ജയിലിൽനിന്ന് ഇറങ്ങിയാലും പൊലീസ് നിരീക്ഷണം; നെന്മാറ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടപടി

Mail This Article
പാലക്കാട് ∙ ജാമ്യത്തിലും പരോളിലും ജയിൽ ശിക്ഷ കഴിഞ്ഞും പുറത്തിറങ്ങുന്നവരുടെ വിവരങ്ങൾ ശേഖരിക്കാനും നിരീക്ഷിക്കാനും പൊലീസിനു കർശന നിർദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാകും. നെന്മാറയിലെ ഇരട്ടക്കൊലപാതകത്തെത്തുടർന്നാണ് ആഭ്യന്തരവകുപ്പു നടപടികൾ കടുപ്പിക്കുന്നത്.
ലോക്കൽ പൊലീസ്, ജില്ലാ സ്പെഷൽ ബ്രാഞ്ച്, സംസ്ഥാന സ്പെഷൽ ബ്രാഞ്ച് എന്നീ തലങ്ങളിലാണു വിവരങ്ങൾ ശേഖരിക്കുക. രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്ന വിവരങ്ങൾ യഥാസമയം ലോക്കൽ പൊലീസിനെ അറിയിക്കണം.
നെന്മാറയിൽ 2019ൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണു ജാമ്യത്തിലിറങ്ങി കഴിഞ്ഞ 27ന് അവരുടെ ഭർത്താവിനെയും അദ്ദേഹത്തിന്റെ അമ്മയെയും വെട്ടിക്കൊന്നത്. പഞ്ചായത്ത് മേഖലയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതി ഒരുമാസത്തോളം വീട്ടിൽ വന്നുപോയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല. കൊല്ലപ്പെട്ടവരുടെ വീട് ഇതിനു തൊട്ടടുത്താണ്.
ഇയാളിൽനിന്നു വധഭീഷണിയുള്ള വിവരം കൊല്ലപ്പെട്ടവരുടെ കുടുംബം പൊലീസിനെ അറിയിച്ചിട്ടും നടപടിയിൽ ഗുരുതര വീഴ്ച വരുത്തി. ഇരട്ടക്കൊലപാതകത്തെ തുടർന്ന് നെന്മാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലും വീഴ്ച പറ്റിയെന്നാണു റിപ്പോർട്ട്. ഇതിലും നടപടി തുടങ്ങി.
ജാമ്യത്തിലിറങ്ങുന്ന പ്രതികളിൽനിന്നുള്ള ഭീഷണി മാത്രമല്ല, പ്രതികൾക്കുനേരെയുള്ള ഭീഷണിയും പരിശോധിക്കണം. ജാമ്യവ്യവസ്ഥ ലംഘിച്ചാൽ മുന്നറിയിപ്പു പോരെന്നും ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.