ആരാധനാലയ നിയമം: സാധുത പരിശോധിക്കാൻ പ്രത്യേക ബെഞ്ച്
Mail This Article
ന്യൂഡൽഹി ∙ ആരാധനാലയ നിയമത്തിന്റെ (1991) ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി പ്രത്യേക ബെഞ്ചിനു രൂപം നൽകി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ, ജഡ്ജിമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥ് എന്നിവർ അംഗമാണ്. 12ന് വൈകിട്ട് 3.30നു ഹർജികൾ പ്രത്യേക ബെഞ്ച് പരിഗണിക്കും.
ആരാധനാലയങ്ങളുടെ കാര്യത്തിൽ 1947 ഓഗസ്റ്റ് 15നുള്ള സ്ഥിതി തന്നെ തുടരണം എന്നതുൾപ്പെടെ നിയമത്തിലെ വ്യവസ്ഥകളാണു ഹർജികളിൽ ചോദ്യം ചെയ്യുന്നത്. ഇതിലെ വ്യവസ്ഥകൾ നിയമവിരുദ്ധവും മതാചാരത്തിനുള്ള മൗലികാവകാശത്തിന് എതിരുമാണെന്നാണ് ഹർജിക്കാരുടെ വാദം.
2020–ലാണ് ഇതുസംബന്ധിച്ച ആദ്യ ഹർജി ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയത്. 2021–ൽ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. തുടർന്നാണ് കൂടുതൽ ഹർജികളെത്തിയത്.
ഹർജികളെ എതിർത്ത് മസ്ജിദ് കമ്മിറ്റി ഉൾപ്പെടെ ഹർജികൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികളിൽ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി നിർദേശിച്ചിരുന്നെങ്കിലും ഇതുവരെയും ചെയ്തിട്ടില്ല. കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ പലപ്പോഴും സമയം നീട്ടി ചോദിക്കുകയായിരുന്നു.