സർക്കാർ വാർത്തകൾ ‘തെറ്റിച്ചാൽ’ ഇടപെടാൻ മഹാരാഷ്ട്ര സർക്കാർ

Mail This Article
മുംബൈ∙ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകളിൽ തെറ്റായതും തെറ്റിദ്ധാരണ പരത്തുന്നതുമായവ കണ്ടെത്താനും നിലപാട് വിശദീകരിക്കാനുമുള്ള നടപടികൾക്ക് മഹാരാഷ്ട്രയിലെ എൻഡിഎ സർക്കാർ തുടക്കമിട്ടു. വാർത്തകളുടെ നിരീക്ഷണത്തിനായി 10 കോടി ചെലവിൽ മീഡിയ മോണിറ്ററിങ് സെന്റർ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ വിജ്ഞാപനം.
തെറ്റായ പ്രചാരണം തടയുകയും സർക്കാരിന്റെ പ്രതിച്ഛായ മോശമാകാതെ നോക്കുകയുമാണു ലക്ഷ്യമെന്നു വിജ്ഞാപനത്തിൽ പറയുന്നു. വിവിധ വകുപ്പ് മേധാവികൾ മീഡിയ മോണിറ്ററിങ് സെന്ററുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കണമെന്നതിന്റെ മാർഗനിർദേശങ്ങളുമുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നിർദേശപ്രകാരമാണു നടപടി.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേധാവിയാണ് വിവിധ മാധ്യമ വാർത്തകളിൽ വിശദീകരണം നൽകേണ്ടവ സമാഹരിച്ച് സർക്കാർ വകുപ്പുകൾക്ക് കൈമാറേണ്ടത്.
സർക്കാർ വാർത്തകളിൽ വസ്തുതാപരമായ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ മാധ്യമസ്ഥാപനത്തിന് വസ്തുതകൾ വിശദീകരിച്ച് വകുപ്പുമേധാവികൾ കത്തെഴുതും. സർക്കാരിന്റെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും വിശദീകരിക്കും. ജോയിന്റ് സെക്രട്ടറി, ഡപ്യൂട്ടി സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതലയെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.