സംരംഭകരുടെ വിശദാംശങ്ങൾ പുറത്തുവിടാതെ സർക്കാർ; വിവാദപ്പേടിയിലോ സർക്കാർ?

Mail This Article
തിരുവനന്തപുരം ∙ സംരംഭകവർഷം പദ്ധതിയിൽ 3 വർഷത്തിനിടെ 3,45,309 യൂണിറ്റ് തുടങ്ങുകയും 22,149 കോടിയുടെ നിക്ഷേപവും 7,32,427 തൊഴിലും ലഭ്യമാക്കുകയും ചെയ്തെന്ന സർക്കാരിന്റെ അവകാശവാദം വിവാദമായിട്ടും പട്ടിക പുറത്തുവിടാൻ മടി. ഓരോ ജില്ലയിലും എത്ര സംരംഭം, ഏതെല്ലാം മേഖലയിൽ എന്നുള്ള കണക്കു മാത്രമാണു വെബ്സൈറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. മുഴുവൻ വിവരങ്ങളും പുറത്തുവിട്ടാൽ സംരംഭകർക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നാണു വ്യവസായ വകുപ്പിന്റെ വിശദീകരണം.
-
Also Read
ജംബോ പിഎസ്സി കേരളത്തിൽ മാത്രം
കേന്ദ്രസർക്കാരിന്റെ എംഎസ്എംഇ മാനദണ്ഡത്തിൽ മാനുഫാക്ചറിങ്, സർവീസ്, ട്രേഡ് സംരംഭങ്ങളാണുള്ളത്. മുടക്കുമുതലിന്റെ അടിസ്ഥാനത്തിലാണു വേർതിരിവ് എന്നതിനാൽ ഏതെല്ലാം സംരംഭം തുടങ്ങാമെന്നതിനു കൃത്യമായ മാനദണ്ഡമില്ല. ഈ പഴുതാണ് സർക്കാർ ഉപയോഗിക്കുന്നത്. വ്യവസായ വകുപ്പിന്റെ ‘ഇയർ ഓഫ് എന്റർപ്രൈസസ്’ എന്ന വെബ്സൈറ്റിലെ ഒടുവിലത്തെ കണക്കനുസരിച്ച് 3 വർഷത്തിനിടെ തുടങ്ങിയ പുതിയ സംരംഭങ്ങളിൽ 22,992 എണ്ണം റസ്റ്ററന്റുകളും 19,359 എണ്ണം ടെയ്‌ലറിങ് യൂണിറ്റുകളുമാണ്. ജിം, യോഗ സെന്റർ, ആയോധന പരിശീലന കേന്ദ്രം എന്നിവ 14,485 എണ്ണമുണ്ട്. 10,141 എണ്ണം വാഹന വർക്‌ഷോപ്പുകളാണ്. ഡിടിപി, ഫോട്ടോ പ്രോസസിങ് കേന്ദ്രങ്ങൾ 8600 എണ്ണമുണ്ട്. 5654 എണ്ണം അക്കാദമിക പരിശീലന കേന്ദ്രങ്ങളാണ്. ആളുകൾ സ്വന്തം നിലയ്ക്കു തട്ടുകടയും തയ്യൽകടയുമെല്ലാം തുടങ്ങിയതു സർക്കാർ കൊണ്ടുവന്ന സംരംഭങ്ങളുടെ കണക്കിൽപെടുത്തിയെന്നു പ്രതിപക്ഷം ആരോപിക്കുന്നത് ഈ പട്ടിക വച്ചാണ്. കേന്ദ്രമാനദണ്ഡം വച്ച് ഇവയെല്ലാം സംരംഭമാകുമെന്ന സർക്കാരിന്റെ മറുപടിയിലും കഴമ്പുണ്ട്.
എന്നാൽ പുതിയ സംരംഭങ്ങളാകെ സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിലും വിശദാംശങ്ങൾ വെളിപ്പെടുത്താത്തതാണു ദുരൂഹം. ഓരോ സംരംഭത്തിന്റെയും പിന്നാലെ പ്രതിപക്ഷവും മാധ്യമങ്ങളും പോകുമെന്ന ആശങ്ക സർക്കാരിനുണ്ടാകാം. ഉദ്യോഗസ്ഥർക്കു മാത്രം തുറന്നു കയറാവുന്ന ഡാഷ് ബോർഡിലാണു വിശദാംശങ്ങളുള്ളത്. അറിയാൻ താൽപര്യമുള്ളവർ താലൂക്ക്, ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടാൽ ലഭ്യമാക്കുമെന്നാണു നിലപാട്.
2020 ജൂൺ ഒന്നിലെ വിജ്ഞാപനപ്രകാരം കേന്ദ്രം എംഎസ്എംഇകളെ വിഭജിച്ചിരിക്കുന്നത് ഇങ്ങനെ:
(പരമാവധി നിക്ഷേപം, പരമാവധി വിറ്റുവരവ് എന്നിങ്ങനെ)
∙ സൂക്ഷ്മ സംരംഭം: ഒരു കോടി, 5 കോടി
∙ ചെറുകിട സംരംഭം: 10 കോടി, 50 കോടി
∙ ഇടത്തരം സംരംഭം: 50 കോടി, 250 കോടി