ലഹരി: പിടികൂടുന്നവരിലേറെയും ‘വയലന്റ്’; കൂടുതൽ ഡിഅഡിക്‌ഷൻ കേന്ദ്രം വേണമെന്ന് പൊലീസ്

Mail This Article
തിരുവനന്തപുരം ∙ ലഹരി കിട്ടാത്തതിനാൽ ‘വയലന്റ്’ ആകുന്ന യുവാക്കളെ ചികിത്സിക്കുന്ന ഡിഅഡിക്‌ഷൻ സെന്ററുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഓരോ ജില്ലയിലും അടിയന്തരമായി തുടങ്ങണമെന്ന് സർക്കാരിലേക്ക് പൊലീസിന്റെ ശുപാർശ നൽകി. മദ്യപാനം നിർത്തുന്നതിന്റെ ഭാഗമായി സ്വമേധയാ ചികിത്സിക്കാൻ വരുന്നതോ വീട്ടുകാരുടെ നിർബന്ധത്തിൽ ചികിത്സ തേടുന്നവർക്കോ ഉള്ളതാണ് നിലവിലുള്ള സെന്ററുകൾ. കൂടുതലും സംഘടനകൾ നടത്തുന്നതാണ്. എന്നാൽ ‘വയലന്റ്’ ആകുന്നവരെ ചികിത്സിക്കാൻ സംവിധാനങ്ങളില്ല.
പൊലീസ് പരിശോധന വർധിച്ചതോടെ, ലഹരി കിട്ടാത്തതിനാൽ ‘വിത്ഡ്രാവൽ സിൻഡ്രോമി’ന്റെ ഭാഗമായി വീട്ടിൽ ഉപദ്രവം കാട്ടുന്ന യുവാക്കളുടെ എണ്ണവും കൂടി. ലഹരിയെക്കുറിച്ച് രഹസ്യവിവരമറിയിക്കാൻ പൊലീസ് നൽകിയ നമ്പരിലേക്കു രക്ഷിതാക്കൾ വിളിച്ച് സഹായം തേടുന്നുണ്ട്. പൊലീസ് സംഘമെത്തി യുവാവിനെ പിടികൂടിയാലും എവിടേക്കു മാറ്റുമെന്നതിൽ ആശയക്കുഴപ്പമുണ്ട്.അക്രമകാരിയെങ്കിൽ ചില ഡിഅഡിക്‌ഷൻ സെന്ററുകൾ ഇവരെ സ്വീകരിക്കില്ല. 10 ദിവസത്തിനിടെ ഇത്തരത്തിൽ ‘വയലന്റായ’ 78 യുവാക്കളെയാണ് പൊലീസ് വീടുകളിൽ പോയി കീഴ്പ്പെടുത്തി ഡിഅഡിക്‌ഷൻ സെന്ററിലേക്ക് മാറ്റിയത്. 348 പേരെ കൗൺസലിങ്ങിനായി പൊലീസ് തന്നെ കൂട്ടിക്കൊണ്ടുവന്ന് സെന്ററുകളിലാക്കി.