കടൽമണൽ ഖനനം: കേരളം ഒന്നിച്ച് എതിർക്കണമെന്ന് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ

Mail This Article
കടൽമണൽ ഖനനത്തിന് എതിരെ സംസ്ഥാനം പ്രമേയം പാസാക്കണമെന്നും കേന്ദ്രസർക്കാർ ഖനന നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ആവശ്യപ്പെട്ടു. പുത്തൻ ചൂഷണനയങ്ങൾ മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുമെന്നും കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ തകിടംമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Q ഖനന നടപടികളുമായി കേന്ദ്രം അതിവേഗം മുന്നോട്ടു പോകുന്നു. ഇനി മുന്നിലെന്താണ്?
A കേന്ദ്രസർക്കാരിന്റേത് ഏകപക്ഷീയമായ തീരുമാനമാണ്. ഖനനമെന്നല്ല, കടലിലെ ഏതു പ്രവർത്തനവും പാരിസ്ഥിതിക– ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാകണം. ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ തേടണം. മത്സ്യസമ്പത്തിനു കോട്ടമുണ്ടാക്കുമോ എന്നറിയണം. അടിയന്തരമായി ഖനന നടപടികൾ നിർത്തിവയ്ക്കണം.
Q സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടതല്ലേ?
A തമിഴ്നാട്ടിൽ ഖനന നീക്കമുണ്ടായപ്പോൾ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുനിന്നു. തമിഴ്നാട് നിയമസഭ ഖനനം വേണ്ടെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി. കേരള നിയമസഭ ഏകകണ്ഠമായി ഖനനത്തിന് എതിരായ പ്രമേയം പാസാക്കണം. പാരിസ്ഥിതിക ശാസ്ത്രീയ പഠനങ്ങളും നടക്കണം.
Q മത്സ്യത്തൊഴിലാളി മേഖലയെ ഖനനം പ്രതികൂലമായി ബാധിക്കില്ലേ?
A 15 ലക്ഷത്തോളം മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കും. മീൻ സുലഭമായി ലഭിക്കാനുള്ള സാധ്യത ഇല്ലാതാകും. കടലും ആവാസവ്യവസ്ഥയും തകിടംമറിയുന്നതോടെ തീരദേശം ഇല്ലാതാകും. അതു മലനാടിനെയും ബാധിക്കും.