നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാർ അന്തരിച്ചു
Mail This Article
തൃശൂർ ∙ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇ. ഹരികുമാർ (77) അന്തരിച്ചു. തിങ്കളാഴ്ച അർധരാത്രിയോടെ തൃശൂരിലായിരുന്നു അന്ത്യം. കവി ഇടശ്ശേരി ഗോവിന്ദൻനായരുടെ മകനാണ്. ദിനോസറിന്റെ കുട്ടി എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. കംപ്യൂട്ടർ ടൈപ്പ് സെറ്റിങ്, പുസ്തക പ്രസിദ്ധീകരണ മേഖലകളിൽ പ്രവർത്തിക്കുകയായിരുന്നു.
ഇടശ്ശേരിയുടെയും ഇ. ജാനകിയമ്മയുടെയും മകനായി 1943 ജൂലൈ 13 ന് പൊന്നാനിയിലാണ് ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കൽക്കട്ട സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസത്തിനു ശേഷം കൽക്കട്ട, ഡൽഹി, ബോംബെ എന്നീ നഗരങ്ങളിൽ ജോലി ചെയ്തു.
1962 ൽ പ്രസിദ്ധീകരിച്ച ‘മഴയുള്ള രാത്രിയിൽ’ ആണ് ആദ്യ കഥ. നോവലുകളും ചെറുകഥകളും ഓർമക്കുറിപ്പുകളുമടക്കം ശ്രദ്ധേയ രചനകൾ ഹരികുമാറിന്റേതായുണ്ട്. ‘പച്ചപ്പയ്യിനെ പിടിക്കാൻ’ എന്ന കഥയ്ക്ക് പത്മരാജൻ പുരസ്കാരവും ‘സൂക്ഷിച്ചു വെച്ച മയിൽപീലി’ എന്ന കഥയ്ക്ക് നാലപ്പാടൻ പുരസ്കാരവും ശ്രീ പാർവതിയുടെ പാദം എന്ന കഥയ്ക്ക് കേരള ചലച്ചിത്ര അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1998 മുതൽ 2004 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
ഉറങ്ങുന്ന സർപ്പങ്ങൾ, ആസക്തിയുടെ അഗ്നിനാളങ്ങൾ, ഒരു കുടുംബപുരാണം, എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി, തടാകതീരത്ത്, ദിനോസറിന്റെ കുട്ടി, മഴയുള്ള രാത്രിയിൽ, വൃഷഭത്തിന്റെ കണ്ണ്, പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ, കൊച്ചമ്പ്രാട്ടി, ശ്രീ പാർവതിയുടെ പാദം, സൂക്ഷിച്ചു വെച്ച മയിൽപീലി, പച്ചപ്പയ്യിനെ പിടിക്കാൻ തുടങ്ങിയവയാണ് പ്രധാന രചനകൾ.
English Summary: Writer E Harikumar passes away