ADVERTISEMENT

കൊച്ചി ∙ വരാപ്പുഴ അതിരൂപതയുടെ ആദ്യ തദ്ദേശീയ മെത്രാപ്പോലീത്തയായ ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.

വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമാണിത്. ആർച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ മാതൃ ഇടവകയായ ഓച്ചന്തുരുത്ത് കുരിശിങ്കൽ പള്ളിയിൽ നിന്ന് ദീപശിഖാ പ്രയാണം വൈകിട്ട് കത്തീഡ്രലിൽ എത്തിച്ചേർന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. എട്ടു മെത്രാന്മാർ അടക്കം ഡോ. അട്ടിപ്പേറ്റിയുമായി നേരിട്ട് ബന്ധപ്പെട്ട 40 സാക്ഷികളിൽ നിന്ന് മൊഴിയെടുത്ത് സമർപ്പിച്ച പ്രാരംഭ പഠനരേഖകളുടെ അടിസ്ഥാനത്തിലാണ് നാമകരണനടപടികൾ തുടങ്ങാൻ വത്തിക്കാൻ അനുമതി നൽകിയത്. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ അൾത്താരയ്ക്കു താഴെ ദൈവദാസന്റെ ചിത്രം അനാച്ഛാദനം ചെയ്തു.

ദുർഘടപാതയിലെ ത്യാഗസഞ്ചാരം

ഇപ്പോൾ കൊച്ചിയെന്ന് അറിയപ്പെടുന്ന എറണാകുളം പിന്നാക്കാവസ്ഥയിൽ ആയിരുന്ന കാലത്തു വിളക്കുതെളിച്ചു മുന്നേറിയ ആചാര്യനാണ് ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി. ദുർഘടപാതയിലൂടെ അദ്ദേഹം ത്യാഗപൂർവം മുന്നേറിയപ്പോൾ അനുഗ്രഹത്തിന്റെ വെളിച്ചം ലഭിച്ചതു പിൻതലമുറകൾക്ക്. ആർച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പ്രവർത്തനങ്ങൾ അനുഗ്രഹമായതു വരാപ്പുഴ അതിരൂപതയ്ക്കും അംഗങ്ങൾക്കും മാത്രമായിരുന്നില്ല. പിന്നീടു വിശാലകൊച്ചിയായി മാറിയ എറണാകുളത്തെ എല്ലാ ജാതി–മത വിശ്വാസികൾക്കും വിശ്വാസികളല്ലാത്തവർക്കുമായിരുന്നു. എറണാകുളത്തിന്റെ ഉപഗ്രഹമേഖലകൾക്കും ഡോ. അട്ടിപ്പേറ്റിയുടെ നന്മയുടെ വെളിച്ചം ലഭിച്ചു.

ഇന്നത്തെ കോട്ടപ്പുറം രൂപതയും അന്നു വരാപ്പുഴ അതിരൂപതയുടെ ഭാഗമായിരുന്നു. അവിടെയും ക്ഷേമപ്രവർത്തനങ്ങളുടെ കാറ്റുവീശാൻ തുടങ്ങി. 1934ൽ വരാപ്പുഴയുടെ സാരഥ്യമേറ്റെടുത്ത ആർച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ ദീർഘവീക്ഷണത്തിന്റെ ഫലങ്ങളാണ് ഇന്നു കൊച്ചി നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന സെന്റ് ആൽബർട്സ് ഓട്ടോണമസ് കോളജ്, കളമശേരി സെന്റ് പോൾസ് കോളജ്, ആയിരക്കണക്കിനു യുവാക്കൾക്കു തൊഴിൽ പരിശീലനം നൽകുന്ന കളമശേരി ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ.

Arch Bishop Dr Joseph Attipetty naming Servant of God function
ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിച്ച ചടങ്ങിൽ നിന്ന്. ചിത്രം – മനോരമ.

ഇന്നു കാക്കനാട്ട് അട്ടിപ്പേറ്റി നഗറിൽ ആയിരക്കണക്കിനു വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയവും നഴ്സിങ് കോളജും അനുബന്ധ സ്ഥാപനങ്ങളുമുണ്ട്. അന്ന് അദ്ദേഹം മുൻകയ്യെടുത്തു വാങ്ങിയതാണ് ഇന്നത്തെ അട്ടിപ്പേറ്റി നഗർ. ആതുര ശുശ്രൂഷാ രംഗത്തുമുണ്ട് ആർച്ച്ബിഷപ്പിന്റെ മുദ്ര. പച്ചാളത്തെ ലൂർദ് ആശുപത്രി തുടങ്ങിയത് അദ്ദേഹമാണ്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ നിർധനർക്കു ചികിത്സ ലഭ്യമാക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു ലൂർദിന്റെ തുടക്കം.

