രാജാവിന്റെ മെഡിക്കൽ കോളജ്, ഡച്ചുകാരുടെ ‘മരുന്നുകട്ടിൽ’, ദുർബലം ബ്രിട്ടിഷ് മലബാർ
Mail This Article
1811-ലാണ് തിരുവിതാംകൂറിൽ അലോപ്പതി ചികിത്സാസമ്പ്രദായത്തിന് തുടക്കം കുറിച്ചത്. വസൂരി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ പ്രതിരോധങ്ങൾക്കായി അലോപ്പതി ചികിത്സയെ ആശ്രയിച്ച തിരുവിതാംകൂർ, ആ ചികിത്സാരീതിയ്ക്ക് ആരോഗ്യസേവനമേഖലയിലുള്ള പ്രാധാന്യം മനസിലാക്കി 1819-ൽ പൊതുജനങ്ങൾക്കുള്ള ചികിത്സക്കായി ആദ്യത്തെ അലോപ്പതി ഡിസ്‌പെൻസറി തിരുവനന്തപുരത്ത് തൈക്കാട് എന്ന സ്ഥലത്ത് അന്നത്തെ രാജ്ഞിയായിരുന്ന റാണി ഗൗരി പാർവതി ഭായി ആരംഭിച്ചു.
ഈ ഡിസ്‌പെൻസറി പൊതുജനങ്ങളുടെ ആവശ്യാർഥം പിന്നീട് വികസിപ്പിച്ചു. 1837-ൽ സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്ത് രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപത്രിയായി തൈക്കാട് ഡിസ്‌പെൻസറി മാറി. മഹാരാജാവിന്റെ സഹോദരൻ ഉത്രം തിരുനാൾ ഈ ആശുപത്രിയിലെ ഡോക്ടർമാരിൽ ഒരാളായിരുന്നു.
1864-ൽ ആണ് തിരുവിതാംകൂറിലെ ആദ്യ സിവിൽ ആശുപത്രി ആരംഭിക്കുന്നത്. ജനത്തിനു കൂടുതൽ ആധുനിക ചികിത്സ നൽകുക എന്ന ലക്ഷ്യമായിരുന്നു ഈ ആശുപത്രി നിർമ്മാണത്തിന് പിന്നിൽ. അക്കാലത്ത് പാശ്ചാത്യനാടുകളിൽ ലഭ്യമായിരുന്ന ഏകദേശം എല്ലാ മരുന്നുകളും സിവിൽ ആശുപത്രിയിലും ഉണ്ടാകണമെന്ന് അധികൃതർ ആശുപത്രി തുടങ്ങിയ അവസരത്തിൽത്തന്നെ നിഷ്കർശിച്ചിരുന്നു. ഈ സിവിൽ ആശുപത്രിയാണ് പിൽക്കാലത്ത് ജനറൽ ആശുപത്രിയായി അറിയപ്പെട്ടത്.
നാടു നിറഞ്ഞ അലോപ്പതി ആശുപത്രികൾ
പാരമ്പര്യ ചികിത്സയുടെ കാലത്തുപോലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുജനത്തിനു ചികിത്സ ലഭിക്കണം എന്ന ചിന്താഗതി രാജകുടുംബത്തിനുണ്ടായിരുന്നു. തിരുവിതാംകൂറിന്റെ വിദൂര ഭാഗങ്ങളിൽപ്പോലും അന്ന് ആയുർവേദ, സിദ്ധ, യുനാനി ചികിത്സാലയങ്ങൾ ആരംഭിച്ചിരുന്നു. അലോപ്പതിയുടെ കാര്യത്തിലും ആ പാത തന്നെ തിരുവിതാംകൂർ പിന്തുടർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിവിധ ആവശ്യങ്ങൾക്കായുള്ള ആശുപത്രികൾ അധികൃതർ സജ്ജമാക്കി. 1866-ൽ കോട്ടയത്തും ആലപ്പുഴയിലും തിരുവനന്തപുരം മാതൃകയിൽ ജില്ലാ ആശുപത്രികൾ നിലവിൽ വന്നു.
