ADVERTISEMENT

ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു മധ്യ യൂറോപ്യൻ രാജ്യമാണ്  ഹംഗറി. റോമൻ, ഓട്ടോമന്‍ ഉള്‍പ്പെടെ വിവിധ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന ഹംഗറി രണ്ടാം ലോക മഹായുദ്ധസമയത്ത് ജർമനിയുടെ സഖ്യകക്ഷിയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായ ഹംഗറി 1989-ൽ ആണ് അതിൽ നിന്ന് മോചിതമായത്. ഹംഗേറിയൻ സംസ്കാരം പാരമ്പര്യവും ആധുനികതയും ചേർന്നതാണ്. ഒരു കരബന്ധിത രാജ്യമായ ഹംഗറിയുടെ അയല്‍രാജ്യങ്ങള്‍ കിഴക്ക് റൊമാനിയ, ഉക്രൈൻ, തെക്ക് സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ എന്നിവയാണ്. ബുഡാപെസ്റ്റ് ആണ് ഹംഗറിയുടെ തലസ്ഥാനം. ബുഡാപെസ്റ്റിലൂടെ ഒഴുകുന്ന ഡാന്യൂബ് നദിയുടെ തീരത്തുള്ള 'ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്' (Shoes on the Danube Bank) എന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ജൂത വംശഹത്യയുടെ സ്മാരകത്തിന്‍റെ വിശേഷങ്ങള്‍ നോക്കാം.

രണ്ടു ദിവസത്തെ ഒരു ഹൃസ്വ സന്ദർശനമായാണ് ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ  എത്തിയിരിക്കുന്നത്. താമസിച്ചിരുന്ന നൊവാട്ടെൽ ഹോട്ടലിൽ നിന്ന് രാവിലെ തന്നെ കാഴ്ചകൾക്കായി ഇറങ്ങി. ഡാന്യൂബ് നദിയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ബുഡാ, പെസ്റ്റ് എന്നീ രണ്ട് ഭാഗങ്ങള്‍ ചേര്‍ന്നതാണ് ബുഡാപെസ്റ്റ് നഗരം.1873-ൽ ആണ് ഈ രണ്ടു നഗരങ്ങളും ചേർന്ന് ബുഡാപെസ്റ്റ് രൂപീകരിക്കുന്നത്. സമ്പന്നമായ ചരിത്രമുള്ള ബുഡാപെസ്റ്റിൽ വിവിധ സാമ്രാജ്യങ്ങളുടെയും ഭരണാധികാരികളുടെയും കീഴിലായിരുന്ന കാലഘട്ടങ്ങളിലെ വാസ്തുവിദ്യയുടെ മനോഹരമായ സമ്മേളനം കാണാം. ഗോഥിക്, നിയോ-ഗോഥിക്, ബാറോക്ക്, ആർട്ട് നൂവോ ശൈലികൾ ഇവിടെയുണ്ട്. രണ്ട് ഭാഗങ്ങളായി ബുഡാപെസ്റ്റിനെ വിഭജിക്കുന്ന ഡാന്യൂബ് നദിയിലൂടെയുള്ള ക്രൂയിസ് നഗരത്തിന്‍റെ മനോഹരമായ കാഴ്ചകൾ കാണാൻ സഹായിക്കുന്നു. ചരിത്രപരമായും സാമ്പത്തികമായും ബുഡാപെസ്റ്റിന് വളരെ പ്രാധാന്യമുള്ള നദിയായ ഡാന്യൂബ് യൂറോപ്പിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണ്. ജർമനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്ന് ഉദ്ഭവിച്ച് ബുഡാപെസ്റ്റ്, വിയന്ന, ബെൽഗ്രേഡ് തുടങ്ങി നിരവധി യൂറോപ്യൻ നഗരങ്ങളിലൂടെ ഒഴുകി കരിങ്കടലിൽ പതിക്കുന്നു. വ്യാപാരത്തിനും ഗതാഗതത്തിനുമായി കാലങ്ങളായി ഇത് ഉപയോഗിക്കുന്നു. 

