മോട്ടർവാഹന വകുപ്പിന്റെ വെബ്സൈറ്റിലെ വ്യക്തിവിവരങ്ങൾ ടെലിഗ്രാമിൽ വിൽപനയ്ക്ക്
Mail This Article
കൊല്ലം ∙ മോട്ടർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലുമില്ലാത്ത വിവരങ്ങളുമായി ടെലിഗ്രാം ബോട്ട്. വാഹനത്തിന്റെ വിവരങ്ങൾക്കൊപ്പം വ്യക്തികളുടെ സ്വകാര്യത കൂടി നഷ്ടമാകുന്ന രീതിയിലാണ് തട്ടിപ്പ്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയുടെ ഭാഗത്തു നിന്നാണു വിവരങ്ങൾ ചോർന്നതെന്നാണു സംശയം. വെഹിക്കിൾ ഇൻഫോ ബോട്ട് എന്ന അക്കൗണ്ട് വഴിയാണ് ഈ ഗുരുതര തട്ടിപ്പു നടക്കുന്നത്.
വാഹനത്തിന്റെ നമ്പർ മാത്രം നൽകിയാൽ മതി, നിമിഷങ്ങൾക്കുള്ളിൽ വാഹനത്തിന്റെയും ഉടമയുടെയും പൂർണ വിവരം ലഭിക്കും. 55,380 പേരാണു മാസം തോറും അക്കൗണ്ടിലെ ഉപയോക്താക്കൾ. ഉടമയുടെ പേര് വിലാസം, ആർസി വിവരങ്ങൾ, മോഡൽ ഉൾപ്പെടെ വാഹനം സംബന്ധിച്ച പൂർണ വിവരം, ഇൻഷുറൻസ് കമ്പനി, പോളിസി നമ്പർ, ഇൻഷുറൻസിന്റെ കാലാവധി, ആർടിഒ വിവരങ്ങൾ, റജിസ്ട്രേഷൻ, ആർടിഒ കോഡ്, സിറ്റി, ചെല്ലാൻ, ഫാസ്ടാഗ് തുടങ്ങി എല്ലാ വിവരങ്ങളും നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും.
വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പോലും ലഭിക്കാത്ത വിവരങ്ങളാണ് ലഭിക്കുന്നതെന്നാണ് മോട്ടർ വാഹന ഇൻസ്‌പെക്ടർമാർ പറയുന്നത്. അക്കൗണ്ടിലൂടെ ഫാസ്ടാഗ് വിവരങ്ങൾ ലഭിക്കുമ്പോൾ അത് ഏതു ബാങ്ക് ആണ് എന്നുവരെ കൃത്യമായി ലഭിക്കുന്നു. എം പരിവാഹൻ ആപ് പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്തിരിക്കുന്നത് 5 കോടിയിലധികം ആളുകളാണ്.