ADVERTISEMENT

തിരുവനന്തപുരം∙ 2030ൽ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനമെന്ന ലക്ഷ്യവുമായി കേന്ദ്രം മുന്നോട്ടു പോകുമ്പോൾ കേരളവും അതിനൊപ്പം ചുവടുവയ്ക്കും. ഭാവിയുടെ ഇന്ധനമായി കണക്കാക്കുന്ന ഹൈഡ്രജൻ പ്രകൃതി സൗഹൃദമായി ഉൽപാദിപ്പിക്കുന്നതിൽ കേരളത്തിന്റെ ഹബ് ആയി കൊച്ചി മാറും . കാർബൺ പുറംതള്ളാത്ത ഇന്ധനമായ ഹൈഡ്രജൻ റോഡ്, എയർ, ഷിപ്പിങ് ഗതാഗതത്തിനും ബഹിരാകാശ റോക്കറ്റിലും ഭാരം കുറഞ്ഞ ഇന്ധന ബദൽ കൂടിയാണ്. വളം നി‍ർമാണത്തിനും ഹൈഡ്രജൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഉൽപാദനച്ചെലവ് കുറഞ്ഞാലേ ഹൈഡ്രജൻ ഉപയോഗം പ്രായോഗികമാകൂ. പദ്ധതിക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന സഹായമാണ് പ്രധാനം. സാധാരണ ഹൈഡ്രജന്റെ അഞ്ചിരട്ടിയോളമാണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദനച്ചെലവ്.

ഗ്രീൻ ഹൈഡ്രജൻ

വെള്ളം പോലെയുള്ള സംയുക്തങ്ങളിൽ നിന്ന്  സൂര്യൻ, കാറ്റ് തുടങ്ങിയ സ്രോതസുകളിലെ ഊർജം ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം (ഇലക്ട്രോളിസിസ്) അടക്കമുള്ള പ്രക്രിയയിലൂടെ വേർതിരിച്ചെടുക്കുന്നതാണ് ഗ്രീൻ ഹൈഡ്രജൻ . ഫോസിൽ ഇന്ധനങ്ങളായ പെട്രോളിയം ഉൽപന്നങ്ങളും മറ്റും ഉപയോഗിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്കെത്തുന്നത് ആഗോള താപനത്തിനു കാരണമാകും.

കേരളത്തിൽ എന്ന്?

വികസിത രാജ്യങ്ങൾ കാർബൺ ബഹിർഗമനം കുറച്ച് ഗ്രീൻ ഹൈഡ്രജനിലേക്കും ഗ്രീൻ അമോണിയയിലേക്കും മാറുന്ന സാഹചര്യത്തിൽ കയറ്റുമതിയിലൂടെ കേരളത്തിന്റെ വ്യവസായ വികസനത്തിൽ ഗ്രീൻ ഹൈഡ്രജനു വലിയ പങ്കു വഹിക്കാനാകും. ആദ്യ ഘട്ടത്തിൽ 150 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അനെർട്ട് നൽകിയത്. ഹൈഡ്രജൻ ഉൽപാദനത്തിന് ദീർഘകാല പദ്ധതിയാണ് ഏജൻസി ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച് ആൻഡ് ടെക്നോളജി (അനെർട്ട്) ജർമൻ കമ്പനിയുടെ സഹായത്തോടെ തയാറാക്കിയത്. കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങൾ കേന്ദ്രീകരിച്ച് കയറ്റുമതി വികസിപ്പിക്കും

കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയും (സിയാൽ) ഭാരത് പെട്രോളിയം കോർപറേഷനുമായി ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്. സിയാലിൽ സൗരവൈദ്യുതി ഉപയോഗിച്ചാണ് ഗ്രീൻ ഹൈഡ്രജൻ ഉൽപാദിപ്പിക്കുക. ട്രാവൻകൂർ– കൊച്ചിൻ കെമിക്കൽസിൽ ഹൈഡ്രജൻ ഉപോൽപന്നമാണ് . വൈദ്യുതി ഉപയോഗിച്ചു നിർമിക്കുന്നതിനാൽ ഇതു ഭാഗിക ഗ്രീൻ ഹൈഡ്രജൻ എന്നു പറയാം. ഇതു കമ്പനിയിൽ തന്നെ ഇന്ധനമായി ഉപയോഗിക്കുകയാണ്. 

പേരിൽ പല നിറം

ഭാരം കുറവായ, മണവും നിറവുമില്ലാത്ത ഹൈഡ്രജൻ  ഉൽപാദിപ്പിക്കുന്ന രീതിയനുസരിച്ച് നിറങ്ങളുടെ പേരിലും അറിയപ്പെടുന്നുണ്ട്.

വൈറ്റ് ഹൈഡ്രജൻ: അന്തരീക്ഷത്തിൽ സ്വാഭാവികമായി കാണപ്പെടുന്നത്.

ഗ്രേ ഹൈഡ്രജൻ:  ഫോസിൽ ഇന്ധനങ്ങളുടെ നീരാവിയിൽനിന്ന് ഉൽപാദിപ്പിക്കുന്നത്. ഇതിൽ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളും.

‌ബ്ലൂ ഹൈഡ്രജൻ: ഫോസിൽ ഇന്ധനങ്ങളുടെ നീരാവിയിൽ നിന്ന് ഹൈഡ്രജൻ ഉൽപാദിപ്പിക്കുമ്പോൾ കാർബൺ ഡൈ ഓക്സൈഡ് പുറത്തു പോകാതെ സംഭരിക്കും.

ബ്രൗൺ ഹൈഡ്രജൻ: കൽക്കരി പോലെ കാർബൺ അടങ്ങിയ പദാർഥങ്ങൾ ഉപയോഗിച്ച് ഗ്യാസിഫിക്കേഷനിലൂടെ ഉൽപാദിപ്പിക്കുന്നത്.

പിങ്ക് ഹൈഡ്രജൻ: വൈദ്യുതവിശ്ലേഷണം നടത്താൻ ആണവ വൈദ്യുതി ഉപയോഗിക്കുന്നത്.

English Summary:

Green Hydrogen: Exporting for Industrial Development in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com