1903 ൽ മാനസികാരോഗ്യ ആശുപത്രിയും
രാജ്യത്തെ കുഷ്ഠരോഗികൾ അനുഭവിക്കുന്ന അവഗണന ഉൾക്കൊണ്ടുകൊണ്ട് അവരുടെ ചികിത്സക്കും താമസത്തിനുമായി തിരുവനന്തപുരത്തെ ഊളൻപാറയിൽ കുഷ്ഠരോഗാശുപത്രി 1896-ൽ സ്ഥാപിച്ചു. മാനസികരോഗികൾക്കു മികച്ച പരിചരണം ലഭിക്കുന്നതിനായും ഊളൻപാറയിൽ 1903-ൽ ആശുപത്രി തുറന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിചരണം ആവശ്യമാണെന്ന് മനസിലാക്കി തൈക്കാട് അവർക്കായി ആശുപത്രി ആരംഭിച്ചു. നേത്ര ചികിത്സയിൽ അലോപ്പതി ചികിത്സയുടെ പ്രാധാന്യം മനസ്സിലായതോടെ തിരുവനന്തപുരത്തു കണ്ണാശുപത്രിയും സ്ഥാപിച്ചു.
രാജാവ് തുറന്ന മെഡിക്കൽ കോളജ്
1947-ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചശേഷം ഐക്യകേരളം രൂപം കൊള്ളുന്നതിന് മുൻപായി തിരുവിതാംകൂർ രാജാവ് ശ്രീ ചിത്തിരതിരുനാൾ തനിക്ക് അവസാനമായി ലഭിച്ച സമയപരിധിക്കുള്ളിൽനിന്നുകൊണ്ട് ആരോഗ്യമേഖലക്ക് ആവുന്നത്ര സഹായം ചെയ്തു. 1951-ൽ തിരുവനന്തപുരത്ത് ആദ്യത്തെ മെഡിക്കൽ കോളേജ് ആരംഭിച്ചത് ശ്രീ ചിത്തിരതിരുനാൾ മഹാരാജാവാണ്.
ഭക്ഷ്യവസ്തുക്കളുടെ സംഘടിത വിപണനം വ്യാപകമായ ഘട്ടത്തിൽ പൊതുജനാരോഗ്യത്തെയും, ഭക്ഷ്യസുരക്ഷയെയും മുൻനിർത്തി ഭക്ഷണത്തിന് മായം ചേർക്കുന്നതിനെതിരെയുള്ള നിയമം 1954-ൽ തിരുവിതാംകൂറിൽ പ്രാബല്യത്തിൽ വരുത്തി. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് മികച്ച പരിശീലനം ലഭിക്കുന്നതിനായി അവരിൽ പലരെയും വിദേശത്ത് അയച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്ന മികച്ച ആതുരാലയമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജ് സ്ഥാപിച്ചത്.
അന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്ന മെഡിക്കൽ കോളേജുകളിൽ ഒന്നായിരുന്നു തിരുവനന്തപുരത്തേത്. 1955-ൽ നടപ്പിൽ വരുത്തിയ സമഗ്രപൊതുജന ആരോഗ്യനിയമം സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരും എല്ലാ പ്രായത്തിൽപ്പെട്ടവരുമായ ആൾക്കാർക്ക് ലിംഗഭേദമന്യേ സമ്പൂർണ്ണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുവാനുള്ളതായിരുന്നു. നഗരഗ്രാമീണ ജനങ്ങൾ, സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന ജനങ്ങൾ, വൃദ്ധജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി സമൂഹത്തിലെ ഓരോ പൗരനും ഏത് ആരോഗ്യ പ്രതിസന്ധിഘട്ടത്തിലും ചികിത്സ ലഭിക്കാനുള്ളതായിരുന്നു ഈ നിയമം.
