കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആര് ?; മറനീക്കാതെ ദുരൂഹത; വീടുമായി അടുത്ത ബന്ധമുള്ളവരാണെന്ന് സൂചന നൽകി പൊലീസ്

Mail This Article
കൊല്ലം ∙ അബിഗേലിനെ കണ്ടെത്തിയെങ്കിലും അവളെ തട്ടിക്കൊണ്ടുപോയതാരെന്ന ചോദ്യത്തിനു പൊലീസിന് കൃത്യമായ ഉത്തരമില്ല. 3 ജില്ലകളിൽ പഴുതടച്ചു പരിശോധിച്ചെന്ന് അവകാശപ്പെടുന്ന പൊലീസിനെ ഇരുട്ടിലാക്കി, പ്രതികൾ പുറത്തുനിൽക്കുന്നു.
വീടുമായി അടുത്ത ബന്ധമുള്ളവരാണു കൃത്യത്തിനു പിന്നിലെന്നാണു പൊലീസ് നൽകുന്ന സൂചന. യുവതി ഉൾപ്പെടെ 2 പേർ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. ക്വട്ടേഷൻ സംഘമാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ച 2 തവണ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഈ സമയത്തൊക്കെയും അബിഗേലിന്റെ മുത്തശ്ശി ലില്ലിക്കുട്ടിയാണ് കുട്ടികളെ വീടിനു തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേക്കു ട്യൂഷനു കൊണ്ടുവിട്ടിരുന്നത്. അവരുടെ സാന്നിധ്യത്തിൽ തട്ടിക്കൊണ്ടുപോകാൻ പ്രയാസമാണെന്നു കരുതിയാവാം ശ്രമം ഉപേക്ഷിച്ചത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ദിവസങ്ങളായി വീടിന്റെ പരിസരത്തു പലപ്പോഴും പാർക്കു ചെയ്തിരുന്നതായി മൊഴികളുണ്ട്. തക്കം പാർത്തു കിടന്നതാകാം എന്നാണു നിഗമനം.
27നു വൈകിട്ടും ലില്ലിക്കുട്ടിക്കൊപ്പമാണു കുട്ടികൾ ട്യൂഷനായി പുറത്തേക്കിറങ്ങിയത്. എന്നാൽ, ആ സമയത്ത് ഇവരുടെ ഫോണിലേക്ക് ഒരു മിസ്ഡ് കോൾ വന്നു. വിളിച്ചത് ആരെന്ന് അറിയാനായി ഫോൺ നോക്കുമ്പോഴാണു കുട്ടികൾ ട്യൂഷനെടുക്കുന്ന വീട്ടിലേക്കു പോയത്. മുത്തശ്ശിയുടെ ശ്രദ്ധ അകറ്റാനുള്ള സംഘത്തിന്റെ ശ്രമം ഒരു പരിധി വരെ വിജയിച്ചു.
സൂക്ഷ്മമായ ആസൂത്രണമാണു ക്വട്ടേഷൻ സംഘമാണു കുറ്റകൃത്യത്തിനു പിന്നിലെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചത്. കുട്ടിയിൽനിന്നു ലഭിക്കുന്ന മൊഴിയുടെ അടിസ്ഥാനത്തിലാകും തുടരന്വേഷണം. 6 വയസ്സുള്ള കുട്ടിയിൽനിന്നു ലഭിക്കുന്ന ചെറിയ വിവരങ്ങളും തുടരന്വേഷണത്തിൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണു പൊലീസ്.
നാടടച്ചു പൊലീസ്; ഓട്ടോയിൽ കുട്ടിയുമായി പ്രതി
പൊലീസ് നാടടച്ചു തിരച്ചിൽ നടത്തുമ്പോൾ പ്രതിയെന്നു സംശയിക്കുന്ന സ്ത്രീ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി അബിഗേലിനെ ആശ്രാമം മൈതാനത്തെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇവരുടെ രേഖാചിത്രം തയാറാക്കാനുളള ശ്രമത്തിലാണു പൊലീസ്.
ആശ്രാമം മൈതാനത്ത് അബിഗേലിനെ തിരിച്ചറിഞ്ഞ എസ്എൻ കോളജ് വിദ്യാർഥിനികളാണു പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നെത്തിയ പൊലീസ് കുട്ടിയെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് എആർ ക്യാംപിലും എത്തിച്ചു. ഇവിടെനിന്നു പിതാവ് റെജി കുട്ടിയെ ഏറ്റുവാങ്ങി. ഡോക്ടറെത്തി വിദഗ്ധ പരിശോധന നടത്തി. ആരോഗ്യപ്രശ്നങ്ങളില്ലെന്നാണു റിപ്പോർട്ട്. പിന്നീടു വിക്ടോറിയ ആശുപത്രിയിലേക്കു മാറ്റി. അബിഗേലിന്റെ അമ്മ സിജിയും സഹോദരൻ ജോനാഥനും പിന്നാലെ എആർ ക്യാംപിലെത്തി.
ഇന്നലെ രാവിലെ തന്നെ എഡിജിപി എം.ആർ.അജിത് കുമാർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി തിരച്ചിലിനു മേൽനോട്ടം വഹിച്ചെങ്കിലും രാവിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു സംഘത്തിന്റെ യാത്രാപഥം തെളിഞ്ഞത്. എന്നിട്ടും പ്രതികളെയോ അവർ ഉപയോഗിച്ച വാഹനങ്ങളോ കണ്ടെത്താനായില്ല.