മെഡിക്കൽ കോളജ് അക്രമം: പ്രതികളായ ഡിവൈഎഫ്ഐക്കാരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Mail This Article
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളായ 5 ഡിവൈഎഫ്ഐ–സിപിഎം പ്രവർത്തകരെ സ്പെഷൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ഏഴാം കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. 28 മണിക്കൂർ സമയത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ. സെക്രട്ടറിയുമായ കോവൂർ കരിങ്കുമ്മൽ കെ.അരുൺ എന്ന ഉണ്ണി (34), ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഇരിങ്ങാടൻപള്ളി സ്വദേശി മരങ്ങോളിനിലം പീതാംബരത്തിൽ എം.കെ.അഷിൻ (24), സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഇരിങ്ങാടൻപള്ളി സ്വദേശി പൊയ്യേരി പുതുക്കുടി കെ.രാജേഷ് എന്ന രാജു (43), ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് മായനാട് സ്വദേശി ഇയ്യക്കാട്ടിൽ മുഹമ്മദ് ഷബീർ (33), കോവൂർ സ്വദേശി മഠത്തിൽ സജിൻ (20) എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഓഗസ്റ്റ് 31നു രാവിലെ 9.40നാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ 3 സുരക്ഷാ ജീവനക്കാരെയും ഒരു മാധ്യമ പ്രവർത്തകനെയും പ്രതികൾ ആക്രമിച്ചത്. പ്രതികൾക്കെതിരെ പൊതുസേവകനെ ഗുരുതരമായി പരുക്കേൽപിച്ച വകുപ്പുകൂടി കഴിഞ്ഞ ദിവസം പൊലീസ് ചേർത്തിരുന്നു. ഇതിനു പുറമേ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
പൊലീസിനെതിരെ ഡിവൈഎഫ്ഐ
കോഴിക്കോട് ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു പിന്നാലെ സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബറിനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു രംഗത്തെത്തി. കമ്മിഷണർ വ്യക്തിപരവും രാഷ്ട്രീയവുമായ താൽപര്യത്തിനാണ് പ്രവർത്തിക്കുന്നതെന്നും പ്രതിയാണെന്നു പറയുന്ന ഒരാളുടെ ഭാര്യയെ പോലും പൊലീസ് അപമാനിച്ചുവെന്നും ഷൈജു ആരോപിച്ചു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും പറഞ്ഞു.
English Summary: Kozhikode medical college attack case