പഞ്ചായത്ത് അംഗവും സുഹൃത്തും മുങ്ങിമരിച്ചു

Mail This Article
രാജകുമാരി ∙ പഞ്ചായത്തംഗവും സുഹൃത്തും ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചു. ഇടുക്കി രാജകുമാരി പഞ്ചായത്ത് ആറാം വാർഡ് അംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജയ്സൺ (45), സുഹൃത്ത് നടുക്കുടിയിൽ (മോളോക്കുടിയിൽ) ബിജു (52) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് ജയ്സനും ബിജുവും ഉൾപ്പെടുന്ന നാലംഗസംഘം ജലാശയത്തിലെത്തിയത്. ഡാമിനു സമീപം കുളിക്കാനിറങ്ങിയ സംഘത്തെ സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിച്ചു മടക്കിവിട്ടു. രണ്ടുപേർ മടങ്ങിയെങ്കിലും ജയ്സനും ബിജുവും വീണ്ടും ഡാമിന്റെ എതിർഭാഗത്തെത്തി. ഇവിടെ കുളിക്കാൻ ശ്രമിക്കുമ്പോൾ വെള്ളത്തിൽ വീണ ബിജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജയ്സനും അപകടത്തിൽപെട്ടെന്നാണ് നിഗമനം.
ആനയിറങ്കലിനു സമീപം ജയ്സന്റെ വാഹനം കിടക്കുന്നതു കണ്ട നാട്ടുകാരാണു ഡാം ജീവനക്കാരെ വിവരമറിയിച്ചത്. അന്വേഷണത്തിൽ ബിജുവിന്റെ വസ്ത്രങ്ങളും ഇരുവരുടെയും ഫോണുകളും കരയിൽ കണ്ടെത്തി. ശാന്തൻപാറ പാെലീസും മൂന്നാർ അഗ്നിരക്ഷാസേനയും നാട്ടുകാരുടെ സഹായത്തോടെ പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്കു 2നു ജയ്സന്റെ മൃതദേഹം കണ്ടെത്തി. താെടുപുഴ, കോതമംഗലം എന്നിവിടങ്ങളിൽനിന്നു സ്കൂബ സംഘമെത്തി മൂന്നരയോടെ ബിജുവിന്റെ മൃതദേഹവും കണ്ടെത്തി. മാർച്ച് 2നു മകൾ കൃഷ്ണയുടെ വിവാഹനിശ്ചയം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ബിജുവിന്റെ വേർപാട്.
ജയ്സന്റെ ഭാര്യ: ഐബി. മക്കൾ: അജൽ (പ്ലസ്‌വൺ, രാജകുമാരി ഗവ. എച്ച്എസ്എസ്), എയ്ഞ്ചൽ (7–ാം ക്ലാസ്, കുരുവിളസിറ്റി സെന്റ് ജോർജ് സ്കൂൾ). ബിജുവിന്റെ ഭാര്യ: സുമത. മക്കൾ: കൃഷ്ണ, കാർത്തിക.