മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുതന്നെ
Mail This Article
തിരുവനന്തപുരം∙ മുല്ലപ്പെരിയാർ ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിന് അനുമതി നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് പുറപ്പെടുവിച്ച ഉത്തരവ് സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്നു രേഖകൾ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയെയും വനം– ജലവിഭവ മന്ത്രിമാരെയും അറിയിക്കാതെയാണു ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് ഇറക്കിയതെന്ന സൂചനയാണു മന്ത്രിമാരുടെ പ്രതികരണത്തിലുളളത്. എന്നാൽ ഈ വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി മാത്രം വച്ചു സുപ്രധാന ഉത്തരവ് പുറത്തിറക്കാനാകുമോയെന്ന ചോദ്യവും ഉയരുന്നു.

സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ കേരളത്തിന്റെ ഏക പ്രതിനിധി കൂടിയായ ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനും വിവാദ ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിരുന്നെന്നാണു രേഖകൾ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹവും ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പുമന്ത്രിയെയും എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിനു മറുപടിയില്ല.
ഈ മാസം ഒന്നിന് ജോസിന്റെ ചേംബറിൽ നടന്ന യോഗത്തിലാണു മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനമെടുത്തത്. നടപടിക്രമങ്ങളുടെയും മരംമുറിക്കാൻ അനുമതി നൽകിയതിന്റെയും കത്ത് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കൂടിയായ ചീഫ് വൈൽഡ് വാർഡൻ ബെന്നിച്ചൻ തോമസ് 5 ന് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു.
വനം വന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയ്ക്കും ഉത്തരവിനെക്കുറിച്ച് അറിവുണ്ടായിട്ടും വനം മന്ത്രിയെ അറിയിച്ചില്ല. ആഭ്യന്തര വകുപ്പിന്റെയും അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ടി.കെ.ജോസ്.
മരം മുറിക്കാൻ അനുമതി നൽകിയ കേരള സർക്കാരിനെ അഭിനന്ദിച്ചു തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനു ശനിയാഴ്ച കത്തയച്ചപ്പോൾ മാത്രമാണു മുഖ്യമന്ത്രിയും വനംമന്ത്രി എ.കെ.ശശീന്ദ്രനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും ഉത്തരവിനെക്കുറിച്ച് അറിയുന്നത്. തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാദം.
15 വർഷം മുൻപ് എതിർത്തു; ഇപ്പോൾ ഉത്തരവ്
ബേബി ഡാമിനു താഴെയുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ഉത്തരവിട്ട ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, മരം മുറിക്കാനുള്ള തമിഴ്നാട് നീക്കത്തെ 15 വർഷം മുൻപ് എതിർത്തിരുന്നതായി രേഖകൾ. തേക്കടി ഡിഎഫ്‍ഒ ആയിരുന്ന കാലയളവിലായിരുന്നു ഇത്. മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാട് ഉദ്യോഗസ്ഥർ മണ്ണുമാന്തി യന്ത്രവുമായി എത്തിയപ്പോൾ ബെന്നിച്ചൻ തോമസ് ഇതു പിടിച്ചെടുത്തിരുന്നു. തുടർന്നുനീക്കം അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങി.
മുറിച്ചു മാറ്റാൻ അനുമതി നൽകിയ മരങ്ങൾ: ഉന്നം, പൊരിവെട്ടി, മുളകുനാറി, താന്നി, കുമ്പിൾ, വഴന, ഞാവൽ, കാട്ടുറബർ.
Content Highlight: Mullaperiyar baby dam