പിണക്കം തീർത്ത ചരിത്രസന്ദർശനം; ഗാന്ധിജിയുടെ ചെങ്ങന്നൂർ സന്ദർശനത്തിന് നാളെ 100 വർഷം

Mail This Article
ആലപ്പുഴ ∙ മഹാരഥൻമാർ പിറന്ന വീട്ടിലേക്കു മഹാത്മാവ് പടികടന്നെത്തിയിട്ട് നാളെ 100 വർഷം. സ്വാതന്ത്ര്യസമര സേനാനി ബാരിസ്റ്റർ ജോർജ് ജോസഫിന്റെ മാതാപിതാക്കളെ കാണാൻ ചെങ്ങന്നൂർ ഊരയിൽ വീട്ടിൽ മഹാത്മാഗാന്ധി എത്തിയത് 1925 മാർച്ച് 15നായിരുന്നു. മോത്തിലാൽ നെഹ്റു ആരംഭിച്ച ഇൻഡിപെൻഡന്റ്, ഗാന്ധിജി ആരംഭിച്ച ‘യങ് ഇന്ത്യ’ എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു ജോർജ് ജോസഫ്. സഹോദരങ്ങൾ ഇന്ത്യൻ പത്രലോകത്തെ കുലപതി പോത്തൻ ജോസഫും പ്രമുഖ കായിക പരിശീലകൻ പി.എം.ജോസഫും.
ഇംഗ്ലണ്ടിലെ പഠനം കഴിഞ്ഞു ബാരിസ്റ്ററായി 1907 ൽ നാട്ടിലെത്തിയ ജോർജ് ജോസഫ് മധുരയിൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ചു. ഹോം റൂൾ പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിലെത്തി. 1919 മാർച്ചിൽ മദ്രാസിൽ ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയാണ് ആ ജീവിതം മാറ്റിമറിച്ചത്. വക്കീൽപ്പണി ഉപേക്ഷിച്ച്, വിദേശവസ്ത്രങ്ങൾക്കു തീയിട്ട്, കുടുംബത്തോടൊപ്പം ജോർജ് ജോസഫ് സബർമതി ആശ്രമത്തിലെത്തി. 1921 ഡിസംബർ 6ന് ഒട്ടേറെ ദേശീയ നേതാക്കൾക്കൊപ്പം അദ്ദേഹവും അറസ്റ്റിലായി.
യോജിച്ചും വിയോജിച്ചും
വൈക്കം സത്യഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു ജോർജ് ജോസഫ്. എന്നാൽ ഹിന്ദുക്കളുടെ പ്രശ്‌നമായതിനാൽ ഒരു ഹിന്ദു തന്നെ സത്യഗ്രഹം നയിക്കണമെന്നു ചില നേതാക്കൾ ഗാന്ധിജിയെ അറിയിച്ചു. ഇതു ശരിവച്ചു ഗാന്ധിജി ജോർജിനു കത്തയച്ചു.
വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരത്തെ പൗരാവകാശ സമരമായാണു ജോർജ് ജോസഫ് കണ്ടിരുന്നത്. ക്രിസ്ത്യാനി എന്ന സ്വത്വത്തിൽ തന്നെ ചുരുക്കിയതും അദ്ദേഹത്തെ വേദനിപ്പിച്ചു. സത്യഗ്രഹവേദിയും കോൺഗ്രസും വിട്ട് അദ്ദേഹം മധുരയിലേക്കു മടങ്ങി. അഭിഭാഷകനായി പ്രാക്ടിസ് പുനരാരംഭിച്ചു. ആ പിണക്കം മാറ്റാൻ കൂടിയാണ് ഗാന്ധിജി ചെങ്ങന്നൂരിലെത്തി ജോർജിന്റെ മാതാപിതാക്കളെ കണ്ടതെന്നു കരുതുന്നു.
തിരുവനന്തപുരത്തു നിന്നു വൈക്കത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂരിലെത്തിയ ഗാന്ധിജിക്കു ജനങ്ങൾ സ്വീകരണമൊരുക്കി. ആ യോഗത്തിൽ പ്രസംഗിച്ച ശേഷമാണ് ചെങ്ങന്നൂർ ഊരയിൽ വീട്ടിലെത്തി അദ്ദേഹം ജോർജിന്റെ മാതാപിതാക്കളായ സാറാമ്മയെയും സി.ഐ.ജോസഫിനെയും കണ്ടത്. ഗാന്ധിജിയുമായുള്ള അകൽച്ച മാറി ജോർജ് പിന്നീടു കോൺഗ്രസിൽ മടങ്ങിയെത്തി. 1937 ൽ തഞ്ചാവൂരിൽനിന്ന് മദ്രാസ് നിയമസഭയിലേക്കു മത്സരിച്ചു.1938 ൽ മധുരയിൽ അന്തരിച്ചു.
ഗാന്ധിജി വന്ന ചെങ്ങന്നൂരിലെ വീട് ഇന്നില്ല. ജോർജ് ജോസഫിന്റെ മരണ ശേഷം ഭാര്യ സൂസന്ന മധുരയിൽനിന്നു ചെങ്ങന്നൂരിലെത്തി വീടു വച്ചു താമസമാക്കി. അദ്ദേഹത്തിന്റെ കൊച്ചുമകൻ പരേതനായ ജോർജ് ജോസഫിന്റെ കുടുംബത്തിന്റെ കൈവശമാണ് ഇപ്പോൾ ആ വീട്.

ഗാന്ധിജി ചെങ്ങന്നൂരിൽ എത്തിയതിന്റെ 100–ാം വാർഷികത്തിൽ നാളെ ഗാന്ധിദർശൻ സമിതി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
ബാരിസ്റ്റർ ജോർജ് ജോസഫ് ഫൗണ്ടേഷൻ നടത്തുന്ന അനുസ്മരണ സമ്മേളനം ചരിത്രകാരൻ എം.ജി.ശശിഭൂഷൺ ഉദ്ഘാടനം ചെയ്യും.
അങ്ങനെ ഗാന്ധിജി മേൽവസ്ത്രം ഉപേക്ഷിച്ചു
മുണ്ടുടുത്തു മേൽമുണ്ട് ചുറ്റിയ ഗാന്ധിജിയുടെ പ്രശസ്തമായ വേഷത്തിനു പിന്നിൽ ജോർജ് ജോസഫിന്റെ മധുരയിലെ വീട്ടിൽ നടന്ന സംഭവമാണ്. ഗാന്ധിജിയും കസ്‌തൂർബയും ജോർജിന്റെ വീട്ടിലെത്തിയപ്പോൾ അവരെ കാണാനെത്തിയവരിൽ ഭൂരിപക്ഷവും അൽപവസ്ത്രധാരികളായിരുന്നു. കാരണമാരാഞ്ഞ ഗാന്ധിജിക്കു മുന്നിൽ അവരുടെ ദരിദ്രജീവിതം ജോർജ് ജോസഫ് വിവരിച്ചു. ആ അറിവ് ഗാന്ധിജിയെ അസ്വസ്‌ഥനാക്കി. ആ രാത്രിക്കൊടുവിൽ ഗാന്ധിജി ഷർട്ടില്ലാതെ, മുണ്ടും മേൽമുണ്ടും മാത്രം ധരിച്ചു പുറത്തിറങ്ങി. പിന്നീട് അതായി മഹാത്മാവിന്റെ വേഷം.