ഹംഗേറിയൻ പാർലമെന്റ്
ഹംഗേറിയൻ പാർലമെന്റിനു മുൻപിൽ

നഗരത്തിലെ മറ്റു കാഴ്ചകൾക്ക് ശേഷം ബുഡാപെസ്റ്റിലെ ഡാന്യൂബ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന പാലമായ മാർഗരറ്റ് പാലത്തിന് (Margaret Bridge) സമീപം ഞാൻ എത്തി. ഈ പാലം ബുഡയെയും പെസ്റ്റിനെയും നദിക്ക് മധ്യത്തിലുള്ള മാർഗരറ്റ് ദ്വീപുമായി ബന്ധിപ്പിക്കുന്നു. ബുഡാപെസ്റ്റിലെ ഏറ്റവും തിരക്കേറിയ ഈ പാലത്തിൽ നിന്ന് ഹംഗേറിയൻ പാർലമെന്റിന്‍റെ മനോഹരമായ കാഴ്ച ലഭിക്കും. ഞാൻ പാർലമെന്റിന്‍റെ ചുറ്റും ഒന്ന് നടന്നു. ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഹംഗേറിയൻ പാർലമെന്റ് അതിമനോഹരമായ ഗോഥിക് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണമാണ്. നിരവധി ചരിത്രപരമായ ശില്പങ്ങളും കലാസൃഷ്ടികളും ഇവിടെ കാണാൻ സാധിക്കും. പാർലമെന്റ് മന്ദിരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഹംഗറിയിലെ ഏറ്റവും പ്രിയപ്പെട്ട കവികളിലൊരാളായ ആറ്റ്​ലെ ജോസെഫിന്‍റെ പ്രതിമയുടെ അടുത്തെത്തി. ബുഡാപെസ്റ്റ് നഗരത്തിന്റെ സൗന്ദര്യത്തിന് വലിയ പങ്ക് വഹിക്കുന്ന ഡാന്യൂബ് നദിയുടെ ഈ കിഴക്കേ തീരത്ത്, ഹംഗേറിയൻ പാർലമെന്‍റ് മന്ദിരത്തിന് 300 മീറ്റര്‍ സമീപത്തായിട്ടുള്ള 'ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്' (Shoes on the Danube Bank) എന്ന സ്മാരകം കാണുകയാണ് എന്‍റെ ലക്ഷ്യം. ഇതിനെപ്പറ്റി മുൻപ് പലയിടത്തും വായിച്ചുള്ള അറിവുണ്ടായിരുന്നു. 1944-45 കാലഘട്ടത്തിൽ ആരോ ക്രോസ്സ് പാർട്ടിയുടെ (Arrow Cross Party) പോരാളികൾ ഡാന്യൂബ് നദിയുടെ തീരത്ത് വെച്ച് വെടിവെച്ച് കൊലപ്പെടുത്തി നദിയിൽ ഒഴുക്കിയ ജൂതന്മാരുടെ ഓർമയ്ക്കായി നിർമിച്ചതാണ് ഇത്. ചലച്ചിത്ര സംവിധായകൻ കാൻ ടോഗേയും ശിൽപി ഗ്യുല പൗറും ചേർന്നാണ് ഇതിന്‍റെ നിർമാണം നിർവഹിച്ചത്. 

ഹംഗറിയിലെ ഏറ്റവും പ്രിയപ്പെട്ട കവികളിലൊരാളായ ആറ്റ്​ലെ ജോസെഫിന്‍റെ പ്രതിമ
ഹംഗറിയിലെ ഏറ്റവും പ്രിയപ്പെട്ട കവികളിലൊരാളായ ആറ്റ്​ലെ ജോസെഫിന്‍റെ പ്രതിമ

