മഠത്തിലെ കിണറ്റില്‍ സന്യസ്ത വിദ്യാര്‍ഥിനി മരിച്ച നിലയില്‍; പൊലീസ് പരിശോധന നടത്തി

Mail This Article
തിരുവല്ല ∙ പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് കോൺവന്റിലെ സന്യസ്ഥ വിദ്യാർഥിനിയെ മഠത്തിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചുങ്കപ്പാറ സ്വദേശിനി ദിവ്യ പി.ജോൺ (21) ആണ് മരിച്ചത്. സിആർപിഎഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ ചുങ്കപ്പാറ തടത്തേൽമലയിൽ പള്ളിക്കാപറമ്പിൽ ജോൺ ഫിലിപ്പോസിന്റെയും കൊച്ചുമോളുടെയും മകളാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം. വലിയ ശബ്ദം കേട്ട് തിരച്ചിൽ നടത്തിയ അന്തേവാസികളാണ് ദിവ്യയെ മഠത്തിന്റെ കെട്ടിടത്തോടു ചേർന്നുള്ള കിണറ്റിൽ വീണ നിലയിൽ കണ്ടത്. ഉടനെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് ദിവ്യയെ കിണറ്റിൽ നിന്ന് രക്ഷിച്ച് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മരണകാരണം വ്യക്തമല്ല.
കിണറ്റിൽനിന്നു വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും അന്വേഷിക്കുന്നു. മഠത്തിൽ ദിവ്യയുമായി ബന്ധപ്പെട്ടു മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്തേവാസികൾ പറഞ്ഞു. ചെടി നനയ്ക്കുന്നതിനും മറ്റുമായി വെള്ളം കോരുന്നതു പതിവായിരുന്നു.
തിരുവല്ല ഡിവൈഎസ്പി ജെ.ഉമേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി. അന്തേവാസികളിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുവർഷമായി മഠത്തിലുണ്ടായിരുന്നു. സഹോദരങ്ങൾ: ഡീന,ഡയാന.
English Summary: Student found dead in well at at convent in Thiruvalla