ADVERTISEMENT

കൊല്ലം∙ നന്നാക്കാൻ കഴിയാത്ത പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് സ്വകാര്യമേഖലയെ ഏൽപിക്കാമെന്നു നവകേരള രേഖയിൽ നിർദേശിച്ചതിനു തൊട്ടുപിന്നാലെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സമ്മേളനത്തിൽ സിപിഎം പ്രമേയം പാസാക്കി. ഇതോടെ ഈ വൈരുധ്യം ചർച്ചയായി.

പുനരുദ്ധാരണത്തിനു കഴിയാത്ത സ്ഥാപനങ്ങളെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പുനഃക്രമീകരിക്കാനുള്ള സാധ്യതകൾ ആരായണമെന്നു മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖ നിർദേശിക്കുന്നു. ഇത്തരം സ്ഥാപനങ്ങൾ താൽപര്യമുള്ളവർക്കു വ്യവസ്ഥകളോടെ നടത്തിപ്പിനു നൽകാമെന്നും പറയുന്നു. ഇതിൽ തെറ്റുകാണാത്ത സിപിഎമ്മാണു കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയത്തിന് എതിരെ തൊഴിലാളികളെ അണിനിരത്തണമെന്ന് ആവശ്യപ്പെട്ടു പ്രമേയവും പാസാക്കിയത്. ദേശീയ സമ്പത്ത് ഇന്ത്യൻ കോർപറേറ്റുകൾക്കു ചുളുവിലയ്ക്കു കൈമാറുകയാണു മോദി സർക്കാരെന്നാണു സമ്മേളനം ഇന്നലെ അംഗീകരിച്ച പ്രമേയത്തിലെ കുറ്റപ്പെടുത്തൽ. പൊതുമേഖലാ സംരക്ഷണമെന്നതു രാജ്യസ്നേഹപരമായ മുദ്രാവാക്യമാണെന്നു വിശേഷിപ്പിക്കുകയും ചെയ്യുന്നു.

പാർട്ടി നയത്തിൽ വൈരുധ്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ ഫലപ്രദമായി എങ്ങനെ പ്രവർത്തിപ്പിക്കുമെന്നാണു രേഖയിൽ പറയുന്നത്. അല്ലാതെ പൂട്ടുമെന്നല്ല. സർക്കാർ ഇതൊന്നും വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ നടത്തിപ്പിന് ആവശ്യമായ പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ ചർച്ച ചെയ്തു നിലപാടു സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 

കേന്ദ്രത്തിന്  പിന്നാലെ

∙ ബദൽ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുന്ന സിപിഎം പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിൽ കേന്ദ്രത്തിനു പിന്നാലെ പോവുകയാണെന്ന വിമർശനമാണ് ഇതോടെ ഉയരുന്നത്. കേന്ദ്രം ചെയ്യുന്നതു ജനവിരുദ്ധവും സംസ്ഥാനത്തു ചെയ്യുന്നതു ജനക്ഷേമകരവുമെന്നാണു വിശദീകരണം. കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച സിപിഎം കേരളത്തിലെ സ്വകാര്യവൽക്കരണത്തിനായി തൊഴിലാളികളുടെ സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

വനിതകളുടെ എണ്ണം കൂടി

∙ പാർട്ടി അംഗങ്ങളിൽ വനിതകളുടെ എണ്ണം കൂടിയതായി റിപ്പോർട്ട്. എല്ലാ ലോക്കൽ കമ്മിറ്റിയിലും വനിതകളെ ഉൾപ്പെടുത്തി. എല്ലാ ജില്ലാ കമ്മിറ്റിയിലും 10 ശതമാനത്തിലേറെ വനിതകളുണ്ട്. കഴിഞ്ഞ സമ്മേളന കാലത്ത് എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ വീതം ഉൾപ്പെടുത്തിയതായും റിപ്പോർട്ട് പറയുന്നു.

സമ്മേളന നഗരിയിൽ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനൊപ്പം സെൽഫി എടുക്കുന്ന പ്രതിനിധികളും പ്രവർത്തകരും.ചിത്രം : മനോരമ
സമ്മേളന നഗരിയിൽ പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനൊപ്പം സെൽഫി എടുക്കുന്ന പ്രതിനിധികളും പ്രവർത്തകരും.ചിത്രം : മനോരമ

∙കഴിഞ്ഞ സമ്മേളന കാലത്ത്: 19.74%; ഇപ്പോൾ 22.25%.

∙പാർട്ടി അംഗസംഖ്യ 5,64,895; ഇതിൽ1,28,829 വനിതകൾ.

∙കഴിഞ്ഞ തവണ 1,991 വനിതാ ബ്രാഞ്ച് സെക്രട്ടറിമാർ; ഇത്തവണ 2,597

English Summary:

Public-Private Partnership in Kerala: Kerala CPM's contradictory stance on privatization sparks debate

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com