മൂന്നു മാസം സീനിയർ വിദ്യാർഥികളുടെ ക്രൂരത; റാഗിങ്ങിന് പൂട്ടിട്ടത് അമലിന്റെ ആ കോൾ

Mail This Article
മരോട്ടിച്ചാൽ (തൃശൂർ) ∙ ‘അച്ഛനും അമ്മയും എന്നെ ഇതുവരെ തല്ലിയിട്ടില്ല. പക്ഷേ, ഇവിടുത്തെ ചേട്ടന്മാർ എന്നെ എന്നും തല്ലും’. കോട്ടയം ഗാന്ധിനഗറിലെ ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിലിരുന്ന് ഫോണിലൂടെ അമൽ ഇതു പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. കഴിഞ്ഞ 3 മാസം സീനിയർ വിദ്യാർഥികളുടെ ക്രൂര റാഗിങ്ങിനിരയായ, മരോട്ടിച്ചാൽ കുന്നുംപുറത്ത് ഉണ്ണിക്കൃഷ്ണന്റെയും അനിതയുടെയും മകൻ അമൽ കൃഷ്ണ (20) കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അമ്മയെ വിളിച്ച് ആദ്യമായി ഇതു പറഞ്ഞത്.
ബെൽറ്റ് കൊണ്ടുള്ള അടിയേറ്റ് വേദന സഹിക്കാതായതോടെയാണ് അമൽ വീട്ടുകാരെ വിവരമറിയിച്ചത്. ഉടൻ വിഡിയോകോളിലൂടെ തിരിച്ചുവിളിച്ച അനിത കണ്ടത് അമലിന്റെ അടികൊണ്ട് നീരുവന്ന മുഖമായിരുന്നു. പിറ്റേന്നു രാവിലെത്തന്നെ അമലിന്റെ വീട്ടുകാർ കോളജ് അധികൃതരെ വിവരമറിയിച്ച് നടപടി ആവശ്യപ്പെട്ടു. ഇതോടെ മർദനമേറ്റ മറ്റു കുട്ടികളും പരാതിയുമായി രംഗത്തെത്തി.
ഡിവൈഡർകൊണ്ട് പുറത്തുകുത്തി. ബെൽറ്റുകൊണ്ട് അടിച്ചു. മുട്ടുകുത്തിച്ച് നിർത്തി മർദിച്ചു. ഓടാൻ ശ്രമിച്ചപ്പോൾ വാതിൽ ഉള്ളിൽനിന്ന് അടച്ച് ക്രൂരമായി മർദിച്ചു. രാത്രി മുഴുവൻ ഉറങ്ങാതിരിക്കാൻ മുട്ടുകുത്തിച്ചു നിർത്തി. കുറച്ചു നാളുകൾക്ക് മുൻപ് ഹിറ്റായ ഒരു സിനിമയിലെ റാഗിങ് രീതികളും ചെയ്യിച്ചെന്ന് അമൽ വീട്ടുകാരെ അറിയിച്ചു.
റാഗിങ്ങിനു നേതൃത്വം കൊടുത്തവരെ ജയിലിൽ അടച്ചതോടെ ഇപ്പോൾ സമാധാനത്തോടെ ക്ലാസിൽ പോകുന്നുണ്ടെന്നും അമൽ പറഞ്ഞു. തിങ്കളാഴ്ച അമലിനെ കാണാനും അടുത്ത നടപടികളെടുക്കാനും മാതാപിതാക്കൾ കോട്ടയത്തേക്കു പോകും.