തിരുവിതാംകൂറിൽ രാജഭരണം പൂർണ്ണമായും അവസാനിക്കുമ്പോൾ ഇന്ത്യ പാഠമാക്കേണ്ട മികച്ച നിലവാരത്തിലുള്ള ആരോഗ്യ മാതൃകയായി ആ രാജ്യം മാറിക്കഴിഞ്ഞിരുന്നു. പതിറ്റാണ്ടുകളായി നടത്തിയ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളിലൂടെ ജനസംഖ്യനിയന്ത്രണം, കുറഞ്ഞ മരണസംഖ്യ, മാതൃ ശിശു മരണനിരക്കിലെ വലിയ കുറവ്, മരുന്നുകളുടെ വിപണനം, ആരോഗ്യ വിദ്യാഭ്യാസം എന്നിവയെല്ലാം ആർജ്ജിച്ചെടുത്ത ഇന്ത്യയിലെ അപൂർവ്വ നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ. തിരുവിതാംകൂറിന്റെയത്ര വിപുലമായ തോതിലല്ലെങ്കിൽപ്പോലും കൊച്ചിയിലും രാജഭരണ കാലയളവിൽ ആരോഗ്യമേഖലയ്ക് പ്രാധാന്യം നൽകിയിരുന്നു.
ആരോഗ്യത്തിന്റെ ‘കൊച്ചി മോഡൽ’
രാജഭരണക്കാലത്ത് പാരമ്പര്യ ചികിത്സക്ക് പ്രാധാന്യം നൽകിയിരുന്ന കൊച്ചി നാട്ടുരാജ്യത്ത് ആധുനിക ചികിത്സ സമ്പ്രദായത്തിനു തുടക്കമിടുന്നത് ഡച്ചുകാരുടെ വരവോടെയാണ്. അലോപ്പതി ചികിത്സ സമ്പ്രദായം കൊച്ചിയിൽ വ്യാപകമായി നടപ്പിൽ വരുത്തിയതോടൊപ്പം കേരളത്തിലെ പാരമ്പര്യ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും അവർ നിരന്തരം പഠനവിധേയമാക്കി.
ഔഷധസസ്യങ്ങളുടെ ഗുണമേന്മ മനസ്സിലാക്കിയ ഡച്ചുകാർ അവയെ ലോകത്തിനു പരിചയപ്പെടുത്തുന്നതിന്റെ ആവശ്യകത മനസ്സിലാക്കി സസ്യങ്ങളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥശേഖരം തയ്യാറാക്കുവാൻ തീരുമാനിച്ചു. അങ്ങനെ നമ്മുടെ സസ്യ സമ്പത്തിനെപ്പറ്റിയുള്ള ബ്രഹത്ഗ്രന്ഥമായ 'ഹോർത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥസമുച്ചയം പിറവിയെടുത്തു. 1678-നും 1703-നും ഇടയിലായി പന്ത്രണ്ട് വാല്യങ്ങളായാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാള ലിപിയിൽ ആദ്യമായി അച്ചടിമഷി പുരണ്ടതും ഈ പുസ്തകത്തിന്റെ അച്ചടിയിലായിരുന്നു എന്ന വാദവും ഈ പുസ്തകവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട്.
ആരോഗ്യത്തിലെ ഡച്ച് ബന്ധം, ‘മരുന്നുകട്ടിൽ’
ഡച്ചുകാർ മറ്റ് അധിനിവേശക്കാരെ അപേക്ഷിച്ച് മാന്യന്മാരും തദ്ദേശീയരുമായി ഇണങ്ങിപ്പോരുന്നവരും ആയിരുന്നു. ഇവിടെ നിലനിന്നിരുന്ന പാരമ്പര്യ ചികിത്സ സ്വായത്തമാക്കിയ ഡച്ച് ഭരണാധികാരികൾ സ്വന്തം സൈനികരെയും ഉദ്യോഗസ്ഥരെയും പാരമ്പര്യ മരുന്നുകൾ ഉപയോഗിക്കുവാൻ പ്രേരിപ്പിച്ചിരുന്നു. തദ്ദേശീയമായ ഔഷധങ്ങളും സസ്യങ്ങളും ചേർത്ത് നിർമ്മിച്ച് ഡച്ചുകാർ തിരുവിതാംകൂർ രാജാവായ മാർത്താണ്ഡവർമ്മയ്ക്ക് കാഴ്ചവച്ച 'മരുന്നുകട്ടിൽ' പദ്മനാഭപുരം കൊട്ടാരത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
തദ്ദേശീയമായ പാരമ്പര്യ മരുന്നുകളെ സ്വാംശീകരിക്കുന്നതിനോടൊപ്പം അലോപ്പതി ചികിത്സയുടെ ആശുപത്രികളും ഡച്ചുകാർ കൊച്ചിയിൽ സ്ഥാപിച്ചു. 1728-ൽ പള്ളിപ്പുറത്ത് ഇവർ സ്ഥാപിച്ച കുഷ്ഠരോഗാശുപത്രി കേരളത്തിലെ തന്നെ ആദ്യത്തെ ആധുനിക ആശുപത്രിയായി കണക്കാക്കപ്പെടുന്നു.
