ഉമർ ഫൈസിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി.പി.സുഹറ

Mail This Article
കോഴിക്കോട്∙ തട്ടമിടാത്ത സ്ത്രീകളെ 'അഴിഞ്ഞാട്ടക്കാരി' എന്നു സ്വകാര്യ ചാനലിൽ പരസ്യ പ്രസ്താവന നടത്തിയ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി ആവശ്യപ്പെട്ട് 'നിസ' പ്രസിഡന്റ് വി.പി.സുഹറ പൊലീസ് കമ്മിഷണർ രാജ്പാൽ മീണയ്ക്ക് പരാതി നൽകി. ഇസ്‌ലാമിനെയും മുസ്‌ലിം വിശ്വാസികളെയും മുസ്‌ലിം സ്ത്രീകളെയും അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് ഉമർ ഫൈസി നടത്തിയതെന്നു പരാതിയിൽ പറഞ്ഞു.
സമസ്ത നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം നല്ലളം ഗവ. ഹൈസ്കൂളിൽ നടന്ന കുടുംബശ്രീയുടെ 'തിരികെ സ്കൂളിലേക്ക്' പരിപാടിക്കിടെ പ്രസംഗത്തിനിടയിൽ വി.പി.സുഹറ തട്ടം മാറ്റിയിരുന്നു. ഇതേ തുടർന്ന് വേദിയിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഇവർക്കെതിരെ പ്രതിഷേധിക്കുകയും വിമർശിക്കുകയും ചെയ്തു. ഇതോടെ കുടുംബശ്രീ അംഗങ്ങളും സുഹറയ്ക്കെതിരെ പ്രതിഷേധിച്ചതോടെ പരിപാടിയിൽനിന്ന് അവർക്കു പിൻമാറേണ്ടി വന്നു. തുടർന്ന് പിടിഎ പ്രസിഡന്റ് ഷാഹുൽ ഹമീദിനെതിരെ അവർ നല്ലളം പൊലീസിൽ പരാതി നൽകി.