രണ്ടാം ലോകമഹായുദ്ധ വേളയിൽ ഹംഗറി നാസി ജർമനിയുടെ സഖ്യകക്ഷിയായിരുന്നു. യുദ്ധത്തിന്‍റെ അവസാന വർഷങ്ങളിൽ ആരോ ക്രോസ് പാർട്ടി അട്ടിമറിയിലൂടെ ഹംഗറിയിൽ അധികാരം ഏറ്റെടുത്തു. അവരുടെ ഭീകരവാഴ്ചയിൽ ഹംഗേറിയൻ ജൂതന്മാർ കൂടുതൽ കടുത്ത വിവേചനപരമായ നിയമങ്ങൾക്കും നടപടികൾക്കും വിധേയരായി. അത് കൂട്ട കൊലപാതകങ്ങളിലും നാടുകടത്തലുകളിലും കലാശിച്ചു. ഇരുപതിനായിരത്തില്‍പരം ജൂതന്മാര്‍ കൊല്ലപ്പെടുകയും എന്‍പതിനായിരത്തില്‍ അധികം ആള്‍ക്കാരെ വിവിധ കോൺസെൻട്രേഷൻ ക്യാംപുകളിലേക്ക് നാടുകടത്തുകയും ചെയ്തു. വംശവെറി കത്തിനിന്ന ഈ സമയത്ത് യഹൂദ ഹംഗേറിയന്മാർ താമസിച്ചിരുന്ന നാസി തടങ്കൽപ്പാളയങ്ങൾ വളയപ്പെട്ടു. സ്വീഡിഷ്, ഇറ്റാലിയൻ, സ്പാനിഷ് എംബസികൾ തങ്ങളുടെ കെട്ടിടങ്ങൾ ജൂത വംശജരെ സംരക്ഷിക്കാനും അഭയം നൽകി പാർപ്പിക്കാനും ശ്രമിച്ചു. ഖേദകരമെന്നു പറയട്ടെ, അത്തരത്തിൽ താമസിപ്പിച്ചിരുന്ന കെട്ടിടങ്ങളിൽ ഉണ്ടായിരുന്ന 400 പേരെ ഒരു രാത്രി ആരോ ക്രോസ് പോരാളികൾ നിർബന്ധിച്ച് പുറത്താക്കുകയും ഡാന്യൂബ് തീരത്തേക്ക് കൊണ്ടുപോയി അണിനിരത്തി വെടിവെക്കുകയും അവരുടെ മൃതദേഹങ്ങൾ നദിയിലേക്ക് ഒഴുക്കി വിടുകയും ചെയ്തു. കൊലപാതകത്തിന് മുൻപ് ഇരകളെ അവരുടെ ഷൂസുകൾ ഊരിവെക്കാൻ നിർബന്ധിച്ചിരുന്നു. അതിനുശേഷമാണ് അവരെ വെടിവെച്ച് നദിയിലേക്ക് തള്ളിയിരുന്നത്. യുദ്ധസമയത്ത് ഷൂസ് വിലപ്പെട്ട ഒന്നായിരുന്നുവെന്നും നഗരത്തിൽ അത് വീണ്ടും വിൽക്കാൻ കഴിയുമായിരുന്നുവെന്നും പറയപ്പെടുന്നു. ഈ സംഭവത്തെയാണ് ഇവിടെ പ്രതീകവൽക്കരിച്ചിരിക്കുന്നത്.

cibi-mathew-travel
ലേഖകൻ

ഇരുമ്പിൽ നിർമിച്ച തുരുമ്പിച്ച പഴയ രീതിയിലുള്ള അറുപത് ജോഡി പാദരക്ഷകൾ കല്ലുകൾ പാകിയ തീരത്ത് ഘടിപ്പിച്ചതായി കാണാൻ സാധിച്ചു. വ്യത്യസ്ത ആകൃതിയിലും ശൈലിയിലും വലുപ്പത്തിലുമുള്ള ഷൂസുകളുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും  കുട്ടികളുടെയും ഷൂസുകൾ, ബൂട്ടുകൾ, ഹൈ ഹീൽ ഷൂസുകൾ. അവ ചിതറി ഉപേക്ഷിക്കപ്പെട്ട നിലയിൽ നദീ തീരത്ത് ഇരിക്കുന്നു. ഏകദേശം 40 മീറ്റർ നീളത്തിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. സമീപമായി ഒരു കൽബെഞ്ചുണ്ട്, അതിന് സമീപമായി ഹംഗേറിയൻ, ഇംഗ്ലീഷ്, ഹീബ്രു ഭാഷകളിൽ '1944-45 ൽ ആരോ ക്രോസ് പോരാളികൾ വെടിവച്ച് ഡാന്യൂബിലേക്ക് തള്ളിയ ഇരകളുടെ ഓർമ്മയ്ക്കായി 2005 ഏപ്രിൽ 16-ന് സ്ഥാപിച്ചത്'  എന്ന് എഴുതിയ ഫലകങ്ങൾ കാണാം. നിസ്സാരം എന്ന് തോന്നുമെങ്കിലും  മനസ്സിനെ ആഴത്തിൽ പിടിച്ചുലക്കുന്നതാണ് ഈ സ്മാരകം.

