സൈബർ കുറ്റങ്ങൾ കൂടുന്നു: ലോക്‌നാഥ് ബെഹ്‌റ

Mail This Article
കൊച്ചി ∙ സൈബർ സുരക്ഷയിൽ മലയാളികൾക്കുള്ള അറിവില്ലായ്മ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണമാകുന്നതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ വേണം. കേരള പൊലീസും സന്നദ്ധ സംഘടനയായ ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച് അസോസിയേഷനും ചേർന്നു നടത്തുന്ന സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂൺ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സൈബർ സുരക്ഷാ നയം അടുത്തു തന്നെ രൂപവൽകരിക്കുമെന്നു നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷനിലെ റിട്ട. മേജർ ജനറൽ സന്ദീപ് ശർമ പറഞ്ഞു.
പൊലീസിലെ സുരക്ഷാ സംവിധാനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുമെന്നും വിമാനങ്ങൾ പോലും സൈബർ ആക്രമണത്തിനു വിധേയമാകുന്ന കാലമാണിതെന്നും ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു. സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പ്രസംഗിച്ചു. ഇന്നു നാലിനു സമാപന സമ്മേളനം നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. 22 രാജ്യങ്ങളിൽ നിന്നായി 1700ൽ പരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.