2 മാസമായി വേതനമില്ലാതെ തൊഴിലുറപ്പ് തൊഴിലാളികൾ; സംസ്ഥാനത്താകെ വിതരണം ചെയ്യാനുള്ളത് ഏകദേശം 450 കോടി

Mail This Article
ആലപ്പുഴ ∙ സാധാരണക്കാരുടെ സാമ്പത്തിക പ്രയാസത്തിനു പരിഹാരമായി ആരംഭിച്ച മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ (എംജിഎൻആർഇജിഎസ്) സംസ്ഥാനത്തെ 14 ലക്ഷത്തിൽപരം തൊഴിലാളികൾക്കു രണ്ടു മാസമായി വേതനമില്ല. ഏകദേശം 450 കോടി രൂപയാണു കുടിശിക. ഓണറേറിയം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആശ വർക്കർമാർ സമരം നടത്തുന്നതിനിടെയാണു തൊഴിലുറപ്പ് തൊഴിലാളികളുടെ കോടിക്കണക്കിനു രൂപ വേതന കുടിശികയുടെ കണക്കുകൾ പുറത്തുവരുന്നത്. തൊഴിൽദിന ബജറ്റ് കേന്ദ്രം പുതുക്കി നൽകാത്തതിനാലാണു വേതനം ലഭിക്കാത്തതെന്നു സംസ്ഥാന അധികൃതർ വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷം 6 കോടി തൊഴിൽദിനങ്ങളാണ് കേരളത്തിനു കേന്ദ്രം അനുവദിച്ചത്. ഈ ലക്ഷ്യം കേരളം ഡിസംബറിൽ കൈവരിച്ചു. നിലവിൽ എട്ടര കോടിയോളം തൊഴിൽദിനങ്ങൾ കേരളത്തിൽ പൂർത്തിയായിട്ടുണ്ട്. പുതുക്കിയ ബജറ്റ് കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ ഇനി കേരളത്തിലെ തൊഴിലാളികൾക്കു ബാക്കി വേതനം ലഭിക്കുകയുള്ളു. തൊഴിലാളികളിൽ 90% വരെ സ്ത്രീകളാണ്. സാധാരണക്കാർക്കു വർഷത്തിൽ 100 ദിവസമെങ്കിലും തൊഴിലും അതിലൂടെ വരുമാനവും ഉറപ്പാക്കാനാണു തൊഴിലുറപ്പു പദ്ധതി ആരംഭിച്ചത്. ജോലിക്കെത്തി തൊഴിലാളികളുടെ മസ്റ്റർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ 15 ദിവസത്തിനകം വേതനം നൽകാറുണ്ട്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ വേതന ഇനത്തിൽ ഈ സാമ്പത്തിക വർഷം കേന്ദ്രസർക്കാർ ഏകദേശം 6434 കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകാനുണ്ടെന്നാണു ഫെബ്രുവരി ആദ്യ ആഴ്ചയിലെ കണക്ക്. തൊഴിലാളികൾ തൊഴിൽ ആവശ്യപ്പെട്ടാൽ നൽകണമെന്നും വേതനം വൈകിയാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പ്രതിദിന വേതനം 346 രൂപ
തൊഴിലുറപ്പു തൊഴിലാളികളുടെ പ്രതിദിന വേതനം കേരളത്തിൽ 346 രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷവും 6 കോടി തൊഴിൽദിനങ്ങളാണ് കേരളത്തിന് അനുവദിച്ചതെങ്കിലും പിന്നീട് സംസ്ഥാനം ആവശ്യപ്പെട്ടത് അനുസരിച്ച് 3 തവണയായി 10.5 കോടി വരെയായി വർധിപ്പിച്ചിരുന്നു. മന്ത്രി എം.ബി.രാജേഷ് ഇക്കാര്യത്തിനായി കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.