ചരിത്രം കണ്ടുമുട്ടിയിട്ട് 100: ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ

Mail This Article
തിരുവനന്തപുരം ∙ ശിവഗിരിയിൽ ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ഇന്ന് 100 വയസ്സ്. 1925 മാർച്ച് 12നാണ് മഹാത്മജി ശിവഗിരി സന്ദർശിച്ച് ഗുരുദേവനെ നേരിൽക്കണ്ട് സംഭാഷണം നടത്തിയത്. ശിവഗിരി മഠത്തിന് അടുത്തുള്ള ‘വനജാക്ഷി മന്ദിര’ത്തിൽ നടന്ന കൂടിക്കാഴ്ചയിൽ അയിത്തോച്ചാടനം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം, അധഃസ്ഥിതോദ്ധാരണം എന്നീ വിഷയങ്ങളിലാണ് ഇരുവരും സംസാരിച്ചത്.
സംഭാഷണം കഴിഞ്ഞ് ഗുരുദേവൻ, ഗാന്ധിജിയെ ശിവഗിരി മഠത്തിലേക്ക് ക്ഷണിച്ചു. ഗാന്ധിജിയോടൊപ്പം സി.രാജഗോപാലാചാരി, മഹാദേവ ദേശായി, ദേവദാസ് ഗാന്ധി, ഇ.വി.രാമസ്വാമി നായ്ക്കർ എന്നിവരും ഉണ്ടായിരുന്നു. ഗുരുദേവ ശിഷ്യരായ സ്വാമി ബോധാനന്ദ, സ്വാമി സത്യവ്രത, സ്വാമി പൂർണാനന്ദ, ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, സി.വി.കുഞ്ഞിരാമൻ, എൻ.കുമാരൻ, പി.സി.ഗോവിന്ദൻ തുടങ്ങിയവരും ശിവഗിരിയിലേക്കുള്ള യാത്രയിൽ പങ്കാളികളായി.
ഗാന്ധി–ഗുരു സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ
ഗാന്ധി: ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥത്തിൽ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിക്ക് അറിവുണ്ടോ?
ഗുരു: ഇല്ല
ഗാന്ധി: അയിത്തം ഇല്ലാതാക്കാൻ വൈക്കത്തു നടന്ന സത്യഗ്രഹ പ്രസ്ഥാനത്തിൽ സ്വാമിക്ക് ഭിന്നാഭിപ്രായമുണ്ടോ?
ഗുരു: ഇല്ല
ഗാന്ധി: ആ പ്രസ്ഥാനത്തിൽ കൂടുതലായി വല്ലതും ചേർക്കണമെന്നോ വല്ല മാറ്റവും വരുത്തണമെന്നോ അഭിപ്രായം ഉണ്ടോ?
ഗുരു: ഇല്ല. അത് ശരിയായി നടക്കുന്നുണ്ടെന്നാണ് അറിവ്.
ഗാന്ധി: അധഃകൃതരുടെ അവശതകളെ തീർക്കുന്നതിന് അയിത്തോച്ചാടനത്തിന് പുറമേ മറ്റ് എന്തെല്ലാം വേണമെന്നാണ് സ്വാമിയുടെ അഭിപ്രായം?
ഗുരു: അവർക്കു വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ വേണമെന്ന പക്ഷമില്ല. നന്നാകാനുള്ള സൗകര്യം എല്ലാവരെയും പോലെ അവർക്കുമുണ്ടാകണം.
ഗാന്ധി: അക്രമരഹിതമായ സത്യഗ്രഹം കൊണ്ട് ഉപയോഗമില്ലെന്നും അവകാശ സ്ഥാപനത്തിനു ബലപ്രയോഗം തന്നെയാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമിയുടെ അഭിപ്രായമെന്താണ് ?
ഗുരു: ബലപ്രയോഗം നന്നാണെന്ന് തോന്നുന്നില്ല.
ഗാന്ധി: ബലപ്രയോഗം ഹൈന്ദവ ധർമശാസ്ത്രങ്ങളിൽ വിധിച്ചിട്ടുണ്ടോ?
ഗുരു: രാജാക്കന്മാർക്കും മറ്റും ആവശ്യമാണെന്നും അവർ അതിനെ ഉപയോഗിച്ചിട്ടുണ്ടെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. സാധാരണ ജനങ്ങളെ സംബന്ധിച്ച് ബലപ്രയോഗം ന്യായമായിരിക്കുകയില്ല.
ഗാന്ധി: മതപരിവർത്തനം ചെയ്യണമെന്നും അതാണ് സ്വാതന്ത്ര്യലബ്ധിക്ക് ശരിയായ വഴിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. സ്വാമി അത് അനുവദിക്കുന്നുണ്ടോ?
ഗുരു: മതപരിവർത്തനം ചെയ്തവർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതായി കാണുന്നുണ്ട്. അതു കാണുമ്പോൾ മതപരിവർത്തനം നന്നെന്നു പറയുന്നതിൽ ജനങ്ങളെ കുറ്റപ്പെടുത്താനാകില്ല.
ഗാന്ധി: ആധ്യാത്മികമായ മോക്ഷലാഭത്തിന് ഹിന്ദുമതം മതിയാകുമെന്ന് സ്വാമി കരുതുന്നുണ്ടോ?
ഗുരു: അന്യമതങ്ങളിലും മോക്ഷമാർഗം ഉണ്ടല്ലോ.