മാതാപിതാക്കളും പൊന്നുമോളും അരികിലില്ല; മെറിന് യാത്രാമൊഴി നൽകി സഹപ്രവർത്തകർ
Mail This Article
മോനിപ്പള്ളി ∙ യുഎസിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിക്ക് യാത്രാമൊഴി നൽകി സഹപ്രവർത്തകരും സുഹൃത്തുക്കളും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ.സ്കെറാനോ ഫ്യൂണറൽ ഹോമിലാണു സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയത്.
അമേരിക്കൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയായിരുന്നു (ഇന്ത്യൻ സമയം രാത്രി 11.30 മുതൽ ഇന്നു പുലർച്ചെ 3.30) മെറിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നൽകിയത്. ഫാ.ബിൻസ് ചേത്തലിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകി. ക്നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകൾ സംപ്രേഷണം ചെയ്തു.
മൃതദേഹം നാളെ റ്റാംപയിലെ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്കാര ശുശ്രൂഷകൾക്കായി എത്തിക്കും. അമേരിക്കൻ സമയം രാവിലെ 10 മുതൽ 11 വരെ പൊതുദർശനം. 11 മുതൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.
നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന പ്രത്യേക കുർബാനയും പ്രർഥനയും നടത്തുന്നുണ്ട്.
യുഎസിലെ ചടങ്ങുകൾ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്സിക്കും മകൾ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓൺലൈൻ വഴി മാത്രമാണു കാണാൻ സാധിക്കുക. മെറിൻ ജോയി(27) ജൂലൈ 28നാണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ–34) അറസ്റ്റിലായി. നെവിൻ ഇപ്പോൾ യുഎസിൽ പൊലീസ് കസ്റ്റഡിയിലാണ്.
English summary: Merin Joy funeral