ക്രോസ് പോരാളികൾ വെടിവച്ച് ഡാന്യൂബിലേക്ക് തള്ളിയ ഇരകളുടെ ഓർമ്മയ്ക്കായി 2005 ഏപ്രിൽ 16-ന് സ്ഥാപിച്ചത്'  എന്ന് എഴുതിയ ഫലകങ്ങൾ
ക്രോസ് പോരാളികൾ വെടിവച്ച് ഡാന്യൂബിലേക്ക് തള്ളിയ ഇരകളുടെ ഓർമ്മയ്ക്കായി 2005 ഏപ്രിൽ 16-ന് സ്ഥാപിച്ചത്' എന്ന് എഴുതിയ ഫലകങ്ങൾ

ഏകദേശം 3,500 പേരെ ഡാന്യൂബ് നദിയുടെ തീരത്ത് ഈ രീതിയിൽ പലപ്പോഴായി കൊല്ലപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. വംശവെറിയുടെ ഭാഗമായി ക്രൂരമായി വധിക്കപ്പെട്ട ആയിരക്കണക്കിന് നിരപരാധികളായ ജൂതന്മാരെ ഇത് പ്രതിനിധീകരിക്കുന്നു. വിവിധ കെട്ടിടങ്ങളിൽ അഭയം പ്രാപിച്ചിരുന്ന ആളുകളെ പിടികൂടി ഇവിടേക്ക് എത്തിച്ചു, ഭയവും പരിഭ്രാന്തിയും നിറഞ്ഞ്, തീരത്തുകൂടി നടന്നപ്പോൾ, അവരുടെ ജീവിതം ഉടൻ അവസാനിക്കുമെന്ന് നിസ്സഹായതയോടെ അവർ അറിഞ്ഞിരിക്കണം. വെടിയുണ്ടകൾ ഏറ്റുവാങ്ങിയ അവരുടെ ശരീരം തണുത്തുറഞ്ഞ വെള്ളത്തിൽ വീഴുകയും, ഒഴുക്കിൽ തങ്ങൾ തലമുറകളായി  ജീവിച്ച നഗരത്തിൽ നിന്ന് എന്നെന്നേക്കുമായി ഒഴുകിപോകുകയും ചെയ്തു. ഈ ഒഴിഞ്ഞ ഷൂസുകൾ കാണുമ്പോൾ ഈ സംഭവങ്ങളുടെ മുഴുവൻ ഭീകരതയും നമ്മളുടെ ഉള്ളിൽ ഉയരും. രാജ്യത്തെ തീവ്ര ഫാസിസ്റ്റ്, സെമിറ്റിക് വിരുദ്ധ പാർട്ടിയായിരുന്ന ആരോ ക്രോസിന്റെ കൈകളാൽ വളരെ ക്രൂരമായി ജീവിതം അപഹരിക്കപ്പെട്ട നിസ്സഹായരായ ആത്മാക്കളുടെ തേങ്ങലുകൾ ഇവിടെ നിൽക്കുമ്പോൾ അന്തരീക്ഷത്തിൽ അലയടിക്കുന്നത് കേള്‍ക്കാമായിരുന്നു. 

ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്
ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്

സമയം വൈകുന്നേരം ആകുന്നു. നല്ല തണുപ്പുണ്ട്. ധാരാളം ബോട്ടുകൾ നദിയിലൂടെ സഞ്ചാരികളുമായി ഒഴുകി നടക്കുന്നു. ചക്രവാളത്തിന് പിന്നിൽ സൂര്യൻ അസ്തമിക്കുമ്പോൾ, പേരറിയാത്ത ആളുകൾക്ക് ഇത്തരത്തിൽ ഒരു സ്മാരകം പണിയുന്നതിന്‍റെ അർഥമെന്താണെന്നു ചിന്തിച്ചുകൊണ്ട് ഞാൻ അവിടെ അടുത്തുള്ള ഒരു ബെഞ്ചിൽ കുറച്ച് സമയം  ഇരുന്നു. ഡാന്യൂബ് പ്രൊമെനേഡിലെ പാദരക്ഷകൾ ഒരു പ്രതീകാത്മക സ്മാരകമാണ്, അന്ന് നടമാടിയ ഈ ക്രൂരത പൊതുസ്മരണയിൽ നിലനിർത്താനും സമൂഹത്തില്‍ കൂട്ടായ സംസ്‌കാരത്തിൽ ജീവിക്കണം എന്നതിന്‍റെയും പ്രതീകമാണ്. പാദരക്ഷകൾ കാണുന്ന ഓരോ പുതിയ തലമുറയിലെ വ്യക്തികൾക്കും  കഴിഞ്ഞകാല തെറ്റുകളുടെ ഓർമപ്പെടുത്തൽ കൂടിയാണ് ഇത്.  ദുരിതമനുഭവിച്ച ആളുകൾക്ക് ഇത് ഒരിക്കലും മറക്കാൻ സാധിക്കില്ല. ദുരന്തത്തെ അതിജീവിച്ചവരും മരിച്ചവരുടെ പിൻതലമുറക്കാരും ഇപ്പോഴും ഈ സ്മാരകം സന്ദർശിക്കാറുണ്ട്. ചിലപ്പോൾ മെഴുകുതിരികൾ കത്തിച്ചു വയ്ക്കുകയോ റിബൺ കെട്ടുകയോ ചെയ്യുന്നു. മറ്റുചിലര്‍ അവരുടെ ആരെയെങ്കിലും ഓർമിപ്പിക്കുന്നതോ മനസ്സിനെ സ്പർശിക്കുന്നതോ ആയ ചെരുപ്പിനുള്ളിൽ പൂക്കൾ വയ്ക്കുന്നു.

