ജോളി വ്യാജരേഖ ചമച്ച് ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചെന്ന് വ്യക്തമായി: ഡപ്യൂട്ടി കലക്ടർ

Mail This Article
കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി വ്യാജരേഖ ചമച്ച് ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചുവെന്നു വ്യക്തമായതായി വകുപ്പുതല അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടി കലക്ടർ സി.ബിജു പറഞ്ഞു.
2009–10 വർഷത്തിൽ ടോം തോമസിന്റെ ഭൂമി ജോളിയുടെയും ഭർത്താവ് റോയിയുടെയും പേരിലാക്കി നികുതി അടച്ചു. പോക്കുവരവ് നടത്തുകയും ചെയ്തു. എന്നാൽ ടോം തോമസിന്റെ മറ്റു മക്കൾ പരാതിയുമായെത്തിയപ്പോൾ അടുത്ത വർഷം റോയിയുടെ സഹോദരൻ റോജോയുടെയും മറ്റും പേരിൽ നികുതി അടയ്ക്കാൻ അനുവദിച്ചു. പിന്നീട് റോയിയുടെ മരണശേഷം 2012 – 13 വർഷത്തിൽ ജോളി നികുതി അടച്ചു. പരാതി വന്നപ്പോൾ പിന്നീടുള്ള വർഷങ്ങളിൽ റോജോയുടെ പേരിൽ നികുതി അടച്ചു.
നികുതി അടച്ചു ഭൂമി സ്വന്തം പേരിലാക്കാൻ ജോളി ഹാജരാക്കിയ വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിൽ തഹസിൽദാർ ജയശ്രീ എസ്.വാരിയർ ജോളിയെ സഹായിച്ചുവെന്നാണു പ്രധാന ആരോപണം. ഇന്നലെ 4 മണിക്കൂറോളം ജയശ്രീയിൽ നിന്നു ഡപ്യൂട്ടി കലക്ടർ സി.ബിജു മൊഴിയെടുത്തു.
ഇമ്പിച്ചിമോയിയെ സസ്പെൻഡ് ചെയ്തു
കോഴിക്കോട് ∙ വ്യാജ ഒസ്യത്ത് തയാറാക്കാൻ ഉൾപ്പെടെ ജോളിക്ക് സഹായം ചെയ്തെന്ന് ആരോപണ വിധേയനായ മുസ്‌ലിം ലീഗ് ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് വി.കെ.ഇമ്പിച്ചിമോയിയെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു.
ഇമ്പിച്ചിമോയിയുടെ വീട്ടിലും മകന്റെ കടയിലും കഴിഞ്ഞ ദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജോളിയുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണു ലീഗ് തീരുമാനം.