ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തൊടുപുഴയിൽ രണ്ടു പുഴകളുണ്ട്. ഒന്ന് തൊടുപുഴയാറും മറ്റൊന്ന് തൊടുപുഴക്കാരുടെ മനസ്സു നിറച്ചൊഴുകുന്ന പി.ജെ. ജോസഫ് എന്ന പുഴയും. തൊടുപുഴയാറുപോലെ ഇടയ്ക്കു കലങ്ങിയും ശാന്തമായും പിന്നെ മെലി‍ഞ്ഞും നിറഞ്ഞും കൈവഴികളായും ഒഴുകുന്ന മറ്റൊരു പുഴയാണ് പി.ജെ.ജോസഫിന്റെ ജീവിതവും. 80 വയസ്സിന്റെ നിറവിലാണിന്നു കേരള രാഷ്ട്രീയത്തിലെ കാരണവർ.

സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതമാണ് അങ്ങയുടേത്. പി.ജെ. ജോസഫ് എന്ന പൊതുപ്രവർത്തകൻ യുവരാഷ്ട്രീയ നേതാക്കൾക്കു നൽകുന്ന സന്ദേശം എന്താണ്?

നിയമവാഴ്ച എന്ന എന്റെ പുസ്തകമാണ് എന്നിലെ പൊതുപ്രവർത്തകൻ നൽകുന്ന സന്ദേശം. സത്യത്തിന്റെ ഭാഗത്തുനിന്നു രാഷ്ട്രീയ പ്രവർത്തനം നടത്തുക. സ്വാധീനവും വ്യക്തിബന്ധങ്ങളും ഉപയോഗിച്ചു തെറ്റിനു കൂട്ടുനിൽക്കാതിരിക്കുക. ന്യായമായ ആവശ്യവുമായി എത്തുന്നവരെ ഏതുവിധേനയും സഹായിക്കുക. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു രാജിവച്ച് തിരിച്ചിറങ്ങിയ 8 മാസക്കാലം എനിക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കാൻ കഴിയും. അന്യായമായി ആർക്കു വേണ്ടിയും അന്നു പൊലീസ് ഉദ്യോഗസ്ഥരോടു ഞാൻ സംസാരിച്ചിട്ടില്ല. ആ രീതി തന്നെ എക്കാലവും പിന്തുടർന്നു.

കേരളത്തിലെ ഏറ്റവും സീനിയർ നേതാക്കളിൽ ഒരാളാണു പി.ജെ.ജോസഫ്. നിലവിലെ കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസിന്റെയും പി.ജെ.ജോസഫിന്റെയും ഭാവി എന്താണ്?

സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേട്ടും പരിഹരിച്ചുമാണു കേരള കോൺഗ്രസ് മുന്നോട്ടുപോയിട്ടുള്ളത്. കേരളത്തിലെ മുഴുവൻ ജനവിഭാഗത്തെയും പ്രതിനിധീകരിക്കാൻ കേരള കോൺഗ്രസിന് ഇതിനകം സാധിച്ചിട്ടുണ്ട്. കേരളത്തെ ഊട്ടുന്ന കർഷകരുടെ പ്രശ്നങ്ങളിൽ നിരന്തരമായി ഞങ്ങൾ ഇടപെടുന്നുണ്ട്. ജനങ്ങൾ നൽകുന്ന വിശ്വാസമാണ് ഈ പ്രസ്ഥാനത്തിന്റെ നിലനിൽപ്. ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ച് ഒരുപാടു ദൂരം മുന്നേറാൻ കേരള കോൺഗ്രസിനു സാധിക്കും.

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയുംകാൾ പിളർപ്പുകളും ലയനങ്ങളും കണ്ടിട്ടുണ്ട് കേരള കോൺഗ്രസ് പാർട്ടികൾ. കേരള കോൺഗ്രസുകളെല്ലാം ഒന്നിക്കുന്ന കാലം ഇനി വരുമോ?

