മുഖ്യമന്ത്രിയായി കൂടുതൽ കാലം: പിണറായി രണ്ടാം സ്ഥാനത്തേക്ക്

Mail This Article
കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രിപദം വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്തേക്ക്. നാളെ (2025 ഏപ്രിൽ 14) അദ്ദേഹം 3246 ദിവസം (8 വർഷം 10 മാസം 20 ദിവസം) മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ഒപ്പമെത്തും. 4009 ദിവസം മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരാണ് ഒന്നാം സ്ഥാനത്ത്. അദ്ദേഹം വിവിധ സമയങ്ങളിലായി 3 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
തുടര്‍ച്ചയായുള്ള മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി വിജയന്‍ സി. അച്യുതമേനോനെ (2364 ദിവസം) പിന്തള്ളി 2022 നവംബര്‍ 14ന് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കേരള രാഷ്ട്രീയചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം (17 ദിവസം) കാവല്‍ മുഖ്യമന്ത്രിയായതിന്‍റെ ബഹുമതിയും പിണറായി വിജയനാണ് (2021 മേയ് 3 – 20).
ഇതുവരെ 23 മന്ത്രിസഭകളിലായി 12 പേർ മുഖ്യമന്ത്രിമാരായി. തുടർച്ചയായി 2 മന്ത്രിസഭകൾക്കു (2016 മേയ് 25നും 2021 മേയ് 20 നും സത്യപ്രതിജ്ഞ) നേതൃത്വം നൽകിയത് പിണറായി മാത്രമാണ്. കരുണാകരൻ വിവിധ സമയങ്ങളിലായി 4 മന്ത്രിസഭകൾക്കു നേതൃത്വം നൽകി.
മുഖ്യമന്ത്രിമാരും അധികാരത്തിലിരുന്ന ദിവസങ്ങളും (മന്ത്രിസഭകളുടെ എണ്ണം ബ്രാക്കറ്റിൽ)
ഇ.കെ. നായനാർ - 4009 (3)
പിണറായി വിജയൻ - 3246* (2) (*2025 ഏപ്രിൽ 14 വരെ)
കെ. കരുണാകരൻ - 3246 (4)
സി. അച്യുതമേനോൻ - 2640 (2)
ഉമ്മൻ ചാണ്ടി - 2459 (2)
എ.കെ. ആന്റണി - 2177 (3)
വി.എസ്. അച്യുതാനന്ദൻ - 1826 (1)
ഇ.എം.എസ്. നമ്പൂതിരിപ്പാട് - 1818 (2)
പട്ടം താണുപിള്ള - 947 (1)
ആർ. ശങ്കർ - 715 (1)
പി.കെ. വാസുദേവൻ നായർ - 348 (1)
സി.എച്ച്. മുഹമ്മദ് കോയ - 54 (1)
സംസ്ഥാനം 8 ഘട്ടങ്ങളിലായി 1516 ദിവസം രാഷ്ട്രപതി ഭരണത്തിലായിരുന്നു. 1956 നവംബർ 1 (സംസ്ഥാന രൂപീകരണം) മുതൽ 2025 ഏപ്രിൽ 14 വരെ ആകെ 25001 ദിവസം.