ഡച്ച് അധിനിവേശകാലത്ത് കുഷ്ഠരോഗമായിരുന്നു കൊച്ചിയെ പിടിച്ചുകുലുക്കിയ മഹാമാരി. പാരമ്പര്യ ചികിത്സകൊണ്ട് മാത്രം കുഷ്ഠരോഗം മാറില്ലെന്ന് മനസ്സിലാക്കിയ ഡച്ചുകാർ ആധുനിക വൈദ്യശാസ്ത്രത്തെയും പാരമ്പര്യ ചികിത്സാ സമ്പ്രദായത്തെയും സംയോജിപ്പിച്ചുകൊണ്ടുള്ള ചികിത്സാ സമ്പ്രദായം നടപ്പിലാക്കുവാൻ തീരുമാനിച്ചു. തുടർന്ന് ഗൃഹ സന്ദർശനങ്ങളിലൂടെ രോഗികളെ കണ്ടെത്തുകയും രോഗികളായവരെ കുഷ്ഠരോഗാശുപത്രിയിലേയ്ക്ക് മാറ്റിപ്പാർപ്പിക്കുകയും പ്രതിരോധ ചികിത്സ നിരന്തരം നൽകുകയും ചെയ്തു.
കുഷ്ഠരോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേക ഭരണസമിതിയും, പ്രവർത്തനങ്ങൾക്കായി വർഷാവർഷം വലിയൊരു സംഖ്യ മാറ്റിവയ്ക്കുകയും ചെയ്തു. ഡച്ചുഭരണാധികാരികൾ അവസരോചിതമായി നടത്തിയ ഇത്തരം പ്രവർത്തനങ്ങൾ കൊച്ചിയിൽ നിയന്ത്രണാതീതമായി വ്യാപിച്ചുകൊണ്ടിരുന്ന കുഷ്ഠരോഗത്തെ തടഞ്ഞു നിർത്തുവാൻ ഏറെ സഹായിച്ചു. 1795-ൽ കൊച്ചിയിലെ ഡച്ച് മേൽക്കോയ്മ അവസാനിച്ചുവെങ്കിലും തുടർന്ന് കൊച്ചി ബ്രിട്ടിഷുകാർക്ക് കപ്പം കൊടുക്കുന്ന രാജ്യമായി മാറി.
രാമവർമ തുടങ്ങിയ ജനറൽ ആശുപത്രി
ഡച്ചുകാർ നടപ്പിൽ വരുത്തിയ ആരോഗ്യപരിപാലനപ്രവർത്തനങ്ങൾ അവർ കൊച്ചിയിൽ നിന്നും പിന്മാറിയ ശേഷവും രാജഭരണകൂടം പിന്തുടർന്നു.1845-ൽ രാമവർമ തമ്പുരാന്റെ ഭരണകാലത്താണ് എറണാകുളത്ത് എല്ലാവിധ സൗകര്യങ്ങളുമുള്ള ജനറൽ ആശുപത്രി സ്ഥാപിക്കുന്നത്. ആധുനിക ചികിത്സാലയങ്ങളുടെ ആവശ്യകതയെക്കുറിച്ച് രാജകുടുംബത്തിന് വ്യക്തമായ ദിശാബോധം ഉണ്ടായിരുന്നു. 1875-ൽ തൃശ്ശൂരിൽ സ്ഥാപിച്ച ആധുനിക പാശ്ചാത്യ മാതൃകയിലുള്ള ആശുപത്രി തന്നെയാണിതിന്റെ മികച്ച ഉദാഹരണം. 1885-ൽ ചിറ്റൂരിൽ ആശുപത്രി സ്ഥാപിച്ചു. 1888-ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ആശുപത്രികളാണ് അധികൃതർ പടുത്തുയർത്തിയത്. തൃപ്പൂണിത്തുറയിലും ഇരിങ്ങാലക്കുടയിലും മട്ടാഞ്ചേരിയിലുമായിരുന്നു ഈ ആശുപത്രികൾ.
