ചിമ്മിനി വിളക്കിൽ തെളിഞ്ഞ അക്ഷരങ്ങൾ സിവിൽ സർവീസ് ജേതാവാക്കി; കഷ്ടതകളെ തോൽപ്പിച്ച വിജയം

Mail This Article
തലശ്ശേരി∙ കഷ്ടപ്പാടുകളുടെ ഭൂതകാലത്തെ തോൽപിച്ചാണു രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന സിവിൽ സർവീസിലേക്കു തലശ്ശേരി ചിറക്കര പൊതിവട്ടത്തു വീട്ടിൽ കെ.വി.വിവേകിന്റെ(31) രംഗപ്രവേശം. ചാണകം മെഴുകിയ തറയിൽ, ചിമ്മിനി വിളക്കിനു ചുവട്ടിൽ തെളിഞ്ഞ അക്ഷരങ്ങളാണു സിവിൽ സർവീസ് പരീക്ഷയിൽ 301–ാം റാങ്കിന്റെ തിളക്കത്തിലേക്കു കൈപിടിച്ചുയർത്തിയത്. എല്ലാ കഷ്ടപ്പാടിൽനിന്നുമുള്ള മോചനം വിദ്യാഭ്യാസമാണെന്നു പറഞ്ഞുതന്ന അമ്മ കെ.കെ.പ്രഭാവതിക്കാണ് ഈ നേട്ടം വിവേക് സമർപ്പിക്കുന്നത്.
കാസർകോട് കുറ്റിക്കോലിൽ തെയ്യം കലാകാരൻമാരുടെ കുടുംബത്തിലാണു വിവേകിന്റെ ജനനം. തെയ്യച്ചമയങ്ങളുടെ നിറമില്ലായിരുന്നു കുട്ടിക്കാലത്തിന്. അമ്മ പ്രഭാവതി തപാൽ വകുപ്പ് ജീവനക്കാരിയായിരുന്നു. കാസർകോട്ടെ വീടു വിട്ട്, സ്വന്തം നാടായ തലശ്ശേരിയിലേക്കെത്തുമ്പോൾ മക്കൾക്കു നല്ല വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹം മാത്രമായിരുന്നു പ്രഭാവതിക്ക്. ചിറക്കരയിൽ വൈദ്യുതിയോ, നല്ല ശുചിമുറിയോ ഇല്ലാത്ത ഓലമേഞ്ഞ വീട്ടിൽ താമസം. വീട്ടിൽനിന്ന് 25 കിലോമീറ്റർ ദൂരമുണ്ടെങ്കിലും കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ വിവേകിനെ ചേർത്തു. 2 ബസ് കയറി സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു തന്നെ ദിവസം മൂന്നു മണിക്കൂർ വേണം.
ഹയർ സെക്കൻഡറി കഴിഞ്ഞു തിരുച്ചിറപ്പളളിയിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് പഠനം. ചെന്നൈയിൽ ഐടി സെക്ടറിൽ ജോലി നേടിയെങ്കിലും വീണ്ടും പഠിക്കണമെന്ന വാശി. കൊൽക്കത്ത ഐഐഎമ്മിൽനിന്ന് എംബിഎ നേടി പുറത്തിറങ്ങിയപ്പോഴാണു സിവിൽ സർവീസ് എന്ന സ്വപ്നം. 2018ൽ 667–ാം റാങ്ക് നേടി ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിൽ ജോലിക്കു കയറി. അവധിയെടുത്തു കൊല്ലത്ത് സിവിൽ സർവീസ് അക്കാദമിയിൽ മെന്ററായി പ്രവർത്തിക്കുകയായിരുന്നു. രണ്ടാമത്തെ പരിശ്രമത്തിലാണു 301–ാം റാങ്കിലെത്തിയത്. സഹോദരി വർഷ കുവൈത്തിൽ ഡന്റിസ്റ്റാണ്.
English Summary: Vivek civil service