മൻമോഹൻ സിങ് യമുനയിൽ അലിഞ്ഞു
Mail This Article
ന്യൂഡൽഹി ∙ അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ചിതാഭസ്മം യമുനാ നദിയിൽ നിമജ്ജനം ചെയ്തു. മജ്നു കാ ടില ഗുരുദ്വാരയ്ക്കു സമീപത്തെ യമുനാനദിയുടെ ഭാഗത്താണു സിഖ് ആചാരപ്രകാരം കുടുംബാംഗങ്ങൾ ചിതാഭസ്മം ഒഴുക്കിയത്.
26ന് അന്തരിച്ച മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങൾ കഴിഞ്ഞ ദിവസം യമുനാതീരത്തെ നിഗംബോധ്ഘാട്ടിലാണു നടന്നത്. ഭാര്യ ഗുർശരൺ കൗർ, മക്കളായ ഉപീന്ദർ സിങ്, ധമൻ സിങ്, അമൃത് സിങ് എന്നിവരും മറ്റു കുടുംബാംഗങ്ങളും ഇന്നലെ ഇവിടെയെത്തി ചിതാഭസ്മം ഏറ്റുവാങ്ങിയ ശേഷം മജ്നു കാ ടിലയിൽ നിമജ്ജനം ചെയ്യുകയായിരുന്നു. മരണാന്തര പ്രാർഥനാകർമങ്ങൾ ജനുവരി 1നു മോത്തിലാൽ നെഹ്റു മാർഗിലെ വസതിയിൽ നടക്കും. 3ന് പാർലമെന്റ് പരിസരത്തെ റക്കാബ്ഗഞ്ച് ഗുരുദ്വാരയിലും പ്രത്യേക പ്രാർഥനയുണ്ട്.
ഇതേസമയം മൻമോഹൻ സിങ്ങിന്റെ സ്മാരകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ തുടരുകയാണ്. ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ലെന്ന വിമർശനവുമായി ബിജെപി നേതാവ് മഞ്ജീന്ദർ സിങ് സിർസ രംഗത്തെത്തി. ‘ഗാന്ധികുടുംബത്തിൽനിന്ന് ആരും ചടങ്ങിൽ പങ്കെടുത്തില്ല. ക്യാമറയും വിഡിയോയും ഇല്ലാത്തതാകാം കാരണം’ – അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കോൺഗ്രസ്, മൻമോഹൻ സിങ് രാജ്യത്തിനു നൽകിയ സേവനം എപ്പോഴും ഓർമിക്കുമെന്നു കുറിച്ചു.
മൻമോഹൻ സിങ് ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ആദരിക്കുന്നതിൽ പരാജയപ്പെട്ട പാർട്ടിയാണ് ഇപ്പോൾ രാഷ്ട്രീയ നേട്ടങ്ങൾക്കായി അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ചൂഷണം ചെയ്യുന്നതെന്നു ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സംസ്‌കാരച്ചടങ്ങുകൾ രാഷ്‌ട്രീയവത്കരിക്കാൻ ശ്രമിക്കുന്നതിലൂടെ കോൺഗ്രസിന്റെ കാപട്യമാണു വെളിപ്പെട്ടിരിക്കുന്നതെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി. സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപിയായ മുൻപ്രധാനമന്ത്രി പി.വി.നരസിംഹ റാവുവിനുള്ള സ്മാരകവും എഐസിസി ആസ്ഥാനത്തെ പൊതുദർശനവും കോൺഗ്രസ് നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എഐസിസി ഓഫിസിലെ പൊതുദർശനം പേരിനു മാത്രമാക്കിയവർ ഇപ്പോൾ സ്മാരകത്തിന്റെ പേരിൽ രാഷ്ട്രീയം കളിക്കുന്നുവെന്നു മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്കാരം സംബന്ധിച്ച് കേന്ദ്രസർക്കാർ മൻമോഹൻ സിങ്ങിന്റെ കുടുംബാംഗങ്ങളുമായോ കോൺഗ്രസുമായോ ചർച്ച നടത്തിയില്ലെന്നും താനും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിട്ടും ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.
സ്മാരകം നിർമിക്കാൻ സ്ഥലം കണ്ടെത്തി നൽകാത്തതിനു പിന്നിൽ കേന്ദ്രസർക്കാരിന്റെ ഗൂഢ അജൻഡയാണ്. സംസ്കാരം നടത്തിയ സ്ഥലത്തുതന്നെ സ്മാരകം നിർമിക്കുന്നതാണു രീതി. സിഖ് സമുദായത്തിൽനിന്ന് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയ നേതാവിനോടു സർക്കാർ അനാദരം കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.