ചാൾസിന്റെ പാട്ട് ആരോഗ്യ പ്രവർത്തകർക്കുള്ള ആദരം
![charles-antony charles-antony](https://img-mm.manoramaonline.com/content/dam/mm/mo/news/kerala/images/2020/3/23/charles-antony.jpg?w=1120&h=583)
Mail This Article
കൊച്ചി∙ ‘വൺ ലൗ, വൺ ഹാർട്ട്...ലെറ്റ്സ് ഗെറ്റ് ടുഗെദർ ആൻഡ് ഫീൽ ഓൾറൈറ്റ്’... വൈകിട്ട് കൃത്യം 5 ന് വടുതലയിലെ കൊമരോത്ത് വീടിന്റെ ജനാലയിലൂടെ ബോബ് മാർലിയുടെ ലോക പ്രശസ്തഗാനം മുഴങ്ങി. ഗായകൻ ചാൾസ് ആന്റണി സ്വന്തം ഗിറ്റാറിൽ ഈണമിട്ടു പാടിയത് എന്നത്തെയും പോലെ ജനനിബിഡമായ വേദിക്കു മുന്നിലായിരുന്നില്ല. കേൾവിക്കാരിയായി ഭാര്യ സേതുലക്ഷ്മിയും അയൽവീടുകളിൽ നിന്നു പാട്ടു കേട്ട ഏതാനും ചിലരും മാത്രം.
കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകരോടും അവശ്യ സർവീസ് ജീവനക്കാരോടുമുള്ള തന്റെയും കുടുംബത്തിന്റെയും ആദരം സംഗീതത്തിലൂടെ അർപ്പിക്കുകയായിരുന്ന ചാൾസ്. ജനത കർഫ്യൂ ദിനത്തിൽ സ്വന്തം വീട്ടിലിരുന്നു കയ്യടിച്ചും മണികൾ മുഴക്കിയും ആരോഗ്യപ്രവർത്തകരെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനമാണ് ഏറ്റെടുത്തത്.
ആയിരം പ്രാർഥനകൾക്കു സമമാണ് ഒരു ഗാനം എന്നതിനാലാണു വ്യത്യസ്തമായ ഈ മാർഗം തിരഞ്ഞെടുത്തതെന്നു ലോകം മുഴുവൻ സംഗീതപരിപാടികളുമായി സഞ്ചരിക്കുന്ന ചാൾസ് പറയുന്നു. ‘സ്നേഹത്തിലൂടെ ഒരുമിക്കാനും എല്ലാവരും സുഖമായിരിക്കാനും ആശംസിക്കുന്ന ബോബ് മാർലി ഗാനത്തിന്റെ വരികൾ ഈ കോവിഡ് കാലത്ത് ഏറെ പ്രസക്തമാണ്. ഒരുമിച്ചു നിന്നാലേ നമുക്കീ വിപത്തിനെ തുരത്താനാകൂ. അതിന് ആരോഗ്യപ്രവർത്തകർക്കു നമ്മുടെ പിന്തുണ ആവശ്യമുണ്ട്’–ചാൾസ് പറഞ്ഞു. പരിമിതമായ സാങ്കേതിക സംവിധാനങ്ങളുടെയും സംഗീതോപകരണങ്ങളുടെയും സഹായത്തോടെയായിരുന്നു ആലാപനം.
മകൻ ജോഷ്വ ഡ്രംസിൽ അകമ്പടിയേകിയപ്പോൾ പെൺമക്കളായ ട്വിങ്കിളും സഫാനിയയും അച്ഛനു കോറസായി. ഞായറാഴ്ചയിലാണു ജനതാ കർഫ്യൂ ആഹ്വാനം എന്നതിനാൽ എഴുപതുകളിലെ സൂപ്പർ ഹിറ്റ് ഗാനം ‘ബ്യൂട്ടിഫുൾ സൺഡേ’ ആയിരുന്നു പിന്നീട് അവതരിപ്പിച്ചത്.
കോവിഡ് കാലത്തു തൊഴിലില്ലാതെയായ ആയിരക്കണക്കിനു കലാകാരൻമാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള അർപ്പണം കൂടിയാണു തന്റെ സംഗീതമെന്ന് ചാൾസ് പറഞ്ഞു. ഇംഗ്ലിഷ്, സ്പാനിഷ്, ഇറ്റാലിയൻ, ജർമൻ തുടങ്ങി 16 ഭാഷകളിൽ പാടുന്ന ചാൾസ് മറഡോണ കേരളത്തിലെത്തിയപ്പോൾ വേദിയിൽ സംഗീതപരിപാടി അവതരിപ്പിച്ചും മാധ്യമ ശ്രദ്ധ നേടിയിരുന്നു.
English summary: Charles Antony Singing for health workers