ആരോഗ്യത്തിൽ പിന്നാക്കം മലബാർ
ബ്രിട്ടിഷ് പ്രവിശ്യയുടെ ഭാഗമായിരുന്ന കോഴിക്കോട്ട് 1845-ൽ ജനറൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. തുടർന്ന് പാലക്കാട്ട് ആശുപത്രിയും പ്രവർത്തനം ആരംഭിച്ചു. മാനന്തവാടി, കണ്ണൂർ, പൊന്നാനി, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ബ്രിട്ടന്റെ പ്രവിശ്യ ഭരണകൂടം ആശുപത്രികൾ സ്ഥാപിച്ചു. തിരുവിതാംകൂറുമായും കൊച്ചിയുമായും താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടിഷ് മലബാറിലെ ആരോഗ്യ പരിപാലന രംഗത്ത് ജനകീയ പങ്കാളിത്തം കുറവായിരുന്നു എന്ന പരാമർശങ്ങൾ അക്കാലത്തുതന്നെ ഉയർന്നുവന്നിട്ടുണ്ട്.
ബ്രിട്ടിഷ് ഭരണകൂടത്തിനും ജനത്തിനുമിടയിൽ നിലനിന്ന അസ്വാരസ്യങ്ങൾ തന്നെയാകണം ഇതിന്റെ കാരണം. ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്കും സൈനികർക്കും അവരെ പിന്തുണയ്ക്കുന്നവർക്കും സംരക്ഷണം നൽകുന്ന നയത്തിൽ അധിഷ്ഠിതമായ ഒരു ഭരണ വ്യവസ്ഥ അവിടെ നിലനിന്നിരുന്നതായും പറയപ്പെടുന്നുണ്ട്. അതിന്റെ അനന്തരഫലങ്ങൾ ആരോഗ്യപരിപാലനരംഗത്തും പ്രതിഫലിച്ചിരുന്നേക്കാം.
തിരുവിതാംകൂറിലും കൊച്ചിയിലും ഉണ്ടായിരുന്ന ജനക്ഷേമ പദ്ധതി പ്രവർത്തനങ്ങൾക്ക് മലബാറിൽ പരിധികളുണ്ടായിരുന്നു. സമ്പത്ത് കൊള്ളയടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി മാത്രം വികസന പ്രവർത്തനങ്ങൾ നടത്തിയ ബ്രിട്ടിഷുകാർക്ക് നാട്ടുരാജാക്കന്മാർ പ്രജകളോട് കാണിച്ച സ്നേഹവും കരുതലും ഉണ്ടായിരുന്നില്ല. അതിന്റെ അനന്തര ഫലമായി മറ്റ് രണ്ട് നാട്ടുരാജ്യങ്ങളെയുമപേക്ഷിച്ച് ആരോഗ്യപരിപാലനമുൾപ്പെടെയുള്ള ജനക്ഷേമ മേഖലകളിൽ മലബാർ ഏറെ പിന്നോക്ക അവസ്ഥയിലായി.
Health Series Part 1 - കൊറോണയും ആരോഗ്യ കേരളവും; മികവിന്റെ കേരള മോഡൽ, തുടക്കം വസൂരിബാധയിൽ...
(തുടരും – ജനാധിപത്യച്ചുവട്; ആരോഗ്യം ഉറപ്പിച്ച് കേരളം; ‘ഗൾഫ് മണി’യിൽ ഉണർന്ന് സ്വകാര്യമേഖല)