ഇനി ഓർമ, എഴുത്തിലെ തലപ്പൊക്കം !
Mail This Article
തിരുവനന്തപുരം∙ കാഴ്ചയിലെ തലപ്പൊക്കം കൃതികളിലും വെളിവാക്കിയ എഴുത്തുകാരനായിരുന്നു സതീഷ് ബാബു പയ്യന്നൂർ. ആറടിയിലേറെ ഉയരമുണ്ടായിരുന്ന സതീഷ് ബാബു തന്റെ വിനയവും സഹൃദയത്വവും കൊണ്ട് അതിലേറെ ഉയരം കാണിച്ചു. 59–ാം വയസ്സിൽ വിടപറയുമ്പോൾ ഇനിയും എത്രയോ എഴുതേണ്ടിയിരുന്നയാൾ കടന്നുപോകുന്നുവല്ലോ എന്നാണ് വായനക്കാരുടെ ചിന്ത. ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ മറുപടി നൽകിയത് ഇങ്ങനെ: എല്ലാം ഒരു നിമിത്തം ! നേരിടേണ്ടി വന്ന അനുഭവങ്ങളായിരുന്നു സതീഷ് ബാബുവിനെക്കൊണ്ട് ഇതു പറയിച്ചത്.
പേരിൽ പയ്യന്നൂരുണ്ടെങ്കിലും തലസ്ഥാനത്തിന്റെ വിലാസമുള്ള എഴുത്തുകാരനായിരുന്നു . തിരുവനന്തപുരമാണ് കർമകാണ്ഡമെങ്കിലും ഉള്ളുകൊണ്ട് താനൊരു മലബാറുകാരനാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൂന്നു പതിറ്റാണ്ട് മുൻപാണ് ബാങ്ക് ഉദ്യോഗസ്ഥനായി തലസ്ഥാന നഗരത്തിൽ എത്തുന്നത്. 1985 മുതൽ 2001 വരെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ഉദ്യോഗസ്‌ഥനായിരുന്നു. 2001 ൽ ബാങ്ക് ജോലി വിട്ട് ദൃശ്യമാധ്യമ രംഗത്തെത്തി. അപ്പോഴും ശിഷ്ടകാലം ഇവിടെ ജീവിതമെന്ന് തീരുമാനിക്കുകയായിരുന്നു.
അമ്മയുടെ സ്വദേശമായ പാലക്കാട് പത്തിരിപ്പാലയിൽ 1963 ഓഗസ്റ്റ് 13നായിരുന്നു സതീഷ് ബാബുവിന്റെ ജനനം. അച്ഛന്റെ ദേശമായ പയ്യന്നൂരിനോടായിരുന്നു കൂടുതൽ ആത്മബന്ധം. സ്കൂൾ, കോളജ് പഠനവും അവിടെയായിരുന്നു. തിരുവനന്തപുരത്തു ചുവടുറപ്പിച്ചപ്പോഴും എല്ലാ തിരക്കുകൾക്കുമിടയിൽ ഇടയ്ക്കിടെ ട്രെയിനിൽ മലബാറിലേക്കു യാത്രയുണ്ടായിരുന്നു . അവിടെ തെയ്യമായിരുന്നു ഗൃഹാതുരത്വം. തെയ്യം കലാകാരന്മാരുടെ ജീവിതം തിളയ്‌ക്കുന്ന കടൽപോലെ അലച്ചുവന്നപ്പോഴാണ് ആദ്യനോവൽ പിറന്നത്. തെയ്യം ആവേശിച്ച ഒരു രാത്രിയിൽ എഴുത്ത് ആരംഭിക്കുകയായിരുന്നു. ആദ്യം ശീർഷകമെഴുതി : ‘ദൈവപ്പുര !
സാഹിത്യം, പത്രപ്രവർത്തനം
പയ്യന്നൂർ ഗവ. ഹൈസ്‌കൂളിലെ പഠനകാലത്തു തന്നെ കഥകളും ഫീച്ചറുകളും എഴുതിയിരുന്നു. സ്‌കൂൾ യുവജനോത്സവങ്ങളിൽ സാഹിത്യ ഇനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. പയ്യന്നൂർ കോളജിലെയും കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെയും പഠനകാലം സതീഷ് ബാബുവെന്ന എഴുത്തുകാരനെ സാഹിത്യ ലോകത്തിൽ അടയാളപ്പെടുത്തി. നെഹ്‌റു കോളജിൽ ‘ക്യാംപസ് ടൈംസ്’ എന്നൊരു പത്രം പുറത്തിറക്കിയിരുന്നു. കാസർകോട്ടുനിന്നു പ്രസിദ്ധീകരിച്ച ‘ഈയാഴ്‌ച വാരിക’യുടെയും പത്രാധിപരായി. ജീവിതം പത്രപ്രവർത്തനത്തിലേക്കു വഴിമാറുമെന്ന് തോന്നിയ ഘട്ടത്തിലാണ് പ്രമുഖ പത്രാധിപർ എസ്.ജയചന്ദ്രൻ നായരുടെ മുന്നിലെത്തിയത്.
