ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം ഒന്നാം തീയതി നൽകി കെഎസ്ആർടിസി; 2020നു ശേഷം ആദ്യം

Mail This Article
തിരുവനന്തപുരം ∙ 2020നു ശേഷം ആദ്യമായി കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ ശമ്പളം നൽകി. മാർച്ചിലെ ശമ്പളമാണ് പൂർണമായും ഒന്നാം തീയതി തന്നെ നൽകിയത്. എന്നാൽ, എംപാനൽ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകാനായില്ല. ഇവർക്ക് കുടിശികയുണ്ടായിരുന്ന ഫെബ്രുവരിയിലെ പകുതി ശമ്പളമാണ് ഇന്നലെ ലഭിച്ചത്. മുൻപ്, ടോമിൻ തച്ചങ്കരി എംഡിയായപ്പോൾ 3 മാസം ശമ്പളം ഒന്നാം തീയതി തന്നെ നൽകിയിരുന്നു.
എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടും എണ്ണക്കമ്പനികൾക്ക് ഉൾപ്പെടെയുള്ള പണം തടഞ്ഞുവച്ചുമായിരുന്നു അന്ന് തുക കണ്ടെത്തിയത്. എസ്ബിഐയിൽനിന്ന് 100 കോടി രൂപ ഓവർഡ്രാഫ്റ്റായി എടുത്താണ് ശമ്പളത്തിന് ഇപ്പോൾ പണം കണ്ടെത്തുന്നത്. ജീവനക്കാരുടെ ഹിതപരിശോധന പരിഗണിച്ചാണ് അധികൃതരുടെ നടപടിയെന്നും വിലയിരുത്തലുണ്ട്. മേയ് 10നു മുൻപ് നടക്കേണ്ട ഹിതപരിശോധനയ്ക്ക് ഇന്നലെ റിട്ടേണിങ് ഓഫിസറെ ചുമതലപ്പെടുത്തി.