റോഡരികിലെ മരം വീണ് മരണം: 29 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

Mail This Article
തൊടുപുഴ∙ പിഡബ്ല്യുഡി റോഡിന്റെ വശത്തു നിന്ന മരം ഒടിഞ്ഞുവീണു മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ദേവികുളം സബ് കോടതി വിധി. 2015 ജൂൺ 15നു നടന്ന സംഭവത്തിൽ ഓട്ടോ ഡ്രൈവർ കല്ലാർക്കരയിൽ അരക്കത്തിപ്പറമ്പിൽ ബിജു (37) മരിച്ചതിനെത്തുടർന്ന് ഭാര്യ ധന്യ നൽകിയ പരാതിയിലാണ് വിധി. ധന്യയ്ക്കും മകൾ വൈഗ, മാതാവ് ചന്ദ്ര എന്നിവർക്കായി അഭിഭാഷകരായ സി.കെ.വിദ്യാസാഗർ, പി.കെ.പ്രസന്നകുമാരി, ജോസഫ് മിഥുൻ സാഗർ എന്നിവർ ഹാജരായി. ഇടുക്കി ജില്ലാ കലക്ടർ, മൂന്നാർ ഡിഎഫ്ഒ, പിഡബ്ല്യുഡി എൻജിനീയർ എന്നിവരെ പ്രതിചേർത്ത് നഷ്ടപരിഹാരം നൽകണം എന്നാണ് വാദിച്ചത്. കേസിൽ 18.30 ലക്ഷം രൂപയും അപകടകാലം മുതലുള്ള പലിശയും നൽകാനായിരുന്നു വിധി. ഇത്തരത്തിൽ ആകെ 29 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ദേവികുളം സബ് ജഡ്ജി കെ.എ.ആന്റണി ഷെൽമാൻ വിധി പറഞ്ഞു.
കേസിലെ രണ്ടാം പ്രതിയായ കലക്ടർ ദുരന്തനിവാരണ അതോറിറ്റിയുടെ ചുമതലക്കാരനായതിനാലും മൂന്നും നാലും പ്രതികളായ ഡിഎഫ്ഒയും പിഡബ്ല്യുഡി എൻജിനീയറും അപകടസാധ്യതയുള്ള മരം വെട്ടി നീക്കം ചെയ്യാത്തത് അപകടകാരണമായതിനാലും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും ജഡ്ജി പറഞ്ഞു.