ഡാന്യൂബ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന മാർഗരറ്റ് പാലം
ഡാന്യൂബ് നദിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ചെയ്ൻ ബ്രിജ്.

കുറച്ചു സമയം അവിടെ നിന്നതിനു ശേഷം ഞാൻ തീർത്തു കൂടി  പിന്നെയും  മുന്നിലേക്ക്‌ നടന്നു. നല്ല തണുപ്പ്. നഗരത്തിന്റെ മനോഹരമായ സായാഹ്ന രാത്രിക്കാഴ്ചകൾ കാണാൻ സഹായിക്കുന്ന ധാരാളം ക്രൂയിസ് ബോട്ടുകള്‍ നദിയിലൂടെ നീങ്ങുന്നത് കാണാം. പുരാതന യൂറോപ്പിന്‍റെ പ്രധാന കച്ചവട ധമനിയായ ഡാന്യൂബ് നദിയുടെ ഇരു കരകളിലുമായി നിത്യയൗവ്വനത്തോടെ അണിഞ്ഞൊരുങ്ങി നിൽക്കുന്നു ബുഡായും പെസ്റ്റും ഇങ്ങനെ ബോട്ട് ക്രൂയിസ് നടത്തി വീക്ഷിക്കാൻ ധാരാളം ആളുകൾ എത്താറുണ്ട്. ഡാന്യൂബ് നദിക്ക് കുറുകെ ബുഡയെയും പെസ്റ്റിനെയും ബന്ധിപ്പിക്കുന്ന നഗരത്തിന്റെ ഒരു പ്രധാന അടയാളമായ ചെയിൻ പാലത്തിനടുത്തെക്ക് (Chain Bridge) ഞാൻ എത്തി.1849-ൽ പൂർത്തിയായ ബുഡാപെസ്റ്റിലെ ഏറ്റവും പഴക്കം ചെന്ന ഈ തൂക്കുപാലത്തിന്‍റെ യഥാർത്ഥ പേര് സെചെനി (Széchenyi) എന്നാണ്. ഇരുവശങ്ങളിലും സിംഹങ്ങളുടെ വലിയ കൽപ്രതിമകൾ സ്ഥാപിച്ചിട്ടുള്ള ഈ പാലം ഹംഗറിയുടെ ദേശീയ ചിഹ്നങ്ങളിൽ ഒന്നാണ്. ഹംഗേറിയൻ പാസ്പോർട്ടുകളിൽ ഈ പാലത്തിന്‍റെ ചിത്രം കാണാം.

ചെയിൻ ബ്രിഡ്ജ്
ചെയിൻ ബ്രിജ്

യൂറോപ്പിന്‍റെ ഹൃദയമെന്നും ഡാന്യൂബിന്‍റെ റാണിയെന്നും ഒക്കെയായി പലവിധ വിളിപ്പേരുകളുള്ള ബുഡാപെസ്റ്റ് കാഴ്ച്ചകളുടെ വസന്തമാണ് സഞ്ചാരികള്‍ക്ക് ഒരുക്കുന്നത്. 'ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്' എന്ന സ്മാരകം ബുഡാപെസ്റ്റിന്‍റെ മറക്കാൻ ആഗ്രഹിക്കുന്ന ചരിത്രത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. ഒരു ദുരന്തത്തിന്‍റെ ഓർമ്മപ്പെടുത്തലായ ഈ സ്ഥലം സന്ദർശിച്ചത് വളരെ വികാരപരമായ അനുഭവമായിരുന്നു.

English Summary:

Shoes on the Danube Bank: A Haunting Holocaust Memorial in Budapest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com