സ്വന്തം താൽപര്യങ്ങൾ മാത്രം പരിഗണിച്ചു മുന്നോട്ടുപോകുന്ന രീതി കേരള കോൺഗ്രസ് ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന നേതാക്കൾ ഉപേക്ഷിക്കുന്ന കാലത്തു ലയനത്തിനു പ്രസക്തിയുണ്ട്. കേരള കോൺഗ്രസ് പ്രസ്ഥാനങ്ങൾ ഒരു കുടുംബമെന്ന പോലെ ഒറ്റക്കെട്ടാവണമെന്ന ആഗ്രഹം തീർച്ചയായുമുണ്ട്.

കേരള കോൺഗ്രസിലെ പിളർപ്പും ജോസ് കെ. മാണി വിഭാഗം എൽഡിഎഫിലേക്കു പോയതുമെല്ലാം ഫലത്തിൽ അവർക്കു ഗുണകരമായിട്ടുണ്ട് എന്ന മട്ടിലാണു തിരഞ്ഞെടുപ്പു ഫലം. പാർട്ടി അധ്യക്ഷൻ എന്ന നിലയിൽ എടുത്ത തീരുമാനങ്ങളിൽ പിഴവു പറ്റിയിട്ടുണ്ടെന്നു തോന്നുന്നുണ്ടോ?

അങ്ങനെ തോന്നലുണ്ടായിട്ടില്ല. രാഷ്ട്രീയത്തിൽ ജയപരാജയങ്ങൾ സാധാരണമാണ്. പ്രചാരണത്തിലും മറ്റു പ്രവർത്തനങ്ങളിലും എൽഡിഎഫ് മുന്നിലായിരുന്നു. യുഡിഎഫിനേറ്റ തിരിച്ചടിക്ക് അതിനൊപ്പം മറ്റു പല കാരണങ്ങളുമുണ്ട്. പരാജയത്തിനപ്പുറത്തേക്കു യുഡിഎഫ് നീങ്ങിക്കഴിഞ്ഞു. കേരള കോൺഗ്രസും യുഡിഎഫും എന്നും ജനങ്ങളുടെ പക്ഷത്താണ്. സംഭവിച്ച പാളിച്ചകളിൽനിന്നു പാഠം പഠിച്ചു മുന്നോട്ടുപോകും.

കുടുംബത്തിൽനിന്നു പിൻഗാമിയെക്കുറിച്ചു പി.ജെ. ജോസഫ് ആലോചിച്ചിട്ടില്ലെന്നാണു രാഷ്ട്രീയ കേരളം കരുതിയിരുന്നത്. മകൻ അപു ജോൺ ജോസഫിന്റെ രാഷ്ട്രീയ പ്രവേശം ധാരണകൾ തിരുത്തി.

നേതാവിന്റെ മകനാണെന്നതു രാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങൾ നേടാനുള്ള കുറുക്കുവഴിയല്ല. താഴെനിന്നു പ്രവർത്തിച്ചു മെറിറ്റ് തെളിയിക്കണം എന്നാണു അപുവിനോട് ഞാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ അടുത്ത കാലത്തു വരെ അപുവിനു പൊതുപ്രവർത്തനത്തിൽ താൽപര്യമുള്ളതായി അറിഞ്ഞിരുന്നില്ല. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഗാന്ധി സ്റ്റഡി സർക്കിളിന്റെ വൈസ് ചെയർമാനായിരുന്നു അദ്ദേഹം. കേരള കോൺഗ്രസ് പോഷക സംഘടനയായ കേരള ഇൻഫർമേഷൻ ടെക്നോളജി ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റായും അപു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഗാന്ധിയൻ ആദർശങ്ങളോടുള്ള അങ്ങയുടെ ആഭിമുഖ്യം പ്രസിദ്ധമാണ്. രാഷ്ട്രീയ ജീവിതത്തെ‍ ഗാന്ധിയൻ ആശയങ്ങൾ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

പൊതുപ്രവർത്തന ജീവിതത്തിന്റെ ആരംഭം മുതൽ ഗാന്ധിയൻ ദർശനങ്ങളെ പിൻപറ്റിയിരുന്നു. സ്വയംപര്യാപ്തതയുടെ പാഠങ്ങൾ രാജ്യത്തെ പഠിപ്പിച്ചത് അദ്ദേഹമാണ്. ഗ്രാമങ്ങളുടെ ശുചിത്വം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. എനിക്കും ആ വഴിയിലൂടെ മുന്നോട്ടുപോകാൻ കഴിഞ്ഞു.

