ADVERTISEMENT

അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണനെ കെഎസ്ഇബി ചെയർമാൻ ഡോ. ബി.അശോക് അനുസ്മരിക്കുന്നു

പ്രയാർ ഗോപാലകൃഷ്ണൻ ഓർമയാകുമ്പോൾ നമുക്കു നഷ്ടമാകുന്നതു കേരളത്തിനു കിട്ടേണ്ടിയിരുന്ന ഏറ്റവും മികച്ച കൃഷിമന്ത്രിയെയാണ്. കാർഷിക – ക്ഷീര വികസന വിഷയങ്ങളിൽ പരന്ന അറിവും അവബോധവും ഉണ്ടായിരുന്ന അപൂർവം രാഷ്ട്രീയനേതാക്കളിൽ ഒരാളായിരുന്നു പ്രയാർ. കേരളത്തിന്റെ കൃഷിമന്ത്രിയായി അദ്ദേഹം വന്നിരുന്നെങ്കിൽ നമ്മുടെ കൃഷിമേഖല മറ്റൊരു തലത്തിലേക്കു വളരുമായിരുന്നു.

കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്കു സർക്കാർ നിയോഗിച്ച പ്രതിനിധിയായി വന്നപ്പോഴാണു പ്രയാറിനെ ആദ്യം പരിചയപ്പെടുന്നത്. എസ്എഫ്ഐ ബാനറിൽ മത്സരിച്ചു ജയിച്ചു ബിരുദവിദ്യാർഥികളുടെ മണ്ഡലത്തിൽനിന്നു ഞാനും ജനറൽ കൗൺസിലിൽ ഉണ്ടായിരുന്നു. ‘മിൽമ’യുടെ സാരഥിയായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ആയിരുന്നു ആ ജനറൽ കൗൺസിലിലെ ഏറ്റവും ശോഭിച്ച അംഗം. കാർഷിക വിദഗ്ധരുടെ ശ്രദ്ധയിൽപോലും വന്നുതുടങ്ങിയിട്ടില്ലാത്ത ഗവേഷണഫലങ്ങളും കന്നുകാലി സമ്പദ്‌വ്യവസ്ഥയുടെയും ക്ഷീര വിപ്ലവത്തിന്റെയുമെല്ലാം ആഴങ്ങളും പ്രയാറിനു മനഃപാഠമായിരുന്നു. 

അന്നൊക്കെ ജനറൽ കൗൺസിലിൽ കൂടുതൽ സമയം അപഹരിച്ചിരുന്നത് അധ്യാപകരുടെയും ജീവനക്കാരുടെയും സേവന–വേതന പ്രശ്നങ്ങളും അക്കാദമിക് – വൈജ്ഞാനിക പ്രവർത്തനങ്ങളുമായി ബന്ധവുമില്ലാത്ത കാര്യങ്ങളുമായിരുന്നു. പ്രയാറിന്റെ ഇടപെടലുകൾ എപ്പോഴും ആ ചർച്ചയെ ശാസ്്രത–സാങ്കേതിക വിദ്യയുടെയും മാനേജ്മെന്റിന്റെയും തലത്തിലേക്കു കൊണ്ടുവന്നു. ‘‘സർവകലാശാല കർഷകനു വേണ്ടിയാണ്, വിരലി‍ൽ എണ്ണാവുന്ന കാർഷിക ശാസ്ത്രജ്ഞർക്കും ഇവിടത്തെ ജീവനക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയല്ല’’ എന്നു വൈസ് ചാൻസലറോടും ഭരണസമിതിയോടും പറയാൻ പ്രയാറിന് ഒരു മടിയും ഉണ്ടായിരുന്നില്ല. 

മിൽമയുടെ ചെയർമാൻ ആയി ദീർഘകാലം പ്രവർത്തിച്ചപ്പോഴും ആ ദീർഘവീക്ഷണവും കാഴ്ചപ്പാടും നമ്മൾ കണ്ടതാണ്. ‘മിൽമ’യെ ഇന്നു കാണുന്ന രൂപത്തിലാക്കാൻ ആ ശുഭ്രവസ്ത്രധാരി ഒഴുക്കിയ വിയർപ്പിന്റെ കഥകൾ ചരിത്രത്തിന്റെ ഏടുകളിലുണ്ട്. അദ്ദേഹം നിയമസഭയിൽ ഒരുവട്ടം മാത്രമേ അംഗമായിട്ടുള്ളൂ. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തു ശ്രദ്ധേയനായി. 

പരന്ന വായന ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഭ്രൂണമാറ്റ പ്രക്രിയയെക്കുറിച്ച് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നതിനെക്കാളേറെ മിഴിവോടെ അദ്ദേഹത്തിനു വിശദീകരിക്കാൻ കഴിയുമായിരുന്നു. 

വർഷങ്ങൾക്കു ശേഷം വെറ്ററിനറി സർവകലാശാലയുടെ വൈസ് ചാൻസലറായി പ്രവർത്തിക്കാൻ എനിക്കു നിയോഗം ഉണ്ടായപ്പോൾ അദ്ദേഹം വിളിച്ചു. ഒരു വെച്ചൂർ പശുവിനെ കിട്ടിയാൽ കൊള്ളാമെന്നും വില തരാമെന്നുമായിരുന്നു അഭ്യർഥന. ക്ഷീരമേഖലയിലെ പ്രയാറിന്റെ സംഭാവനകൾ മുൻനിർത്തി ഭരണസമിതിയെക്കൊണ്ട് ഒരു വെച്ചൂർ പശുവിനെ അദ്ദേഹത്തിനു വില ഈടാക്കാതെ നൽകാൻ തീരുമാനമെടുപ്പിച്ചു. അദ്ദേഹത്തിന്റെ നന്ദിവാക്കുകൾ ഇന്നും എന്റെ കാതുകളിലുണ്ട്.

Content Highlight: Prayar Gopalakrishnan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com