ഭൂപടത്തിൽ നിന്ന് മഴ മായ്ച്ച ഗ്രാമം; പുത്തുമല, മഴ മുറിച്ചെടുത്ത ഹൃദയം

Mail This Article
മലയല്ലാതായിത്തീർന്ന പുത്തുമലയ്ക്കു മീതെ ഇപ്പോഴും മഴ പെയ്യുന്നുണ്ട്. കുറച്ചു മുകളിലായി നെഞ്ചിൽനിന്ന് ഒരുഭാഗം അടർന്ന് പച്ചക്കാട്മല ഇനിയും ഊർന്നുവരാമെന്ന ഭാവത്തിൽ നിൽക്കുന്നു. എത്തിച്ചേരാനുള്ള വഴിയിൽ കള്ളാടിക്കും ചൂരൽമലയ്ക്കും മണ്ണിടിച്ചിലിന്റെ ലക്ഷണം.
ഈ ഭീതികളെല്ലാം മറന്ന്, യന്ത്രങ്ങൾക്ക് ഇനിയുമെത്താനാകാത്ത ചതുപ്പുകളിൽ നൂറുകണക്കിനു കൈകൾ തിരച്ചിൽ തുടരുകയാണ്. പ്രളയം കൊണ്ടുപോയവരുടെ ചെരിപ്പോ തുണിത്തുമ്പോ കളിപ്പാട്ടമോ കണ്ടെടുക്കുമ്പോൾ ആ കൈകൾക്കു വേഗമേറുന്നു. ഒരണുവിലെങ്കിലും ജീവൻ ബാക്കിനിർത്തി രക്ഷകരെ കാത്തിരിക്കുന്ന ആരെങ്കിലുമുണ്ടെങ്കിലോ!.
വ്യാഴാഴ്ച വൈകിട്ട് പ്രളയമുണ്ടായ പുത്തുമലയിൽനിന്ന് ഔദ്യോഗിക അറിയിപ്പു പ്രകാരംതന്നെ ഇനിയും എട്ടുപേരെ കണ്ടെത്താനുണ്ട്. മരണസംഖ്യ ഇതിലൊന്നും നിൽക്കില്ലെന്നു പറയുന്ന നാട്ടുകാരേറെ. റാണി, ഷൈല, അണ്ണയ്യ, നബീസ, പൊള്ളാച്ചി സ്വദേശി ഗൗരീശങ്കർ, പച്ചക്കാട് നിവാസി ഹംസ തുടങ്ങിയവർക്കായി മുന്നൂറോളം പേരാണു തിരച്ചിൽ നടത്തുന്നത്. അഗ്നിരക്ഷാ, ദുരന്തനിവാരണ സേനകൾക്കൊപ്പം എന്തിനും തയാറായി നൂറുകണക്കിനു യുവാക്കൾ. കോഴിക്കോടും മലപ്പുറവും മുതൽ കൊല്ലത്തുനിന്നുവരെ എത്തിയ സന്നദ്ധ പ്രവർത്തകരുണ്ട് അവരിൽ.
ബുധനാഴ്ചയുണ്ടായ ചെറിയ ഉരുൾപൊട്ടലിനെ തുടർന്ന് ആളുകളെ മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അബൂബക്കർ, അവറാൻ എന്നിവരെ സഞ്ചരിച്ച കാർ ഉൾപ്പെടെയാണു പെരുവെള്ളം കൊണ്ടുപോയത്. ഇവരുടെ കാർ പുത്തുമല മൈതാനത്തിനു സമീപം കണ്ടതായി പറയുന്നവരുണ്ട്. ഏറെ താഴെ ചാലിയാറിന്റെ ആഴങ്ങളിലെത്തിയതുമാകാം.
എസ്റ്റേറ്റ് ക്വാർട്ടേഴ്സ് ആയിരുന്ന രണ്ടു കെട്ടിടങ്ങൾ നിന്നിടത്തു ചതുപ്പു മാത്രമാണിപ്പോൾ. ഇവിടെ തിരച്ചിലിനിടെ, കാണാതായവരുടെ പട്ടികയിലില്ലാത്ത യുവതിയുടെ രണ്ടു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതു വീണ്ടും പരിഭ്രാന്തി പരത്തി.
മുക്കത്തു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നെന്ന് വ്യക്തമായതോടെ പലവഴിക്ക് അന്വേഷണമായി. അമ്പലത്തിനു താഴെയായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന വാർത്തയും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിൽ നിലവിളിയായി മാറി.
പുത്തുമലയുടെ സമീപത്തെ കുന്നുകളെല്ലാം ഉരുൾപൊട്ടൽ ഭീഷണിയിലായതോടെ ആയിരങ്ങളെയാണ് ഇവിടെനിന്ന് ക്യാംപുകളിലേക്കു മാറ്റിയത്. താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിൽനിന്ന് മേപ്പാടിയിലേക്കു സന്നദ്ധ പ്രവർത്തകരുടെ വാഹനങ്ങൾ ഓടിക്കൊണ്ടേയിരിക്കുന്നു.
പൂത്തു നിൽക്കുന്ന മലയെന്ന വിശേഷണമാണ് പൂത്തമലയും പിന്നീട് പുത്തുമലയുമായത്. ഊട്ടിയുടെ പ്രകൃതിഭംഗിയുണ്ടായിരുന്ന പുത്തുമലയുടെ അയൽഗ്രാമത്തിന്റെ പേര് കശ്മീർ!. തേയിലത്തോട്ടങ്ങളും ബ്രിട്ടിഷ് കാലത്തിന്റെ ബാക്കിയായ വിക്ടോറിയൻ കെട്ടിടങ്ങളുമെല്ലാമായി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു ഇത്. ഇനി തിരിച്ചുവരാത്തവിധം ആ ഭംഗിയും മണ്ണിലേക്കു മറഞ്ഞിരിക്കുന്നു.