തുരുത്തിപ്പുറം ആർച്ച്ബിഷപ് അട്ടിപ്പേറ്റി ജൂബിലി സ്മാരക ആശുപത്രി, മരട് പിഎസ് മിഷൻ ആശുപത്രി എന്നിവയും അദ്ദേഹത്തിന്റെ ആശിർവാദത്തിൽ ഉയർന്നുവന്ന സ്ഥാപനങ്ങളാണ്. സാമൂഹിക പ്രതിബദ്ധതയുടെ അടയാളമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നൂറുകണക്കിനു കുടുംബങ്ങൾക്ക് ആശ്രയമാണ്. ആർച്ച്ബിഷപ് അട്ടിപ്പേറ്റിതന്നെ അതിന്റെ തുടക്കക്കാരൻ. വയോധികരോടുള്ള അദ്ദേഹത്തിന്റെ വാത്സല്യത്തിന്റെയും ആദരവിന്റെയും പ്രതീകങ്ങളായി ഭവനങ്ങളുണ്ട്. സമർപ്പിതരുടെ ഒട്ടേറെ ഭവനങ്ങൾക്ക് അദ്ദേഹം ഇടംനൽകി. കേരള ടൈംസ് ദിനപത്രത്തിന്റെ ശിൽപിയും അദ്ദേഹമാണ്.

ആപ്തവാക്യം സേവനം – ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

അസാധാരണമാംവിധം അജപാലനം നടത്തിയാണ് ആർച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ജനമനസ്സുകളിൽ നിറഞ്ഞത്. 37 വർഷം വരാപ്പുഴ മെത്രാപ്പോലീത്ത പദവിയിൽ സേവനം. സേവനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. അന്നത്തെ അതിവിശാലമായ വരാപ്പുഴ അതിരൂപതയിലെ എല്ലാ കുടുംബങ്ങളും സന്ദർശിച്ച ആർച്ച്ബിഷപ്. അചിന്തനീയമായ രീതിയിൽ അതിരൂപതയുടെ ഐക്യവും കെട്ടുറപ്പും അദ്ദേഹം പതിന്മടങ്ങു വർധിപ്പിച്ചു. അതെ, വരാപ്പുഴ അതിരൂപതയുടെ നൂതന ശിൽപി അദ്ദേഹം തന്നെ. പാവങ്ങളോടും നിരാലംബരോടുമുള്ള അഭിവന്ദ്യ പിതാവിന്റെ കരുണാമസൃണമായ അനുകമ്പയ്ക്ക് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എറണാകുളത്ത് വയോധികർക്കായി അദ്ദേഹം സ്ഥാപിച്ച ഹൗസ് ഓഫ് പ്രൊവിഡൻസാണ്.

തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും ദിവസവും കുർബാനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും ധ്യാനത്തിനും വ്യക്തിപരമായ പ്രാർഥനയ്ക്കും ജപമാലയ്ക്കുമായി അദ്ദേഹം മണിക്കൂറുകൾ നീക്കിവച്ചിരുന്നു. ആത്മീയതയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള ഇന്ധനം.പുലർച്ചെ മൂന്നരയ്ക്ക് അദ്ദേഹത്തിന്റെ ദിനങ്ങൾ ആരംഭിക്കുമായിരുന്നു. 4.45ന് കുർബാനയോടെ ദൈനംദിന കർത്തവ്യങ്ങളിലേക്കു കടക്കും. രാത്രി വൈകുംവരെ വിശ്രമമില്ലാത്ത ജോലി. ചിട്ടയായ ജീവിതം അതിനു വേഗവും കരുത്തും നൽകി. ചിട്ടയായ പ്രാർഥനാജീവിതം ഒട്ടേറെപ്പേർക്ക് ശക്തമായ പ്രചോദനമായി. മരിയഭക്തി പിതാവിന്റെ ആധ്യാത്മികതയുടെ പ്രത്യേകം എടുത്തുപറയേണ്ട ഭാഗം തന്നെയാണ്. എല്ലാ വെള്ളിയാഴ്ചകളിലും നോമ്പു കാലങ്ങളിൽ ഞായർ ഒഴികെയുള്ള ദിനങ്ങളിലും അട്ടിപ്പേറ്റി പിതാവ് ഉപവസിക്കുമായിരുന്നു.

വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പൊലീത്തയായ ഡോ. ജോസഫ് അട്ടിപ്പേറ്റി ദിവംഗതനായിട്ട് ഇന്ന് 50 വർഷം തികയുകയാണ്. ഈ ദിവസം തന്നെ അദ്ദേഹം ദൈവദാസ പദവിയിലേക്ക് ഉയർത്തപ്പെടുന്നു എന്നത് ദൈവാനുഗ്രഹമായി കരുതുന്നു. 1970 ജനുവരിയിൽ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ സമ്മേളനം എറണാകുളത്തു നടക്കുകയായിരുന്നു. ബിഷപ്പുമാർക്ക് ജോസഫ് അട്ടിപ്പേറ്റി പിതാവ് ആതിഥ്യമരുളി. ആ ബിഷപ്സ് കോൺഫറൻസിന്റെ അവസാന ദിവസങ്ങളിൽ അത്യന്തം ജോലിത്തിരക്കുകൾക്കിടയിൽ ആർച്ച്ബിഷപ് പനി ബാധിച്ചു കിടപ്പിലായി. ജീവിതത്തിന്റെ അവസാനത്തെ 10 ദിവസം അബോധാവസ്ഥയിൽ ലൂർദ് ആശുപത്രിയിൽ ആയിരുന്നു. രോഗീലേപനം സ്വീകരിച്ച് 1970 ജനുവരി 21നു രാത്രി 9.30ന് വിടപറഞ്ഞു.

English Summary: Archbishop Joseph Attipetty proclaimed Servant of God

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com