ഉദ്യോഗാർഥികളെ വെട്ടിലാക്കിയ പരീക്ഷണം പിൻവലിച്ച് പിഎസ്സി; എൽഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ ഇനി ഒറ്റപ്പരീക്ഷ
![psc-assistant psc-assistant](https://img-mm.manoramaonline.com/content/dam/mm/mo/thozhilveedhi/news-updates/images/2022/12/8/psc-assistant.jpg?w=1120&h=583)
Mail This Article
കോഴിക്കോട് ∙ പ്രാഥമിക പരീക്ഷ എന്ന പരീക്ഷണം പിഎസ്‌സി പിൻവലിച്ചു. ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഇനി ഒറ്റപ്പരീക്ഷ മാത്രം. ഇതോടെ 10–ാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കു പ്രാഥമിക പരീക്ഷ ഉണ്ടാകില്ല. പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കു നേരത്തേ പ്രാഥമിക പരീക്ഷ പിൻവലിച്ചിരുന്നു.
ഒരേ ഉദ്യോഗാർഥി തന്നെ പ്രാഥമിക, മെയിൻ പരീക്ഷ എഴുതുന്ന രീതി ഒഴിവായി ഒറ്റപ്പരീക്ഷ കൊണ്ടു തന്നെ റാങ്ക് പട്ടികയിൽ കയറാൻ കഴിയും. ഉദ്യോഗാർഥികളുടെ എണ്ണക്കൂടുതൽ പരിഹരിക്കാൻ 3 ജില്ലകൾക്കായി ഒരു പരീക്ഷ എന്ന രീതി നടപ്പാക്കും. എന്നാൽ, ബിരുദം യോഗ്യതയായ തസ്തികകളിൽ പ്രാഥമിക പരീക്ഷയുണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല.
2 വർഷം മുൻപാണ് പിഎസ്‌സി പ്രാഥമിക പരീക്ഷ ആരംഭിച്ചത്. പരീക്ഷണം വൻ പരാജയമായിരുന്നെന്നു തുടക്കം മുതൽ ആക്ഷേപം ഉയർന്നിരുന്നു. ഒരേ പരീക്ഷ പലഘട്ടങ്ങളായി നടത്തുമ്പോൾ ചില ഘട്ടത്തിൽ പരീക്ഷ എഴുതിയവർ കൂട്ടത്തോടെ പുറത്തായി. 10–ാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലെ പ്രാഥമിക പരീക്ഷയുടെ ഫലം വന്നപ്പോൾ 3,5 ഘട്ടത്തിൽ എഴുതിയവർ കൂട്ടത്തോടെ പുറത്തായതായി ‘മലയാള മനോരമ’ വിവരാവകാശം വഴി നേടിയ കണക്കുകളിലൂടെ വ്യക്തമാക്കിയിരുന്നു.
പരീക്ഷ എഴുതുന്നവരുടെ എണ്ണക്കൂടുതൽ, ഫലം പ്രസിദ്ധീകരിക്കാനുള്ള എളുപ്പം, ചെലവു കുറയ്ക്കൽ തുടങ്ങിയവയാണു പ്രാഥമിക പരീക്ഷയ്ക്കു കാരണമായി പിഎസ്‌സി ചൂണ്ടിക്കാട്ടിയത്. എന്നാൽ, പുതിയ പരീക്ഷണം കൊണ്ട് ഈ ലക്ഷ്യങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെന്നു തെളിയിക്കുന്നതാണു പിന്മാറ്റം. പരീക്ഷണം പിൻവലിക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇക്കാരണം കൊണ്ടു പുറത്താക്കപ്പെട്ട ഉദ്യോഗാർഥികൾ നിയമനടപടിയുമായി മുന്നോട്ടു പോകാനും സാധ്യതയുണ്ട്.
എന്താണ് പ്രാഥമിക പരീക്ഷ ?
സമാനയോഗ്യതയുള്ള തസ്തികകളിലേക്ക് ആദ്യം പ്രാഥമിക പരീക്ഷ (പ്രിലിമിനറി), അതിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി പ്രധാന പരീക്ഷ (മെയിൻ), തുടർന്നു കട്ട് ഓഫ് മാർക്ക് നേടിയവരെ ഉൾപ്പെടുത്തി റാങ്ക് പട്ടിക, തുടർന്നു നിയമനം എന്നതായിരുന്നു രീതി. ഉദ്യോഗാർഥികളുടെ എണ്ണക്കൂടുതൽ കൊണ്ടു വിവിധ ഘട്ടങ്ങളിലായാണു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഇതിൽ ചില ഘട്ടങ്ങളിൽ പരീക്ഷ എഴുതുന്നവർക്ക് 10–ാം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളും മറ്റു ചിലർക്കു ബിരുദതല നിലവാരത്തിലുള്ള ചോദ്യങ്ങളും ലഭിക്കുന്നതായിരുന്നു പ്രശ്നം.
എൽഡിസി വിജ്ഞാപനം 30ന്, ലാസ്റ്റ് ഗ്രേഡ് ഡിസംബറിൽ
തിരുവനന്തപുരം ∙ വിവിധ വകുപ്പുകളിലേക്ക് ജില്ലകളിൽ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. ക്ലാർക്ക് തസ്തികയുടെ വിജ്ഞാപനം 30നും ലാസ്റ്റ് ഗ്രേഡിന്റേത് ഡിസംബറിലും ഇറക്കും. വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഇല്ല. അടുത്ത ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024 ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2024 ലെ പരീക്ഷകളുടെ കലണ്ടർ ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. 2024 ൽ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷ കമ്മിഷൻ നിശ്ചയിക്കുന്ന മുറയ്ക്ക് കലണ്ടറിൽ ഉൾപ്പെടുത്തും.