ബിംസ്റ്റെക് സമ്മേളനം: പ്രധാനമന്ത്രി മോദി 3ന് ബാങ്കോക്കിലെത്തും

Mail This Article
ന്യൂഡൽഹി ∙ ബിംസ്റ്റെക് രാജ്യങ്ങൾ തമ്മിലുള്ള കടൽ സഞ്ചാരം ഊർജിതപ്പെടുത്താനുള്ള ധാരണാപത്രം അടുത്തയാഴ്ച നടക്കുന്ന സമ്മേളനത്തിൽ ഒപ്പിടും. ഇന്ത്യ, ബംഗ്ലദേശ്, മ്യാൻമർ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, തായ്‌ലൻഡ് എന്നീ 7 രാജ്യങ്ങളുടെ സാങ്കേതിക, സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബിംസ്റ്റെക്കിന്റെ സമ്മേളനം ഏപ്രിൽ 3, 4 തീയതികളിൽ തായ‌്‌ലൻഡിലെ ബാങ്കോക്കിലാണു നടക്കുന്നത്. സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ചും ചർച്ചയുണ്ടാകും.
ബിംസ്റ്റെക് സമ്മേളനത്തിൽ പങ്കെടുക്കാൻ 3നു ബാങ്കോക്കിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തായ‌്‌ലൻഡ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. തുടർന്നു ശ്രീലങ്കയ്ക്കു പോകുന്ന അദ്ദേഹം പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തും. കൊളംബോയും അനുരാധപുരയും സന്ദർശിക്കും. അനുരാധപുരയിൽ ഇന്ത്യയുടെ സഹായത്തോടെ പൂർത്തിയാക്കിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യും.
മുഹമ്മദ് യൂനുസുമായി ചർച്ചയില്ല
ബംഗ്ലദേശ് ഇടക്കാല സർക്കാരിനു നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസുമായി ബിംസ്റ്റെക് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തില്ല. ഉഭയകക്ഷി ചർച്ചയ്ക്ക് ബംഗ്ലദേശ് സമയം തേടിയിരുന്നെങ്കിലും ഇന്ത്യയിൽ നിന്ന് അനുകൂല പ്രതികരണമുണ്ടായില്ല.