സംഗീതവും കൃഷിയുമൊക്കെ എന്നും മനസ്സിൽ സൂക്ഷിക്കുന്ന നേതാവാണ് പി.ജെ. ജോസഫ്. പൊതുപ്രവർത്തനത്തിന്റെ തിരക്കിൽനിന്നു മാറി നിൽക്കാൻ ഇവ സഹായിക്കുന്നുണ്ടോ?

രാഷ്ട്രീയത്തിൽ എത്തിയിരുന്നില്ലെങ്കിൽ ഞാൻ മുഴുവൻ സമയ കർഷകനാവുമായിരുന്നു. ആയിരത്തിലധികം ലീറ്റർ പാൽ പുറപ്പുഴയിലെ വീട്ടിലെ പശുക്കളിൽനിന്നു ദിവസേന ലഭിക്കുന്നുണ്ട്. 25 വർഷമായി തൊടുപുഴയിൽ കാർഷിക മേള സംഘടിപ്പിക്കുന്നു. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട മേളയാണത്. ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണു കാർഷിക ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. കൃഷിക്കൊപ്പം കലയ്ക്കും ജീവിതത്തിൽ തുല്യപ്രാധാന്യം നൽകുന്നു. രാഷ്ട്രീയത്തിരക്കിൽ നിന്നു മുക്തനാവാൻ സംഗീതം സഹായിക്കുന്നുണ്ട്. കാർഷിക മേളയിൽ ഈ കാലത്തിനിടയിൽ ഒരുപാടു കലാകാരന്മാരെ പങ്കെടുപ്പിക്കാൻ സാധിച്ചുവെന്നതും സന്തോഷം നൽകുന്നു.

ഇളയമകൻ ജോക്കുട്ടന്റെ വേർപാട് അപ്രതീക്ഷിതമായിരുന്നു.

കുറച്ചു കുറവുകളുള്ള കുട്ടിയായിരുന്നെങ്കിലും ഞാനും കുടുംബവും അവനെ ഒരു അനുഗ്രഹമായിട്ടാണു കരുതിയിരുന്നത്. വീടിന്റെ മുറ്റത്തു സന്ദർശകരെ നോക്കി പുഞ്ചിരിച്ച് എന്നും അവനുണ്ടായിരുന്നു. മരണത്തിനു മുൻപു തന്നെ ജോക്കുട്ടന്റെ പേരിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അവന്റെ വിടപറയലിനു ശേഷം ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കുറച്ചുകൂടി സജീവമായി. ജോക്കുട്ടന്റെ ഓർമകളുമായി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.

തൊടുപുഴയോടുള്ള ആത്മബന്ധം

തൊടുപുഴയെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്ന് ഉറപ്പുനൽകിയാണു ഞാൻ എംഎൽഎ സ്ഥാനം ഏറ്റെടുക്കുന്നത്. അച്ഛൻ പാലത്തിനാൽ പി.ഒ. ജോസഫ് കർഷകനായിരുന്നു. അച്ഛന്റെ അച്ഛനും കൃഷിക്കാരൻ. എന്നോട് അന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. തൊടുപുഴ മണ്ഡലത്തിലെ ഭൂരിഭാഗവും കർഷകരാണ്. മറ്റൊരു കർഷകനെ അവർക്കു പെട്ടെന്നു മനസ്സിലാകും. എനിക്ക് അവരെയും. ഇതൊക്കെയാവാം തൊടുപുഴയോടുള്ള ആത്മബന്ധം. കഴിഞ്ഞ കാലയളവിൽ തൊടുപുഴയിലെ ജനങ്ങളോടു നൂറുശതമാനം ആത്മാർഥതയോടെ പ്രവർത്തിക്കാൻ സാധിച്ചു. തൊടുപുഴയ്ക്കു വേണ്ടി ഒട്ടേറെ സ്വപ്ന പദ്ധതികൾ മനസ്സിലുണ്ട്.

