കാരുണ്യക്കടൽ; നിർധനരെ ചേർത്തു പിടിച്ചായിരുന്നു മാർ പൗവത്തിലിന്റെ ഇടയ ശുശ്രൂഷ
![mar-joseph-powathil-1 mar-joseph-powathil-1](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/3/18/mar-joseph-powathil-1.jpg?w=1120&h=583)
Mail This Article
‘സത്യത്തിലും ഉപവിയിലും’ എന്നതായിരുന്നു മെത്രാഭിഷിക്തനാകുമ്പോൾ മാർ പൗവത്തിലിന്റെ സ്ഥാനീയ ചിഹ്നത്തിലെ ആദർശവാക്യം. ഇതിനോടു പൂർണമായി നീതി പുലർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇടയ ജീവിതം. മെത്രാൻ സ്ഥാനത്തേക്ക് അഭിഷിക്തനായതിന്റെ സ്മരണയ്ക്കായി മാർ പൗവത്തിൽ ആരംഭിച്ച പ്രസ്ഥാനമാണ് അതിരൂപത ജീവകാരുണ്യ നിധി. നിർധനരെ സഹായിക്കുക എന്നതായിരുന്നു ലക്ഷ്യം. എല്ലാ വർഷവും ഡിസംബറിൽ വീടുകളിലേക്ക് ഒരു കവർ എത്തിക്കുകയും അതിൽനിന്നു ലഭിക്കുന്ന ചെറിയ തുകകൾ ചേർത്തു വച്ച് അർഹതയുള്ളവർക്ക് സഹായം നൽകുകയുമാണു ചെയ്തിരുന്നത്.
1983ൽ തന്റെ ജൂബിലിയോടനുബന്ധിച്ച് കർദിനാൾ മാർ ആന്റണി പടിയറ കുറച്ചധികം തുക ഈ പ്രസ്ഥാനത്തിനു നൽകി. ഈ തുക ഉപയോയിച്ച് ജീവകാരുണ്യ നിധി കൂടുതൽ വിപുലപ്പെടുത്തി. നിർധന വിദ്യാർഥികളുടെ പഠനാവശ്യത്തിനായി ‘ലോൺ സ്കോളർഷിപ്’ നൽകിത്തുടങ്ങി. മാർ പൗവത്തിലിനു ലഭിച്ചിരുന്ന പുരസ്കാരങ്ങളുടെ തുകകൾ ജീവകാരുണ്യ നിധിയിലേക്കാണു കൊടുത്തിരുന്നത്.
2004ൽ ജീവകാരുണ്യനിധി ട്രസ്റ്റ് എന്ന പേരിൽ റജിസ്റ്റർ ചെയ്തു. ഇതുവരെ 10.25 കോടി രൂപ ലോൺ കൊടുത്തു. കളർ എ ഡ്രീം എന്നതാണ് ഈ പ്രോജക്ടിന്റെ പുതിയ പേര്. കളർ എ ഹോം എന്ന പദ്ധതിയും പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. നിർധനർക്കുള്ള ഭവന നിർമാണ പദ്ധതിയാണിത്. മാർ പൗവത്തിലിന്റെ മെത്രാഭിഷേ സുവർണ ജൂബിലിയോടനുബന്ധിച്ച് 50 വീടുകൾ നിർമിച്ചു നൽകുന്നുമുണ്ട്.
മാർത്തോമാ വിദ്യാനികേതന് പിന്നിലും പൗവത്തിൽ
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തീരുമാനപ്രകാരം അൽമായർക്കു വിശ്വാസപരമായ കാര്യങ്ങളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ഏഷ്യയിൽ തന്നെ ആദ്യമായി ഒരു പ്രസ്ഥാനം രൂപപ്പെടുത്തിയതു മാർ പൗവത്തിലാണ്. ‘മാർത്തോമാ വിദ്യാനികേതൻ’ എന്ന പേരിൽ 3 പതിറ്റാണ്ട് മുൻപ് അൽമായർക്കായി മതപഠന കേന്ദ്രം ചങ്ങനാശേരിയിൽ തുടങ്ങി. വേദശാസ്ത്ര പഠനത്തിൽ ബിരുദാനന്തര ബിരുദം വരെയുള്ള കോഴ്സുകൾ ചെയ്യാൻ ഇവിടെ ഇപ്പോൾ സൗകര്യമുണ്ട്.
English Summary : Mar Joseph Powathil take care of poor peoples in his pastoral life