പണം അടച്ചു തീർത്തിട്ടും പ്രീതയ്ക്ക് വീട് കിട്ടിയില്ല; താമസം പാതയോരത്തെ കൂരയില്‍

Mail This Article
കൊച്ചി ∙ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു ബാങ്കിൽ പണമടച്ചിട്ടും വീടു തിരികെ കിട്ടിയില്ലെന്നു കാണിച്ച് പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിയുടെ ഭർത്താവ് എം.വി. ഷാജി ഹൈക്കോടതിയെ സമീപിച്ചു. ആധാരം ഡെറ്റ് റിക്കവറി ട്രൈബ്യൂണലിൽ ആയതിനാൽ തിരിച്ചെടുക്കാൻ സമയമെടുക്കുമെന്നാണു ബാങ്ക് അധികൃതർ പറയുന്നത്. വീടിന്റെ താക്കോൽ മുൻഉത്തരവനുസരിച്ചു ഹൈക്കോടതി റജിസ്ട്രാറുടെ പക്കലാണ്. പാതയോരത്തെ കൂരയിലാണു താമസിക്കുന്നതെന്നും വീട് തിരിച്ചുകിട്ടുന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നും കാണിച്ചാണു കോടതിയെ സമീപിച്ചിരിക്കുന്നത്.
സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്കു ജാമ്യം നിന്നതിനെ തുടർന്നാണു ഹർജിക്കാരന്റെ കിടപ്പാടം നഷ്ടപ്പെട്ടത്. ആദായനികുതി ചട്ടപ്രകാരം റിക്കവറി സർട്ടിഫിക്കറ്റ് പുറപ്പെടുവിച്ച് മൂന്നു വർഷത്തിനകം വിൽപന നടത്തണമെന്നിരിക്കെ, എച്ച്ഡിഎഫ്സി ബാങ്ക് 8 വർഷം കഴിഞ്ഞു നടത്തിയ വിൽപന നിയമവിരുദ്ധമാണെന്നു കണ്ട് കോടതി അസാധുവാക്കിയിരുന്നു. മാർച്ച് 15നകം 43.51 ലക്ഷം രൂപ ബാങ്കിലടച്ചാൽ ഭൂമി വീണ്ടെടുക്കാമെന്നും ഈടുവസ്തു ലേലത്തിൽ വാങ്ങിയ എം.എൻ. രതീഷിനു 1.89 ലക്ഷം രൂപ നൽകണമെന്നും നിർദേശിച്ചിരുന്നു.
കോടതി നിർദേശപ്രകാരം 43.51 ലക്ഷം രൂപയുടെ ഡിഡി എച്ച്ഡിഎഫ്സി ബാങ്കിനു നൽകിയെന്ന് എം.വി. ഷാജിയുടെ അപേക്ഷയിൽ പറയുന്നു. എം.എൻ. രതീഷിനു നൽകാനുള്ള 1.89 ലക്ഷം രൂപയുടെ ഡിഡി നൽകാൻ ശ്രമിച്ചെങ്കിലും അഭിഭാഷകൻ കൈപ്പറ്റിയില്ല. ഏതു സമയവും അതു കൈമാറാൻ തയാറാണ്. വസ്തു തിരിച്ചുകിട്ടാൻ വില്ലേജ് ഓഫിസർക്ക് മാർച്ച് 2ന് അപേക്ഷ നൽകി.