നിയമസഭയിലെ ആദ്യദിനം എങ്ങനെയായിരുന്നു?

ആദ്യ തവണ ജയിച്ച് എത്തിയപ്പോൾ നിയമസഭാ കവാടത്തിൽ തടഞ്ഞുനിർത്തിയതാണ് എന്റെ മനസ്സിലെ ഓർമ. തൊടുപുഴയിലെ ത്രികോണ മത്സരത്തിൽ വിജയിച്ചു തലസ്ഥാനത്ത് എത്തുമ്പോൾ എന്നെപ്പോലൊരു പുതുമുഖത്തെ അവിടെ ആർക്കും അറിയില്ല. നിയമസഭയിലെ ആദ്യദിനത്തിൽ എന്നെ കാവൽക്കാരൻ ഗേറ്റിൽ തടഞ്ഞു. എംഎൽഎയുടെ ഐഡി കാർഡ് എടുക്കാനും വിട്ടുപോയിരുന്നു. കുറച്ചുനേരം കാത്തുനിന്നു. പിന്നെ പരിചയമുള്ള ആരോ വന്നപ്പോൾ കാവൽക്കാരനോടു പറഞ്ഞു കടത്തിവിടുകയായിരുന്നു.

യുഡിഎഫ് സ്ഥാപക കൺവീനർ; 6 തവണ മന്ത്രി

പി.ജെ. ജോസഫ് തൊടുപുഴ പുറപ്പുഴ വയറ്റാട്ടിൽ പാലത്തിനാൽ ജോസഫ് –അന്നമ്മ ദമ്പതികളുടെ മകനായി 1941 ജൂൺ 28നു ജനിച്ചു. സാമ്പത്തിക ശാസ്ത്രത്തിൽ ചെന്നൈ ലയോള കോളജിൽനിന്നു ബിരുദവും തേവര സേക്രഡ് ഹാർട്ട് കോളജിൽനിന്നു ബിരുദാനന്തര ബിരുദവും നേടി. കേരള കോൺഗ്രസിലൂടെ 1970ൽ നിയമസഭയിലെത്തി. എ.കെ. ആന്റണി, പിണറായി വിജയൻ, ഉമ്മൻ ചാണ്ടി എന്നീ നേതാക്കളും ആദ്യമായി നിയമസഭയിലെത്തിയത് 1970ലാണ്. 1977ലെ ആന്റണി മന്ത്രിസഭയിൽ 8 മാസം ആഭ്യന്തര മന്ത്രിയായി. പിന്നീട് 5 തവണ കൂടി മന്ത്രിയായി.

1980ൽ യുഡിഎഫ് രൂപീകരിച്ചപ്പോൾ സ്ഥാപക കൺവീനറായി. 1980, 1982, 1987, 1996, 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും തൊടുപുഴയിൽനിന്നു നിയമസഭയിലേക്കു വിജയിച്ചു. 2001ൽ പരാജയപ്പെട്ടു. 1989, 91 വർഷങ്ങളിൽ ലോക്സഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ ഡോ. ശാന്ത ആരോഗ്യ വകുപ്പിൽ അഡീഷനൽ ഡയറക്ടറായി വിരമിച്ചു. മക്കൾ: അപു ജോൺ ജോസഫ്, ഡോ. യമുന ജോസഫ്, ആന്റണി ജോസഫ്, പരേതനായ ജോ ജോസഫ്.

English Summary: Interview with PJ Joseph

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com