സെറിബ്രൽ പാൾസി ബാധിച്ച് ബിനോയും വിപിനും; ‘അടങ്ങാതെ’ ഈ ദുഃഖം

Mail This Article
പാലക്കാട് ∙ ഒരൊറ്റ നിമിഷം, ഒരു ചിത്രം പകർത്താനുള്ള സമയം ഒതുങ്ങിയിരുന്നാൽ സഹോദരങ്ങളായ ബിനോയ്ക്കും വിപിനും ആധാർ കാർഡെടുക്കാം. പക്ഷേ, സെറിബ്രൽ പാൾസി ബാധിച്ച ഇവർ ഉറങ്ങുമ്പോഴല്ലാതെ അടങ്ങിയിരിക്കില്ല. ആധാർ എടുക്കാൻ പോയപ്പോൾ മെഷീൻ തട്ടിത്തെറിപ്പിച്ചതോടെ പിന്നീടു പോയില്ല. 27 വയസ്സുള്ള ബിനോയും 25 വയസ്സുള്ള വിപിനും എടുക്കാൻ സമ്മതിക്കാത്തതോടെ ആധാർ നമ്പർ ഇല്ലാത്തതിനാൽ 2023 ഒക്ടോബർ മുതൽ അവർക്കു ഭിന്നശേഷി പെൻഷൻ ലഭിക്കുന്നുമില്ല.
പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ പരുത്തിപ്പുള്ളി കളരിപ്പറമ്പിൽ ചന്ദ്രന്റെയും സരോജിനിയുടെയും രണ്ടു മക്കളും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. സംസാരിക്കാനോ സ്വന്തം കാര്യം ചെയ്യാനോ കഴിയാത്ത ഇവർ ഒരു നിമിഷം പോലും അടങ്ങിയിരിക്കില്ല. സദാ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി നടന്നുകൊണ്ടേയിരിക്കും. ചുറ്റും കമ്പിവേലി കെട്ടിയ വീട്ടിലാണെങ്കിലും കണ്ണു തെറ്റിയാൽ പുറത്തുചാടും. കുളവും കിണറും പാതയും ഉള്ളയിടത്താണു വീട്. ചിലപ്പോൾ സ്വയം ശരീരം കടിച്ചുമുറിക്കും. ചന്ദ്രനോടും സരോജിനിയോടുമുള്ള സ്നേഹപ്രകടനം പോലും ശക്തിയേറിയ അടിയിലൂടെയാണ്. ആരോഗ്യവകുപ്പിൽ ചെറിയ ജോലിയുള്ള ചന്ദ്രന്റെ വരുമാനത്തിലാണു കുടുംബം മുന്നോട്ടു പോകുന്നത്.
ടെലിവിഷനും കസേരയുമൊക്കെ പലപ്പോഴും നശിപ്പിച്ചു. ഷോക്കേൽക്കുമെന്ന ഭയത്തിൽ ഇലക്ട്രിക് സ്വിച്ചും പ്ലഗുമെല്ലാം ഉയരത്തിൽ ഘടിപ്പിച്ചിരിക്കുകയാണ്. 56 വയസ്സുള്ള ചന്ദ്രന് ഹൃദ്രോഗമാണ്. ഒരു ദിവസം 9 ഗുളികകൾ കഴിക്കണം. മക്കളുടെ പിന്നാലെ ഓടുമ്പോൾ വല്ലാതെ ശ്വാസം മുട്ടുന്നു. സരോജിനിക്കും ആരോഗ്യപ്രശ്നങ്ങളേറെ. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ 1600 രൂപ ലഭിക്കുമ്പോൾ അവരുടെ ചെലവെങ്കിലും കഴിഞ്ഞുപോകുമായിരുന്നു. എന്നാൽ കണ്ണ്, കൈവിരലുകൾ, കൃഷ്ണമണി എന്നിവ പതിപ്പിച്ച് ആധാർ കാർഡ് എടുക്കാൻ പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ പെൻഷൻ നിലയ്ക്കുകയായിരുന്നു.
ചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വീട്ടിൽ വന്നു മക്കൾ രണ്ടു പേരുടെയും ആധാർ എൻറോൾമെന്റ് നടത്താമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സ്റ്റേറ്റ് ഓഫിസിൽ നിന്നു കത്തു വന്നെങ്കിലും ഇതുവരെ ആരും വന്നില്ലെന്നു കുടുംബം പറയുന്നു.