടെ ഉള്ളടക്കം നിയന്ത്രിക്കുന്നതിനായി സെൻസർഷിപ്, എഡിറ്റോറിയൽ ചെക്ക് തുടങ്ങിയ പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്ന് അരുൺ ഗോവിലിന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു.
അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിനു കഴിഞ്ഞ മാർച്ചിൽ ഒടിടി ആപ്പുകളും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.