കഥാകൃത്ത് ആകാൻ തീരുമാനിച്ചാൽ മുഴുവൻ സമയ പത്രപ്രവർത്തകൻ ആകരുതെന്ന് അദ്ദേഹം കർശന ഉപദേശം നൽകി. തുടർന്ന് ടെസ്‌റ്റ് എഴുതിയാണ് ബാങ്ക് ഉദ്യോഗസ്ഥനാകുന്നത്. എഴുത്തിന്റെ ലോകത്ത് ഏറെ സജീവമായതോടെ ആ ജോലിയും ഉപേക്ഷിച്ചു.കാസർകോടൻ ജീവിതകാലത്താണ് ആദ്യ 4 നോവലുകൾ പിറന്നത്. ‘ദൈവപ്പുര’യും സായാഹ്ന പത്ര പ്രവർത്തകരുടെ ജീവിതം പറഞ്ഞ ‘മഞ്ഞസൂര്യന്റ നാളുകളും’ ഏറെ ശ്രദ്ധിക്കപ്പെട്ടു. കാവുമ്പായി കർഷക സമരത്തിന്റെ പശ്‌ചാത്തലത്തിലുള്ള ‘മണ്ണ്’ എഴുതിയത് ശ്രീകണ്‌ഠാപുരത്തു ജോലി ചെയ്യുന്ന കാലത്താണ്. മലബാറിലെ കുടിയേറ്റ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് ‘വിലാപവൃക്ഷത്തിലെ കാറ്റ്’ എന്ന നാലാം നോവൽ.
സിനിമ, ടെലിവിഷൻ കാലം
തൊണ്ണൂറുകളുടെ തുടക്കത്തിൽ സതീഷ് ബാബു സിനിമ, ടിവി മേഖലയിലേക്ക് ശ്രദ്ധ തിരിച്ചു. 2 സിനിമകൾക്കു തിരക്കഥയെഴുതി. ടെലിഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്‌തു. ‘ഗൾഫിലുണരുന്നൂ കേരളം’ എന്ന പരമ്പരയ്ക്കായി വിദേശ രാജ്യങ്ങൾ സന്ദർശിച്ചു. ‘യൂറോപ്യൻ സ്‌കെച്ചുകൾ’ എന്ന പരമ്പരയും ശ്രദ്ധേയമായി. 2001ൽ പനോരമ ടെലിവിഷൻ കമ്പനി തുടങ്ങി. ഇക്കാലയളവിൽത്തന്നെ നോവലുകളെയും കഥകളെയും തേടി ശ്രദ്ധേയമായ പുരസ്കാരങ്ങളുമെത്തി. അവസാന നാളുകളിൽ പേരിടാത്ത ഒരു സിനിമയുടെ രചനയിലായിരുന്നു.
ഏറ്റവും ഒടുവിലെ ഫെയ്സ്‌ബുക് പോസ്റ്റ് ‘ഹാസൻ അഭിനയിക്കാതെ പോയ ഒരു സിനിമ’ എന്ന ഒടുവിലത്തെ പുസ്തകത്തെക്കുറിച്ചായിരുന്നു. കോവിഡ് അടച്ചുപൂട്ടലിന്റെ കാലത്ത് ഒറ്റപ്പെട്ടുപോയ മനുഷ്യാവസ്ഥയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. നടൻ കമൽഹാസന്റെ കയ്യിൽ പുസ്തകം എത്തിച്ചേർന്നതിനെക്കുറിച്ചാണ് സതീഷ് ബാബു എഴുതിയത്. വർഷങ്ങൾക്കു മുൻപ് കമലിന്റെ മുന്നിൽ ഒരു തിരക്കഥയുമായി സതീഷ് ബാബു പോയിരുന്നു. ചർച്ചയ്ക്കു ശേഷം കമൽ തന്റെ കാറോടിച്ചാണ് സതീഷ് ബാബുവിനെ മടക്കയാത്രയ്ക്കായി മദിരാശി റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. ഇപ്പോഴിതാ ഒടുവിലെ യാത്രയും !
തൂലികയിൽ പിറന്നത് 12 നോവലുകൾ, 200 ചെറുകഥകൾ
ഇരുനൂറോളം ചെറുകഥകളും 12 നോവലുകളും രചിച്ചിട്ടുണ്ട് സതീഷ്ബാബു പയ്യന്നൂർ. പേരമരം എന്ന ചെറുകഥാ സമാഹാരത്തിനു സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ടെലിഫിലിമുകളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ഭാരത് ഭവൻ മെംബർ സെക്രട്ടറിയായും ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. ദൈവപ്പുര, ഒരു തൂവലിന്റെ സ്‌പർശം, മണ്ണ്, ഹൃദയദൈവതം, മഴയിലുണ്ടായ മകൾ, മഞ്ഞസൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ, വൃശ്ചികം വന്നു വിളിച്ചു, സീൻ ഓവർ, കലികാൽ തുടങ്ങിയവയാണു പ്രധാന കൃതികൾ. നക്ഷത്രക്കൂടാരം എന്ന സിനിമയ്ക്കു തിരക്കഥയെഴുതി. ‘ഓ ഫാബി’ എന്ന ചിത്രത്തിന്റെ രചനയിൽ പങ്കാളിയായി.
English Summary : Writer Satheesh Babu Payyanur passes away